ഭാര്യ ദേഷ്യത്തിലാണ്, ലീവ് വേണം; അവധി തേടിയുള്ള യുപി പൊലീസുകാരന്‍റെ അപേക്ഷ വൈറല്‍
മഹാരാജ്‍ഗഞ്ച് ജില്ലയിലെ നൗതൻവ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ഗൗരവ് ചൗധരിയുടെ അവധിക്കത്താണ് വൈറലായത്
ഗൗരവ് ചൗധരി
മഹാരാജ്‍ഗഞ്ച്: അവധിക്ക് അപേക്ഷിക്കുമ്പോള്‍ കാരണം ബോധിപ്പിക്കുക എന്നത് സ്വാഭാവികമാണ്. പലര്‍ക്കും പല കാരണങ്ങളുണ്ടാകാം. എന്നാല്‍ ഉത്തര്‍പ്രദേശിലുള്ള ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ അവധിക്കുള്ള അപേക്ഷയില്‍ വച്ച കാരണം കുറച്ചു വ്യത്യസ്തമായിരുന്നു. അതങ്ങ് സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയും ചെയ്തു.
മഹാരാജ്‍ഗഞ്ച് ജില്ലയിലെ നൗതൻവ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ഗൗരവ് ചൗധരിയുടെ അവധിക്കത്താണ് വൈറലായത്. കഴിഞ്ഞ മാസമായിരുന്നു ഇയാളുടെ വിവാഹം. മൗ ജില്ലയിലെ താമസക്കാരനും ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ പിആർബിയിൽ നിയമിതനുമാണ് നവവരനായ പൊലീസുകാരന്‍. ലീവ് കിട്ടാത്തതിനാല്‍ ഭാര്യ തന്നോടു മിണ്ടുന്നില്ലെന്നും ഫോണെടുക്കുന്നില്ലെന്നും ദേഷ്യത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍സ്റ്റബിള്‍ അവധിക്ക് അപേക്ഷിച്ചത്. അഞ്ചു ദിവസത്തെക്കാണ് അവധി ചോദിച്ചിരിക്കുന്നത്. താന്‍ ഭാര്യയെ പലതവണ വിളിച്ചെങ്കിലും ഫോണ്‍ അമ്മയ്ക്ക് കൈമാറിയെന്നും കത്തില്‍ പറയുന്നു.
തന്‍റെ സഹോദരപുത്രന്‍റെ ജന്മദിനത്തിന് വീട്ടിലേക്ക് വരാമെന്ന് ഭാര്യക്ക് വാക്ക് നൽകിയിട്ടുണ്ട്. പക്ഷെ ലീവ് കിട്ടാതെ വീട്ടില്‍ പോകാന്‍ കഴിയില്ല. അപേക്ഷ പരിഗണിച്ച അസിസ്റ്റന്‍റ് സൂപ്രണ്ട് ജനുവരി 10 മുതൽ ഗൗരവിന് അഞ്ച് ദിവസത്തെ കാഷ്വൽ ലീവ് അനുവദിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് അവധിയെടുക്കാന്‍ അനുവാദമുണ്ടെന്നും എന്നാൽ ലീവുകൾ മൂലം ജോലി തടസപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും എ.എസ്.പി പറഞ്ഞു.
Adjust Story Font
16