ഫാസ്‍ടാഗ് 32 ബാങ്കുകളില്‍ നിന്നു മാത്രം; പേടിഎം പുറത്ത്
സുഗമമായ ഹൈവേ യാത്രയ്ക്ക് 32 അംഗീകൃത ബാങ്കുകളില്‍നിന്നുള്ള ഫാസ്ടാഗ് വാങ്ങാന്‍ ഐഎച്ച്എംസിഎല്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ യാത്രക്കാരോട് ആവശ്യപ്പെട്ടു
ദേശീയപാതകളിലെ ടോള്‍ നല്‍കുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാന്‍ അനുവാദമുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്നും പേടിഎം പേയ്മെന്‍റ് ബാങ്കിനെ ഒഴിവാക്കി. പേടിഎമ്മിനെതിരായ റിസര്‍വ് ബാങ്ക് നടപടിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്‍റ് കമ്പനിയുടെ തീരുമാനം.
സുഗമമായ ഹൈവേ യാത്രയ്ക്ക് 32 അംഗീകൃത ബാങ്കുകളില്‍നിന്നുള്ള ഫാസ്ടാഗ് വാങ്ങാന്‍ ഐഎച്ച്എംസിഎല്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ യാത്രക്കാരോട് ആവശ്യപ്പെട്ടു. പട്ടികയില്‍ പേടിഎം പേയ്‌മെന്‍റ് ബാങ്ക് ഇല്ല.എയർടെൽ പേയ്‌മെൻ്റ്‌സ് ബാങ്ക്, അലഹബാദ് ബാങ്ക്, എയു സ്‌മോൾ ഫിനാൻസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയൻ ബാങ്ക്, കോസ്‌മോസ് ബാങ്ക്, ഇക്വിറ്റിയാസ് സ്മോൾ, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകള്‍ പട്ടികയിലുണ്ട്.
Travel hassle-free with FASTag! Buy your FASTag today from authorised banks. @NHAI_Official @MORTHIndia pic.twitter.com/Nh798YJ5Wz
— FASTagOfficial (@fastagofficial) February 14, 2024
ഏത് ടോൾ പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ്. അഥവാ വാഹനങ്ങളിൽ പതിപ്പിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷൻ സ്റ്റിക്കറാണ് ഫാസ് ടാഗ്. വാഹനത്തിന്റെ വിൻഡ് സ്‌ക്രീനിൽ ഫാസ് ടാഗ് പതിച്ച വാഹനം കടന്നു പോകുമ്പോൾ ടോൾ ഓട്ടോമാറ്റിക്ക് ആയി ശേഖരിക്കപ്പെടുന്നു. വാഹനം നിർത്തി ടോൾ കൊടുക്കേണ്ട ആവശ്യമില്ലെന്ന് മാത്രമല്ല, തിരക്ക് ഒഴിവാക്കി ടോളുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോമാഗ്നെറ്റിക് ഫ്രീക്വൻസി ഉപയോഗിച്ച് വാഹനത്തിന്‍റെ വിവരങ്ങളും ഒപ്പം പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്ന് പൈസയും പിൻവലിക്കപ്പെടും. വാഹനം ടോൾ പ്ലാസ കടന്നു കഴിഞ്ഞാൽ ഉടമയ്ക്ക് എസ്എംഎസ് അലേർട്ടും ലഭിക്കും.
അതേസമയം കഴിഞ്ഞ മാസം 31നാണ് പേടിഎമ്മിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയത്. നിക്ഷേപം സ്വീകരിക്കുന്നതിനും വാലറ്റുകള്‍ ടോപ് അപ്പ് ചെയ്യുന്നതിനും ഈ മാസം 29നു ശേഷം വിലക്കുണ്ട്. ഫെബ്രുവരി 29 ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിർത്താനാണ് ആര്‍ബിഐയുടെ ഉത്തരവ്. കസ്റ്റമർ അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങള്‍, വാലറ്റുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ (എൻ.സി.എം.സി കാർഡുകള്‍) മുതലായവയിൽ ക്രെഡിറ്റ് ആവാനുള്ള ക്യാഷ്ബാക്കുകളോ റീഫണ്ടുകളോ അല്ലാതെയുള്ള നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ അനുവദിക്കില്ലെന്നാണ് ആർ.ബി.ഐയുടെ ഉത്തരവിൽ പറയുന്നത്.ഉപഭോക്താവിന്‍റെ ബാങ്ക് ബാലൻസ് തീരുന്നത് വരെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ, കറന്‍റ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, ഫാസ്ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് പണം പിൻവലിക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും ഉത്തരവിലുണ്ട്.
ഫെബ്രുവരി 29-ന് ശേഷം ഫണ്ട് കൈമാറ്റം ,ബി.ബി.പി.ഒ.യു (BBPOU), യു.പി.ഐ സൗകര്യങ്ങൾ പോലുള്ള മറ്റ് ബാങ്കിംഗ് സേവനങ്ങളും ബാങ്ക് നൽകേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.എന്നാൽ, പേടിഎം യൂസർമാർ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സ്ഥാപകൻ വിജയ് ശേഖര്‍ അറിയിച്ചിരുന്നു. ഫെബ്രുവരി 29 ന് ശേഷവും പേടിഎം ആപ്പ് സാധാരണ പോലെ തന്നെ പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് (ഒ.സി.എല്‍) മറ്റ് ബാങ്കുകളുമായും പങ്കാളിത്തമുണ്ട്. അതുകൊണ്ട് പേടിഎം പേയ്മെന്റ്‌സ് ബാങ്കിന് വിലക്ക് വീണാലും മറ്റ് ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെ ഭൂരിഭാഗം സേവനങ്ങളും തുടരാന്‍ കമ്പനിക്ക് കഴിയും. പുതിയ പേടിഎം വാലറ്റ് തുറക്കാൻ കഴിയില്ലെങ്കിലും നിലവിൽ വാലറ്റുള്ളവർക്ക് അതിൽ ബാലൻസ് ടോപ് അപ് ചെയ്യാനും ഇടപാടുകൾ നടത്താനും തടസമുണ്ടാകില്ലെന്നും വിജയ് ശേഖര്‍ പറഞ്ഞിരുന്നു.
Adjust Story Font
16