Quantcast

ഛത്തീസ്ഗഢിൽ കോൺഗ്രസ് നില മെച്ചപ്പെടുത്തുമോ; ബി.ജെ.പി വിജയം ആവർത്തിക്കുമോ

വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ഇൻഡ്യ മുന്നണിയുടെ പിൻബലത്തോടെ നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും

MediaOne Logo
ഛത്തീസ്ഗഢിൽ കോൺഗ്രസ് നില മെച്ചപ്പെടുത്തുമോ;   ബി.ജെ.പി വിജയം ആവർത്തിക്കുമോ
X

രാജ്യത്തിലേറ്റവും ആദിവാസികളുള്ള സംസ്ഥാനമാണ് ഇന്ത്യയുടെ അരിപ്പാത്രമെന്നറിയപ്പെടുന്ന ഛത്തീസ്ഗഢ്. അധികാരവികേന്ദ്രീകരണത്തിലൂടെ മികച്ച ഭരണമുറപ്പാക്കാനായി 2000ൽ മധ്യപ്രദേശിൽ നിന്നും വലിയൊരു ഭാഗം വേർപ്പെടുത്തിയാണ് ഛത്തീസ്ഗഢ് സംസ്ഥാനം രൂപീകരിച്ചത്. ഇന്ത്യയിലേറ്റവും നക്സൽ സാന്നിധ്യമുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഢ്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം, പൊതുതെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.ഇൻഡ്യ മുന്നണിയുടെ പിൻബലത്തോടെ നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിൽ കോൺഗ്രസും.പ്രാദേശിക പാർട്ടികളുടെ അഭാവത്താൽ പതിവ് പോലെ ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് ഇവിടെ പോരാട്ടം. മൂന്ന് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുക.

11 മണ്ഡലങ്ങൾ

11 മണ്ഡലങ്ങളാണ് ഛത്തീസ്ഗഢിലുള്ളത്. ഇതിൽ 4 സീറ്റുകൾ എസ്.സി വിഭാഗത്തിനും ഒരു സീറ്റ് എസ്.ടി വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്നു. സംസ്ഥാനരൂപീകരണശേഷം 2004 തൊട്ട് 2009 വരെ 10ൽ ഒമ്പതും (ബസ്തർ മണ്ഡലം രൂപീകരിച്ചത് 2009ൽ), 2009 മുതൽ 2014 വരെ 11ൽ 10 സീറ്റുകളും നേടിയിരുന്നത് ബി.ജെ.പി ആയിരുന്നു. 2019ൽ ഇത് രണ്ടു സീറ്റുകളാക്കി കോൺഗ്രസ് ഉയർത്തി. നഷ്ടപ്പെട്ട സീറ്റും ശേഷിക്കുന്ന ഒരു സീറ്റും പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. പിടിച്ചെടുത്ത ഒരു സീറ്റിനൊപ്പം പുതിയ സീറ്റുകൾ കൂടി നേടി നില മെച്ചപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

നില മെച്ചപ്പെടുത്തുമോ കോൺഗ്രസ്

സ്ഥിരമായി കോൺഗ്രസിന് തോൽവി സമ്മാനിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ബി.ജെ.പിയിലേക്കുള്ള നേതാക്കളുടെ കൂടുമാറ്റം സംസ്ഥാനത്തും കോൺഗ്രസ് നേരിടുന്നുണ്ട്. 2003ൽ അവസാനമായി ഭരിച്ച കോൺഗ്രസിന് 15 വർഷങ്ങൾക്കിപ്പുറം 2018ൽ അധികാരം നേടിക്കൊടുത്തത് ഭൂപേഷ് ഭാഗലിന്റെ തന്ത്രങ്ങളായിരുന്നു. 90ൽ 68 സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു. തുടർന്ന് അധികാരത്തിലേറിയ സർക്കാർ ഭാഗലിനെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. എന്നാൽ ഈ വിജയം ലോക്സഭ തെരഞ്ഞെടുപ്പിന് ഗുണം ചെയ്തില്ല. നിലനിൽക്കുന്ന കോർബ സീറ്റിനൊപ്പം ബസ്തർ സീറ്റ് കൂടി ബി.ജെ.പിയിൽ നിന്നും പിടിച്ചെടുത്ത് ഒന്ന് എന്ന നില രണ്ടാക്കി ഉയർത്താൻ മാത്രമാണ് കോൺഗ്രസിന് സാധിച്ചത്.

2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്ക് പ്രധാന കാരണമായി കണക്കാക്കുന്നത്, ആദിവാസി മേഖലയിൽ നിന്നുണ്ടായ പ്രതിഷേധമാണ്. വികസനം ആദിവാസികളിലേക്കെത്തുന്നില്ല എന്ന പൊതുവികാരം സംസ്ഥാനത്ത് വൻതോതിൽ പ്രചരിച്ചു. ഇതുകൂടാതെ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഉയർന്നുവന്ന ബെറ്റിംഗ് ആപ്പ് വിവാദം ഇതിനൊപ്പം ബി.ജെ.പിയുടെ മറ്റായുധങ്ങളായ മദ്യ, ഖനന, പി.എസ്.സി അഴിമതി ആരോപണങ്ങളെന്നിവ കോൺഗ്രസിനെ തളർത്തി.

ഇതിന്റെ പ്രതിഫലനം ലോക്‌സഭ തെരഞ്ഞെടുപ്പിലും പ്രകടമാകുമെന്നാണ് ബി.ജെ.പി അനുമാനം. സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷൻ, ബസ്തർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എം പി ദീപക് ബൈജ് ആണെന്നിരിക്കെ, കോൺഗ്രസ് നേതൃത്വം പ്രതീക്ഷകളർപ്പിക്കുന്നത് ഭൂപേഷ് ഭാഗലിലാണ്. 11 ൽ ആറ് ലോക്‌സഭാ മണ്ഡലങ്ങളിലും ഇതിനോടകം കോൺഗ്രസ്, സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിൽ നാലുപേർ പിന്നോക്ക വിഭാഗങ്ങളിൽ നിന്നും ഒരാൾ പട്ടിക വർഗ വിഭാഗത്തിൽ നിന്നുമാണ്.

ആറു വർഷത്തിന് ശേഷമാണ് ഭൂപേഷ് ഭഘേൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സജീവമാകുന്നത്. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ രാജ്നന്ദ്ഗാവിലാണ് ഭാഗൽ മത്സരിക്കുന്നത്. ആറ് തവണ എം.എൽ.എയായ ഭാഗൽ, 2004ൽ ദുർഗ് സീറ്റിൽ നിന്നും 2009ൽ റായ്പൂർ സീറ്റിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. രാജ്‌നന്ദ്ഗാവിൽ ബി.ജെ.പിയുടെ സിറ്റിംഗ് എം.പി സന്തോഷ് പാണ്ഡെയാണ് ഇത്തവണത്തെ ഭാഗലിന്റെ എതിരാളി.

കോൺഗ്രസിന്റെ മറ്റു രണ്ട് സ്ഥാനാർഥികളായ താമ്രധ്വജ് സാഹുവും ശിവ്കുമാർ ദഹ്രിയയും മുൻ ഭാഗൽ സർക്കാരിൽ മന്ത്രിമാരായിരുന്നു. ഇരുവരും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. കോൺഗ്രസിന്റെ മറ്റൊരു പ്രതീക്ഷ, ശക്തികേന്ദ്രമായ കോർബയിലെ സിറ്റിംഗ് എം.പിയും സ്ഥാനാർഥിയുമായ ജ്യോത്സനാ മഹന്തിലാണ്. പ്രഖ്യാപിച്ച മറ്റ് സ്ഥാനാർഥികളെല്ലാം പുതുമുഖങ്ങളാണ്. സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്ത 5 സീറ്റുകളിലും ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ഇൻഡ്യാ മുന്നണിയുടെ പിന്തുണയോടെ സംസ്ഥാനത്ത് നില മെച്ചപ്പെടുത്താമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

ബി.ജെ.പിക്ക് അമിത ആത്മവിശ്വാസമോ

11ൽ 9 സീറ്റുകളും ഇതുവരെ നഷ്ടമായിട്ടില്ല എന്ന ആത്മവിശ്വാസം തന്നെയാണ് ബി.ജെ.പിയെ ചത്തീസ്ഗഢിൽ മുന്നോട്ട് നയിക്കുന്നത്. 2023ലെ നിയമസഭാ വിജയവും ഈ ആത്മവിശ്വാസത്തിന് ആക്കം കൂട്ടുന്നു. 2018 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നേറ്റുവാങ്ങിയ ദയനീയ പരാജയത്തിന് 2023ൽ 90ൽ 54 സീറ്റുകൾ നേടിയാണ് ബി.ജെ.പി മറുപടി നൽകിയത്.

വിഷ്ണു ദേവോ സായിയുടെ നേതൃത്വത്തിൽ മന്ത്രിസഭയും രൂപീകരിച്ചു. ബി.ജെ.പിയുടെ ഉറച്ച കോട്ടയായായാണ് ചത്തീസ്ഗഢിനെ കേന്ദ്രം വിലയിരുത്തുന്നത്. കഴിഞ്ഞവർഷം നഷ്ടപ്പെട്ട ബസ്തർ തിരിച്ചുപിടിക്കാനാണ് നിലവിൽ ബി.ജെ.പി കിണഞ്ഞു പരിശ്രമിക്കുന്നത്. 38,982 വോട്ടുകൾക്കാണ് മണ്ഡലം കോൺഗ്രസിന്റെ ദീപക് ബൈജ് മണ്ഡലം പിടിച്ചെടുത്തത്. എന്നാൽ മണ്ഡലത്തിൽ കോൺഗ്രസ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബസ്തറിൽ മഹേഷ് കശ്യപാണ് ബി.ജെ.പി സ്ഥാനാർഥി. കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ ക്ലസ്റ്റർ യോഗങ്ങൾ നടത്തിവരുന്നുണ്ട്.

കോർബയാണ് ബി.ജെ.പിയുടെ മറ്റൊരു ലക്ഷ്യം. 2009ൽ മണ്ഡലം നിലവിൽ വന്ന് രണ്ട് തവണയും കോൺഗ്രസാണ് മണ്ഡലം ഭരിച്ചിരിക്കുന്നത്. വെറും 3,000ത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ബി.ജെ.പിക്ക് 2014ൽ മണ്ഡലത്തിൽ വിജയം നേടാനായത്. 2019ൽ 24,000ത്തിൽ പരം വോട്ട് നേടി ജ്യോത്സന മഹന്ത് കോൺഗ്രസിനായി മണ്ഡലം തിരിച്ചുപിടിച്ചു. ബാക്കി 9 മണ്ഡലങ്ങൾ ബിജെപിയെ സംബന്ധിച്ച് ഗ്യാരണ്ടി മണ്ഡലങ്ങൾ തന്നെയാണ്.

ഛത്തീസ്ഗഢിൽ ബി.ജെ.പി നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് നക്സലുകളാണ്. കേന്ദ്രസർക്കാരിനെതിരെ സംസ്ഥാനത്ത് പലഭാഗങ്ങളിലും നക്‌സൽ പ്രതിഷേധങ്ങളുണ്ടാകാറുണ്ട്. കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഏഴ് ബി.ജെ.പി നേതാക്കളെയും പ്രവർത്തകരെയുമാണ് നക്സലുകൾ വധിച്ചത്. രണ്ട് ബി.ജെ.പി പ്രവർത്തകരെ ഈ വർഷം നക്സലുകൾ കൊലപ്പെടുത്തിയതിന് പിന്നാലെ 43 പാർട്ടി പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ സുരക്ഷ പ്രഖ്യാപിച്ചിരുന്നു.ഒമ്പത് സിറ്റിംഗ് എംപിമാരിൽ 7 പേരെ ഒഴിവാക്കി പുതുമുഖങ്ങളെ മത്സരിപ്പിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.

മാർച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് 250 കോടിയുടെ റെയിൽവേ പ്രോജക്റ്റ് പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്ഗഢ് നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്ന് ഗതാഗതമാണ്. പുതിയ പ്രഖ്യാപനം ബി.ജെ.പിക്ക് വോട്ടുകൾ വർധിപ്പിക്കാൻ കാരണമാകും.

TAGS :

Next Story