'എസിയില്ലാതെ 90 മിനിറ്റ്, വിയര്‍പ്പ് തുടയ്ക്കാന്‍ ടിഷ്യു': ഇന്‍ഡിഗോയിലെ ദുരനുഭവം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ്
പേപ്പറുകളും ടിഷ്യുവും വീശിയാണ് യാത്രക്കാർ ചൂടിനെ അകറ്റിയത്
ഛണ്ഡിഗഢ്: ഇൻഡിഗോ വിമാനത്തിലെ ദുരനുഭവം പങ്കുവെച്ച് പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അമരീന്ദർ സിങ് രാജ. വിമാനത്തിലെ എ.സി ഇല്ലാത്ത 90 മിനിറ്റ് നേരത്തെ കുറിച്ചാണ് കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ഛണ്ഡിഗഢിൽ നിന്നും ജയ്പൂരിലേക്കുള്ള യാത്രയിലാണ് സംഭവം.
ടേക്ക് ഓഫ് മുതൽ ലാൻഡിങ് വരെ വിമാനത്തില്‍ എ.സി പ്രവർത്തിച്ചില്ലെന്ന് അമരീന്ദർ സിങ് രാജ പറഞ്ഞു. യാത്രയിലുടനീളം എല്ലാവരും കഷ്ടപ്പെട്ടു. ഗുരുതരമായ വിഷയമായിട്ടും പരിഹാരം കാണാൻ നീക്കമുണ്ടായില്ല. വിയര്‍പ്പ് തുടയ്ക്കാന്‍ എയര്‍ഹോസ്റ്റസ് ‘ഉദാരമായി’ ടിഷ്യു വിതരണം ചെയ്തിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
യാത്രയിൽ പേപ്പറുകളും ടിഷ്യുവും വീശിയാണ് യാത്രക്കാർ ചൂടിനെ അകറ്റിയതെന്ന് കോണ്‍ഗ്രസ് നേതാവ് എക്സില്‍ പ്രതികരിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെയും ടാഗ് ചെയ്തു. വിമാന കമ്പനിക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
Adjust Story Font
16