Quantcast

'ഇങ്ങനെ പോയാൽ ഗാന്ധിയെ ഒഴിവാക്കി ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിന്റെ പുതിയ പതിപ്പെഴുതും'; രൂക്ഷവിമർശനവുമായി നിതീഷ് കുമാർ

ബി.ജെപി.യുടെ സഖ്യകക്ഷിയായിരുന്നെങ്കിലും പലതിൽ നിന്നും താൻ വിട്ടുനിൽക്കുകയായിരുന്നെന്നും നിതീഷ് പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2022-09-06 17:21:40.0

Published:

6 Sep 2022 2:47 PM GMT

ഇങ്ങനെ പോയാൽ ഗാന്ധിയെ ഒഴിവാക്കി ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിന്റെ പുതിയ പതിപ്പെഴുതും; രൂക്ഷവിമർശനവുമായി നിതീഷ് കുമാർ
X

ന്യൂഡൽഹി: ബിജെപി സഖ്യം വിട്ടതിനു പിന്നാലെ ആർ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ. അധികംതാമസിയാതെ ആർ.എസ്.എസ് സ്വാതന്ത്ര്യസമരത്തെ അവരുടേതായ രീതിയിൽ മാറ്റിയെഴുതുമെന്ന് അദ്ദേഹം പറഞ്ഞു. അതിൽ നിന്ന് മഹാത്മാ​ഗാന്ധി ഒഴിവാക്കപ്പെടും.

ബിജെപിക്കും അവരുടെ മാതൃസംഘടനയായ ആർ.എസ്.എസിനും സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞവർഷം പ്രഖ്യാപിച്ച ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളെ പരിഹസിച്ച് നിതീഷ് തുറന്നടിച്ചു.

എന്താണ് അവർ ഉപയോഗിച്ച പേര്? ആസാദി കാ അമൃത് മഹോത്സവ്. സ്വാതന്ത്ര്യ സമരത്തിന്റെ നേതാവ് ആരായിരുന്നു? അത് ബാപ്പു (മഹാത്മാഗാന്ധി) ആയിരുന്നു. അതിനാൽ അവർക്ക് ഇതിനെ ബാപ്പു മഹോത്സവം എന്ന് വിളിക്കാമായിരുന്നു- പട്നയിൽ ജെ.ഡി.യു ദേശീയ കൗൺസിൽ യോ​ഗത്തിൽ സംസാരിക്കവെ നിതീഷ് കുമാർ പറഞ്ഞു.

എന്താണ് അവർ പറയാൻ ശ്രമിക്കുന്നത്. അവർ സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായിരുന്നു എന്നോ? ഇന്ന് ആർ.എസ്.എസ് വളരെ ശക്തിയാർജിച്ചിരിക്കുന്നു. അവരെല്ലാം നിരീക്ഷിക്കുന്നു. എന്നാൽ അവർ സ്വാതന്ത്ര്യസമരത്തിന്റെ ഭാ​ഗമായിരുന്നോ? ബാപ്പു കൊല്ലപ്പെട്ടു. എന്തുകൊണ്ട്? അദ്ദേഹം ഹിന്ദുക്കളേയും മുസ്‌ലിംകളേയും ഒന്നിപ്പിച്ചു. അക്കാലത്ത് എന്തുതരം പണിയാണ് ആർ.എസ്.എസ് ചെയ്തിരുന്നതെന്ന് ഓർക്കണം. കഴിയുമെങ്കിൽ അവർ യഥാർഥ ചരിത്രം ഇല്ലാതാക്കും. പുതിയ കാര്യങ്ങൾ എഴുതിച്ചേർക്കും- അദ്ദേഹം വിശദീകരിച്ചു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയേയും തള്ളിക്കളയുന്ന ഒരു ദിവസം വരുമെന്ന് ഉറപ്പാണ്. ​ഗാന്ധിയുടെ ഘാതകനുവേണ്ടി അവർ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ- അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെപി.യുടെ സഖ്യകക്ഷിയായിരുന്നെങ്കിലും പലതിൽ നിന്നും താൻ വിട്ടുനിൽക്കുകയായിരുന്നെന്ന് നിതീഷ് പറഞ്ഞു.'ഞങ്ങൾ കുറച്ചുകാലം ബി.ജെ.പിക്കൊപ്പമായിരുന്നു. അതിനാൽ ഒന്നും പറ‍ഞ്ഞില്ല. എന്നാൽ ഞാനൊരിക്കലും ഇത്തരം അർഥശൂന്യമായ വിഡ്ഡിത്തങ്ങളെ പിന്തുണയ്ക്കില്ല'- നിതീഷ് വിശദമാക്കി.

കഴിഞ്ഞ മാസം ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചതിനു പിന്നാലെ നിതീഷ് അവർക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. 2024ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിപക്ഷ മുന്നണി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം.

TAGS :

Next Story