Quantcast

'വേണം ബി.ജെ.പി മുക്ത ഭാരതം': വേദി പങ്കിട്ട് നിതീഷ് കുമാറും കെ.സി.ആറും

എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് ബി.ജെ.പി മുക്ത ഭാരത് എന്ന മുദ്രാവാക്യം ഉയർത്തണമെന്ന് കെ.സി.ആര്‍ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    31 Aug 2022 2:18 PM GMT

വേണം ബി.ജെ.പി മുക്ത ഭാരതം: വേദി പങ്കിട്ട് നിതീഷ് കുമാറും കെ.സി.ആറും
X

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ഏറെക്കാലമായി ഉയര്‍ത്തുന്ന മുദ്രാവാക്യത്തില്‍ മാറ്റം വരുത്തി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കെ.സി.ആര്‍ പറ്റ്നയില്‍ വേദി പങ്കിട്ടു. ഇപ്പോള്‍ നമുക്ക് വേണ്ടത് ബി.ജെ.പി മുക്ത ഭാരതമാണെന്ന് കെ.സി.ആര്‍ പറഞ്ഞു.

എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് ബിജെപി മുക്ത ഭാരത് എന്ന മുദ്രാവാക്യം ഉയർത്തണമെന്ന് കെ.സി.ആര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് മൂന്നാം മുന്നണി? തങ്ങൾ പ്രധാന മുന്നണിയിൽ പ്രവർത്തിക്കുന്നുവെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ നിരയില്‍ നിന്ന് നിതീഷ് കുമാര്‍ സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യം പല ഭാഗത്തു നിന്നും ഉയരുന്നുണ്ട്. ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ച നിതീഷ് കുമാറിനെ കണ്ട ആദ്യത്തെ പ്രധാന പ്രതിപക്ഷ നേതാവാണ് കെ.സി.ആര്‍. എന്നാല്‍ നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം രാജ്യത്തെ അറിയപ്പെടുന്ന മുതിര്‍ന്ന നേതാവാണെന്ന് കെ.സി.ആര്‍ പറഞ്ഞു. പ്രതിപക്ഷം എല്ലാവരുടെയും സമ്മതത്തോടെ നേതാവിനെ തീരുമാനിക്കുമെന്നും കെ.സി.ആര്‍ പറഞ്ഞു.

നേരത്തെ നിതീഷ് കുമാറിന്‍റെ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ മോദി നിതീഷ് കുമാറിന്‍റെയും കെ.സി.ആറിന്‍റെയും കൂടിക്കാഴ്ചയെ രണ്ട് ദിവാസ്വപ്നക്കാരുടെ കൂടിക്കാഴ്ചയെന്ന് പരിഹസിച്ചു. പ്രതിപക്ഷത്തിന്റെ ഏറ്റവും പുതിയ കോമഡി ഷോയാണ് ഈ ഐക്യമെന്നും അദ്ദേഹം പരിഹസിച്ചു.

TAGS :

Next Story