ഇൻഡ്യ മുന്നണിയിൽ മഞ്ഞുരുക്കാൻ പാർട്ടികൾ; നിതീഷ് കുമാർ കൺവീനറാകാൻ സാധ്യത
കൺവീനർ സ്ഥാനം സംബന്ധിച്ച് നിതീഷുമായും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവുമായും കോൺഗ്രസ് ചൊവ്വാഴ്ച ചർച്ച നടത്തി
നിതീഷ് കുമാര്‍
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങവെ ഇൻഡ്യ മുന്നണിയുടെ കൺവീനറായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നിയമിക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച തീരുമാനം ഈ ആഴ്ച ഓൺലൈനായി ചേരുന്ന യോഗത്തിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്.
കൺവീനർ സ്ഥാനം സംബന്ധിച്ച് നിതീഷുമായും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവുമായും കോൺഗ്രസ് ചൊവ്വാഴ്ച ചർച്ച നടത്തി. ഇൻഡ്യ മുന്നണിയിലെ മറ്റു പാർട്ടികളുമായി കൂടിയാലോചിക്കുകയും അവരെ വിശ്വാസത്തിലെടുക്കുകയും ചെയ്തതായാണ് വിവരം. കൂടാതെ ഈ വിഷയം നിതീഷ് കുമാർ ചൊവ്വാഴ്ച ശിവ സേന നേതാവ് ഉദ്ധവ് താക്കറെയുമായും സംസാരിച്ചിട്ടുണ്ട്. ആപ്പ് നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും മറ്റു പാർട്ടികളും തീരുമാനം അംഗീകരിച്ചുവെന്നും സൂചനയുണ്ട്.
ഉദ്ധവ് താക്കറെ ഈ വിഷയം അരവിന്ദ് കെജ്രിവാളുമായി സംസാരിക്കുമെന്ന് ശിവ സേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ‘ഇൻഡ്യ മുന്നണി രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് നിതീഷ് കുമാർ. മുന്നണിയിൽ ചെയർപേഴ്സൻ, കൺവീനർ എന്നീ സ്ഥാനങ്ങൾ വരുന്നതിനാൽ നിതീഷിന്റെ കൺവീനർ സ്ഥാനം കോൺഗ്രസിന് ഒരു പ്രശ്നമാകില്ല’ -സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗയെ ചെയർപേഴ്സനായി നിശ്ചയിക്കുമെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഡിസംബർ 19ന് ഇൻഡ്യ മുന്നണിയുടെ നാലാമത്തെ യോഗം ഡൽഹിയിൽ ചേർന്നിരുന്നു. യോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി മല്ലികാർജുൻ ഖാർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദേശിക്കുകയുണ്ടായി.
എന്നാൽ, ഇതടക്കമുള്ള വിഷയങ്ങളിൽ നിതീഷിന് അസംതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി സ്ഥാനാർഥിയെ പിന്നീട് തീരുമാനിക്കുമെന്ന് മുന്നണി നേതൃത്വം അറിയിക്കുകയും ചെയ്തു. നിതീഷിന്റെ അസംതൃപ്തി ഒഴിവാക്കുകയാണ് കൺവീനർ സ്ഥാനം കൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് സൂചന
കഴിഞ്ഞ യോഗത്തിൽ സീറ്റ് വിഭജനം, സംയുക്ത പ്രചാരണ രൂപരേഖ, ബിജെപിയെ നേരിടാനുള്ള തന്ത്രങ്ങൾ മെനയുക തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സംയുക്ത പ്രചാരണം ജനുവരി 30ന് ആരംഭിക്കുമെന്ന് മുന്നണി അറിയിച്ചിട്ടുണ്ട്.
Adjust Story Font
16