ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി നിതീഷ് കുമാർ
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കൂടിക്കാഴ്ച. കെ സി വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ട്. ഖാർഗെയുടെ വസതിയിലാണ് കൂടിക്കാഴ്ച.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച. ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രതിപക്ഷ നേതാക്കളുമായി ഒന്നാംഘട്ട ചർച്ചകൾ നേരത്തെ നടന്നിരുന്നു.
ചർച്ചയുടെ രണ്ടാം ഘട്ടമെന്ന നിലയ്ക്ക് ബിഹാറിലെ പട്‌നയിൽ വച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം നടക്കാനിരിക്കുകയാണ്. ഇതിനു മുന്നോടിയായുള്ള ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.
രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, ജെഡിയു ജന.സെക്രട്ടറി ലലൻ സിങ്, സഞ്ജയ് ഷാ എന്നിവരും ഖാർഗെയുടെ വസതിയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നിതീഷ് കുമാർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. പ്രതിപക്ഷ സഖ്യത്തെ കോൺഗ്രസ് നയിക്കുന്നതിൽ എ.എ.പിക്ക് താൽപര്യമില്ല. ഈ സാഹചര്യത്തിലാണ് ചർച്ചകൾക്ക് നിതീഷ് കുമാർ നേതൃത്വം നൽകുന്നത്.
കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് കെജ്‌രിവാളിനെ ക്ഷണിച്ചിരുന്നില്ല. ഡൽഹിയിലെ അധികാരത്തർക്കത്തിൽ കേന്ദ്രം കൊണ്ടുവരുന്ന ഓർഡിനൻസ് രാജ്യസഭയിൽ പരാജയപ്പെടുത്താൻ കെജ്‌രിവാൾ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ നിതീഷ് കുമാറും കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാവും.
Adjust Story Font
16