ബിഹാറിൽ ജാതി സെൻസസിന് നാളെ തുടക്കം
മൊബൈൽ ആപ്പ് വഴി ആദ്യഘട്ടത്തിൽ ജാതി തിരിച്ച് വീടുകളുടെ കണക്കുകളാണ് എടുക്കുക
പാറ്റ്ന: ബിഹാറിൽ ജാതി സെൻസസിന് നാളെ തുടക്കം. മൊബൈൽ ആപ്പ് വഴി ആദ്യഘട്ടത്തിൽ ജാതി തിരിച്ച് വീടുകളുടെ കണക്കുകളാണ് എടുക്കുക.
ജില്ലാ കളക്ടറെ നോഡൽ ഓഫീസറായി നിയമിച്ചുകൊണ്ടാണ് നിതീഷ് കുമാർ സർക്കാർ സംസ്ഥാനത്ത് ജാതി സെൻസസ് നടത്തുന്നത്. സെൻസസ് നടപടികൾക്കായി മൂന്നരലക്ഷം പേരെയാണ് പരിശീലനം നൽകി സർക്കാർ രംഗത്തിറക്കുന്നത്. മൊബൈൽ ആപ്പു വഴി വാർഡ് തലത്തിൽ വീടുകളുടെ ജാതി തിരിച്ചുള്ള കണക്കുകളാണ് ആദ്യഘട്ടത്തിൽ ശേഖരിക്കുക. ഈ മാസം 21നകം ഒന്നാംഘട്ടം പൂർത്തിയാക്കുക എന്നതാണ് ബീഹാർ സർക്കാരിന്‍റെ ലക്ഷ്യം. രണ്ടാംഘട്ടത്തിൽ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി, കുടുംബങ്ങളിലെ അംഗങ്ങൾ, വാർഷിക വരുമാനം എന്നിവയും ശേഖരിക്കും. സർക്കാർ പട്ടികയിൽ ജാതി രേഖപ്പെടുത്താത്തവർ ജാതി തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റും വിവരശേഖരണം നടത്തുന്നവർക്ക് മുൻപിൽ ഹാജരാക്കണം. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ജാതി സെൻസസ് പോർട്ടലിലേക്ക് മൊബൈൽ ആപ്പ് വഴി കൈമാറും.
തൊഴിലുറപ്പ് ജീവനക്കാർ, അംഗൻവാടി ജീവനക്കാർ, അധ്യാപകർ എന്നിങ്ങനെ സമൂഹത്തിന്‍റെ നാനാതുറകളിൽ ഉള്ളവരെയാണ് സെൻസസ് നടപടികൾക്കായി സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. സെൻസസ് പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെടുന്ന ഓരോരുത്തരും അതാത് മേഖലകളിലെ 150 മുതൽ 160 വീടുകളിലെ വിവരങ്ങൾ ശേഖരിക്കും എന്നാണ് കണക്കാക്കുന്നത്. മെയ് മാസം അവസാനത്തോടെ സെൻസസ് നടപടികൾ പൂർത്തിയാക്കാനാണ് ബിഹാർ സർക്കാർ ലക്ഷ്യമിടുന്നത്. സെൻസസിനായി 500 കോടി രൂപ ആണ് ബിഹാർ സർക്കാർ വിലയിരുത്തിയിരിക്കുന്നത്.
Adjust Story Font
16