ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി: പ്രധാനമന്ത്രിയെ വിമർശിച്ച തമിഴ് മാസിക 'വികടൻ' കേന്ദ്രം ബ്ലോക്ക് ചെയ്തെന്ന് റിപ്പോര്‍ട്ട്
ശനിയാഴ്ച രാത്രിയോടെയാണ് വെബ്സൈറ്റ് ലഭ്യമല്ലാതായത്. സംഭവം വിവാദമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ നിരോധനം പിന്‍വലിച്ചു.

പ്രധാനമന്ത്രി മോദി- വികടന്‍ പ്രസിദ്ധീകരിച്ച മുഖചിത്രം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുള്ള മുഖചിത്രത്തിന് പിന്നാലെ പ്രമുഖ തമിഴ് മാസിക വികടന്റെ വെബ്സൈറ്റ് കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രിയോടെയാണ് വെബ്സൈറ്റ് ലഭ്യമല്ലാതായത്. സംഭവം വിവാദമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ നിരോധനം പിന്‍വലിച്ചു.
ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു വികടൻ പ്രസിദ്ധീകരിച്ച മുഖചിത്രം.
കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെ ബിജെപി തമിഴ്‌നാട് ഘടകം കേന്ദ്രമന്ത്രി എല്‍. മുരുഗന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വെബ്സൈറ്റ് ലഭ്യമല്ലാതായത്. വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതാണെന്ന് എല്‍ മുരുകന്റെ ഓഫീസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം വികടൻ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്‌തത് സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
എന്നാല്‍ ബ്ലോക്ക് ചെയ്ത തീരുമാനം മികച്ചതാണെന്നായിരുന്നു തമിഴ്‌നാട്ടിലെ ബിജെപി നേതാക്കളുടെ പ്രതികരണം. മോദിയുടെ ഭരണമികവ് ലോകം അംഗീകരിക്കുമ്പോൾ മാധ്യമങ്ങൾ അതിര് വിടാൻ പാടില്ലെന്ന് ബിജെപി നേതാവ് വിനോജ് പി. സെൽവം പറഞ്ഞു.
ഇന്ത്യയിലേക്ക് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ യുഎസ് അധികൃതർ കൈകൾ വിലങ്ങിടുന്ന വിഷയം മോദി വേണ്ടവിധം ഏറ്റെടുക്കാത്തതിനെയാണ് കാർട്ടൂൺ വിമർശിക്കുന്നത്. ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ പശ്ചാതലത്തിലായിരുന്നു വികടന്റെ വിമര്‍ശനം.
Adjust Story Font
16