Quantcast

ഐഎസ് റിക്രൂട്ട്‌മെന്റ് ബന്ധമാരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത അർഷി ഖുറേഷിയെ കോടതി കുറ്റവിമുക്തനാക്കി

സാക്കിർ നായികിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷനിൽ ഗസ്റ്റ് റിലേഷൻഷിപ്പ് മാനേജറായിരുന്നു അർഷി ഖുറേഷി.

MediaOne Logo

Web Desk

  • Published:

    2 Oct 2022 7:27 AM GMT

ഐഎസ് റിക്രൂട്ട്‌മെന്റ് ബന്ധമാരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത അർഷി ഖുറേഷിയെ കോടതി കുറ്റവിമുക്തനാക്കി
X

മുംബൈ: യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്‌തെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത അർഷി ഖുറേഷിയെ പ്രത്യേക എൻഐഎ കോടതി വെറുതെ വിട്ടു. വെള്ളിയാഴ്ചയാണ് കേസിൽ വിധി പറഞ്ഞത്. കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ എൻഐഎക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഖുറേഷിയെ കുറ്റവിമുക്തനാക്കിയത്. സാക്കിർ നായികിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷനിൽ ഗസ്റ്റ് റിലേഷൻഷിപ്പ് മാനേജറായിരുന്നു അർഷി ഖുറേഷി.

അഷ്ഫാഖ് മജീദ് അടക്കം കേരളത്തിൽനിന്നുള്ള 21 മുസ്‌ലിം യുവാക്കളെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചാണ് അർഷി ഖുറേഷി, മുഹമ്മദ് ഹനീഫ, റിസ്‌വാൻ ഖാൻ എന്നിവരെ 2016ൽ എൻഐഎ അറസ്റ്റ് ചെയ്തത്. കൃത്യമായ തെളിവുകളില്ലാത്തതിനാൽ ഹനീഫക്കും റിസ്‌വാനുമെതിരെ എൻഐഎ കുറ്റം ചുമത്തിയിരുന്നില്ല.

എന്നാൽ അർഷി ഖുറേഷിക്കെതിരെ കേസുമായി മുന്നോട്ടുപോയ എൻഐഎ ഐഎസിൽ ചേരാൻ ഇന്ത്യവിട്ട യുവാക്കളെ തീവ്രവാദികളാക്കാൻ അർഷി ഖുറേഷി ഐആർഎഫിന്റെ ഡോംഗ്രി സെന്ററിൽവെച്ച് മീറ്റിങ്ങുകൾ നടത്തിയെന്ന് ആരോപിച്ച് 4000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. ഈ സെഷനുകളിൽ പങ്കെടുത്തവർ പിന്നീട് ഐഎസിൽ ചേർന്നെന്നും എൻഐഎ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

ഐഎസിൽ ചേർന്നുവെന്ന് ആരോപിക്കപ്പെടുന്ന അഷ്ഫാഖ് മജീദിന്റെ പിതാവായ അബ്ദുൽ മജീദ് ഖാദർ ഖാന്റെ പരാതിയിൽ 2016 ആഗസ്റ്റ് എട്ടിന് നാഗ്പദ പൊലീസാണ് ഖുറേഷിക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്. പിന്നീട് കേസ് ഏറ്റെടുത്ത എൻഐഎ ഐഎസിൽ ചേരാൻ പോയ യുവാക്കൾക്ക് ജിഹാദിനെക്കുറിച്ച് ക്ലാസ് നൽകിയത് ഖുറേഷിയാണെന്ന് ആരോപിച്ചു. കാസർകോഡ് ജില്ലയിൽനിന്നുള്ള സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം യുവാക്കളും മുംബൈയിലെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷനിലെ ചില അംഗങ്ങളും ചേർന്ന് അഷ്ഫാക്ക് മജീദിനെയും കൂട്ടാളികളെയും തീവ്ര ജിഹാദി പ്രത്യയശാസ്ത്രത്തിലേക്ക് നയിച്ചെന്നാണ് 2017 ഫെബ്രുവരിയിൽ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം എൻഐഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്.

എന്നാൽ തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും തെളിവുകൾ ഹാജരാക്കാൻ എൻഐഎക്ക് കഴിഞ്ഞില്ല. മകനിൽ തീവ്രവാദം കുത്തിവെച്ച് ഖുറേഷിയും സംഘവും സിറിയയിലേക്ക് പറഞ്ഞയച്ചു എന്ന് പൊലീസിൽ പരാതിപ്പെട്ടതായി എൻഐഎ അവകാശപ്പെട്ട അബ്ദുൽ മജീദ് തന്നെ താൻ അങ്ങനെയൊരു പരാതി നൽകിയിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. തന്റെ മകനെ കാണാതായതിന് പൊലീസിൽ പരാതി നൽകി എന്നത് ശരിയാണ്, പക്ഷേ അയാൾ ഖുറേഷിയെ കണ്ടതായോ സിറിയയിലേക്ക് പോയതായോ താൻ പരാതിയിൽ പറഞ്ഞിട്ടെല്ലെന്നാണ് അബ്ദുൽ മജീദ് കോടതിയെ അറിയിച്ചത്. മലയാളിയായ ഇയാൾക്ക് വേണ്ടി മുംബൈ പൊലീസ് തന്നെ മറാത്തിയിൽ പരാതി തയ്യാറാക്കുകയും അറിയാത്ത ഭാഷയിലെ പരാതിയിൽ ഒപ്പിടാൻ ആവശ്യപ്പെടുകയും ആയിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

അർഷി ഖുറേഷി ഐഎസിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന് ആരോപിക്കുന്ന അശ്ഫാഖ് മജീദ് ഐഎസിൽ ചേർന്നതിന്റെ ഒരു തെളിവും ഹാജരാക്കാൻ എൻഐഎക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇയാൾ വിദേശത്തേക്ക് പോയതുമായി ബന്ധപ്പെട്ട് വിസ അടക്കമുള്ള രേഖകൾ അന്വേഷണ ഏജൻസിക്ക് ഹാജരാക്കാമായിരുന്നു. കാണാതായെന്ന് ആരോപിക്കപ്പെടുന്ന അശ്ഫാഖ് മറ്റേതെങ്കിലും പരമാധികാര രാഷ്ട്രത്തിന്റെ അതിർത്തി കടന്നതായോ ഏതെങ്കിലും ഇന്ത്യൻ പൗരൻ അനധികൃതമായി താമസിച്ച് നിയമവിരുദ്ധ പ്രവർത്തനം നടത്തിയതായോ ഒരു രാജ്യവും പരാതിപ്പെട്ടിട്ടില്ല. കുറ്റപത്രത്തിൽ പറയുന്നതുപോലെ അശ്ഫാഖ് ഐഎസിൽ ചേർന്നിട്ടുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണ് അദ്ദേഹത്തെ ഈ കേസിൽ പ്രതിചേർക്കാത്തതെന്നും എൻഐഎ കോടതി ജഡ്ജി എ.എം പാട്ടീൽ ചോദിച്ചു.

സഹോദരന്റെ ഫോണിലേക്ക് വന്ന അഷ്ഫാഖിന്റെ ഒരു ടെലഗ്രാം സന്ദേശമാണ് എൻഐഎ പ്രധാന തെളിവായി കോടതിയിൽ പറഞ്ഞത്. താൻ ഐഎസിൽ ചേർന്നെന്നും ഇനി തിരിച്ചുവരില്ലെന്നും അഷ്ഫാഖ് സഹോദരന് ടെലഗ്രാമിൽ ശബ്ദ സന്ദേശമയച്ചുവെന്നാണ് ആരോപണം. ഈ ഫോൺ എറണാകുളം പൊലീസ് പിടിച്ചെടുക്കുകയും അവിടെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ എൻഐഎ ഈ ഫോൺ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് അഷ്ഫാഖിന്റെ സഹോദരൻ പറഞ്ഞു. വോയ്‌സ് മെസേജ് വന്ന ഫോൺ പിടിച്ചെടുക്കണമെന്ന് എൻഐഎക്ക് തോന്നാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി ഇത്തരത്തിൽ സുപ്രധാന തെളിവുകൾ വിട്ടുകളഞ്ഞതിനാൽ അന്വേഷണ ഏജൻസിക്ക് പ്രതികൂലമായി നിഗമനം നടത്താൻ തങ്ങൾ നിർബന്ധിതരാവുകയാണെന്നും കോടതി പറഞ്ഞു.

എന്തെങ്കിലും ചില രേഖകൾ സമർപ്പിച്ചു എന്നതുകൊണ്ട് അത് തെളിവുകളായി അംഗീകരിക്കാനാവില്ലെന്നും ഖുറേഷിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ എൻഐഎക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. കാണാതായ യുവാക്കളുടെ ബന്ധുക്കളെ അടക്കം 57 സാക്ഷികളെയാണ് കേസുമായി ബന്ധപ്പെട്ട് കോടതി വിസ്തരിച്ചത്.

TAGS :

Next Story