മൃതദേഹം കൊണ്ടു പോകാൻ ആംബുലൻസ് ഇല്ല; നാല് വയസുകാരിയുടെ മൃതദേഹം തോളിൽ ചുമന്ന് പിതാവ്
സ്വകാര്യ വാഹനം ഒരുക്കുന്നതിന് പണമില്ലാത്തതിനാൽ കുട്ടിയുടെ മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് ബക്‌സ്വാഹയിലേക്കുള്ള ബസിൽ കയറേണ്ടി വന്നു
ഭോപ്പാൽ: മൃതദേഹം കൊണ്ടു പോകാൻ ആശുപത്രിയിൽ ആംബുലൻസ് ഇല്ലാത്തതിനാൽ മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ നാല് വയസുകാരിയുടെ മൃതദേഹം പിതാവ് തോളിൽ ചുമന്ന് കൊണ്ടു പോയി. കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് തിങ്കളാഴ്ചയായിരുന്നു ദാമോയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ കുട്ടി അന്നുതന്നെ മരിച്ചു. മൃതദേഹം വീട്ടിലെത്തിക്കാൻ ആശുപത്രി അധികൃതരോട് ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും അവരിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് ലക്ഷ്മൺ അഹിർവാർ ആരോപിച്ചു.
സ്വകാര്യ വാഹനം ഒരുക്കുന്നതിന് പണമില്ലാത്തതിനാൽ കുട്ടിയുടെ മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് ബക്‌സ്വാഹയിലേക്കുള്ള ബസിൽ കയറേണ്ടി വന്നു. ബക്സ്വാഹയിലെത്തിയ ശേഷം മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ വാഹനം നൽകണമെന്ന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അവർ നിരസിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ, ജില്ല ആശുപത്രിയിലെ സിവിൽ സർജൻ ഡോ മംമ്ത തിമോരി പിതാവിന്റെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. വാഹനമാവശ്യപ്പെട്ട് ആരും ഞങ്ങളെ സമീപിച്ചില്ല. ഞങ്ങൾക്ക് ആംബുലൻസ് ഉണ്ട്. റെഡ് ക്രോസിൽ നിന്നോ മറ്റേതെങ്കിലും എൻ.ജി.ഒയിൽ നിന്നോ വാഹനം ക്രമീകരിക്കാവുന്നതേയുള്ളുവെന്നും തിമോരി പറഞ്ഞു. ചികിത്സക്കായി ആശുപത്രിയിലെത്താൻ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് രോഗികൾ മരിക്കുന്ന കേസുകൾ സംസ്ഥാനത്ത് വ്യാപകമാണ്.
Adjust Story Font
16