ന്യൂസ് ക്ലിക്കിനെതിരായ കേസ്; എഫ്.ഐ.ആർ ആവശ്യപ്പെട്ട് എഡിറ്റര്‍ ഹൈക്കോടതിയിലേക്ക്
ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് തീരുമാനം
പ്രബീര്‍ പുരകായസ്ഥ
ഡല്‍ഹി: ന്യൂസ് ക്ലിക്കിന് എതിരായ കേസിൽ എഫ്.ഐ.ആറിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് എഡിറ്റർ പ്രബീർ പുരകായസ്ഥ ഇന്ന് ഡൽഹി ഹൈക്കോടതിയെ സമീപിച്ചേക്കും. ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം ന്യൂസ് ക്ലിക്കിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഡൽഹി പൊലീസ്. പ്രബീർ പുരകായസ്ഥ, എച്ച്ആർ മാനേജർ അമിത് ചക്രവർത്തി എന്നിവരെ പ്രത്യേക സെൽ ചോദ്യം ചെയ്തു വരികയാണ്. പിടിച്ചെടുത്ത ലാപ്ടോപ്പുകളുടെയും മൊബൈൽ ഫോണുകളുടെയും ശാസ്ത്രീയ പരിശോധനയും പുരോഗമിക്കുകയാണ്.
പ്രബീർ പുരകായസ്ഥയെയും എച്ച്ആർ മാനേജരെയും 7 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ചൈനീസ് ഫണ്ടിങ് കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്‍റെ അറിവോടെയാണ് റെയ്ഡും അറസ്റ്റുമെന്നാണ് ന്യൂസ് ക്ലിക്ക് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം 46 പേരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന നടന്നത് .
പൊലീസ് നടപടിക്ക് എതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് മാധ്യമപ്രവർത്തകർ കത്ത് നൽകി. അന്വേഷണ ഏജൻസികളെ നിയന്ത്രിക്കണമെന്നും മാധ്യമപ്രവർത്തകർക്കെതിരായ കടന്നുകയറ്റം ജനാധിപത്യവിരുദ്ധമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ താല്‍പര്യം ഇന്ത്യയിൽ പ്രവർത്തിക്കുന്നുവെന്നും ഇതു പ്രതിരോധിക്കാനുള്ള ശ്രമം അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുകയല്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Adjust Story Font
16