ചാനൽ ചർച്ചയിൽ ഇന്ത്യ ടിവി അവതാരകൻ അധിക്ഷപിച്ചു; പരാതിയുമായി കോൺഗ്രസ് വക്താവ്
ഇൻഡ്യ സഖ്യവും എൻഡിഎയും നേടിയ സീറ്റുകൾ സംബന്ധിച്ച ചർച്ചയ്ക്കും വാഗ്വാദത്തിനും ഇടയിലായിരുന്നു വിവാദ പരാമർശം.
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ നടന്ന ചാനൽ ചർച്ചയിൽ അവതാരകൻ അധിക്ഷപിച്ചതായി കോൺഗ്രസ് വക്താവിന്റെ പരാതി. ഇന്ത്യ ടിവി പ്രൈംടൈം അവതാരകനും മുതിർന്ന മാധ്യമപ്രവർത്തകനുമായ രജത് ശർമയ്ക്കെതിരെ കോൺഗ്രസ് വക്താവ് രാഗിണി നായകാണ് പരാതിയുമായി രംഗത്തെത്തിയത്.
ചാനലിന്റെ എഡിറ്റർ ഇൻ ചീഫായ രജത് ശർമ ചർച്ചയ്ക്കിടെ രാഗിണിക്കെതിരെ അധിക്ഷേപ വാക്കുപയോഗിച്ചു എന്നാണ് പരാതി. ഇതിന്റെ വീഡിയോയും രാഗിണി എക്സിൽ പങ്കുവച്ചിട്ടുണ്ട്. ഇൻഡ്യ സഖ്യവും എൻഡിഎയും നേടിയ സീറ്റുകൾ സംബന്ധിച്ച ചർച്ചയ്ക്കും വാഗ്വാദത്തിനും ഇടയിലായിരുന്നു രജത് ശർമയുടെ വിവാദ പരാമർശം.
'രജത് ജി പറഞ്ഞതിൽ എനിക്ക് എതിർപ്പുണ്ട്. കോൺഗ്രസിന് സീറ്റ് ഇരട്ടിയായാലും അത് വലിയ കാര്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്. ബിജെപി വക്താവ് ഇവിടെ ഇരിപ്പുണ്ടല്ലോ- അവരുടെ 400 പാർ മുദ്രാവാക്യത്തിന് എന്ത് സംഭവിച്ചുവെന്ന് ചോദിക്കണം. എക്സിറ്റ് പോളുകളെല്ലാം തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞില്ലേ? എൻഡിഎ എന്ന നിങ്ങൾ പറയുന്നുണ്ടെങ്കിൽ പ്രതിപക്ഷ സഖ്യത്തെ ഇൻഡ്യ എന്നും പറയണം. എൻഡി സഖ്യം എന്ന് പറയാൻ സമ്മതമാണെങ്കിൽ മാത്രം ഇൻഡി സഖ്യം എന്നും പറയുക. ഇന്നെങ്കിലും നിങ്ങൾ ഇരട്ടത്താപ്പ് നിലപാടെടുക്കാൻ പാടില്ല'-രാഗിണി നായക് ചർച്ചയിൽ പറഞ്ഞു.
'രാഗിണി, എനിക്ക് നിങ്ങളോട് അധികം തർക്കിക്കാൻ ആഗ്രഹമില്ല. പക്ഷേ ഞാൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കരുത്. കോൺഗ്രസ് 90 സീറ്റുകൾ നേടിയാൽ അത് അവരുടെ വിജയമായി കണക്കാക്കാമെന്ന് ഞാൻ പറഞ്ഞിരുന്നു'- രജത് ശർമ മറുപടി നൽകി.
'അല്ല, അത് വലിയ കാര്യമല്ലെന്ന് നിങ്ങൾ പറഞ്ഞിരുന്നു. ഞാൻ അത് കേട്ടു'- എന്ന് രാഗിണി മറുപടി പറഞ്ഞപ്പോഴായിരുന്നു രജത് ശർമ ശബ്ദം താഴ്ത്തി വിവാദ പരാമർശം നടത്തിയതെന്നാണ് രാഗിണിയുടെ പരാതി. സംഭവത്തിൽ രജത് ശർമയ്ക്കെതിരെ രാഗിണി തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി നൽകാതിരിക്കാൻ രജത് ശർമ തന്നെ ഭീഷണിപ്പെടുത്തിയതായും രാഗിണി നായിക് പറഞ്ഞു.
'എൻ്റെ കുടുംബം വീഡിയോ കണ്ടു. നിങ്ങൾ എന്നെ അധിക്ഷേപിച്ച വീഡിയോ രാജ്യം മുഴുവൻ കണ്ടു. അവിടെയും നിങ്ങൾ നിർത്തിയില്ല. ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞാൽ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് നിങ്ങൾ എന്നെ ഭീഷണിപ്പെടുത്തി'- രാഗിണി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.
അതേസമയം, രാഗിണിയുടെ ആരോപണങ്ങൾ തള്ളിയ ഇന്ത്യ ടി.വി, അവ അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്നും അവകാശപ്പെട്ടു. രജത് ശർമ ഒരിക്കലും സ്വകാര്യ ജീവിതത്തിലോ പൊതുജീവിതത്തിലോ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചിട്ടില്ല. ഏറെ പ്രശസ്താനയൊരു വ്യക്തിക്കെതിരെ തെറ്റായ ആരോപണമുന്നയിച്ച് രാഗിണി പൊതുമര്യാദയുടെ എല്ലാ പരിധികളും നഗ്നമായി ലംഘിച്ചു. വിഷയത്തിൽ തുടർനടപടികൾക്കായി ചാനൽ നിയമോപദേശം സ്വീകരിക്കുകയാണ്”- ഇന്ത്യ ടിവി ലീഗൽ ഹെഡ് റിതിക തൽവാർ പറഞ്ഞു.
Adjust Story Font
16