'പല്ല് കൊഴിഞ്ഞിട്ടും അഭിനയിക്കുന്നു, യുവതാരങ്ങള്‍ക്ക് അവസരമില്ല'; രജനീകാന്തിനെ പരിഹസിച്ച് ഡിഎംകെ മന്ത്രി
ഡിഎംകെയും താരത്തിനെതിരെ രംഗത്തെത്തിയതോടെ ചൂടേറിയ വാഗ്വാദത്തിന് വഴിവയ്ക്കുകയും ചെയ്തു
ചെന്നൈ: ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളെ പരിഹസിച്ചുകൊണ്ടുള്ള സൂപ്പര്‍താരം രജനീകാന്തിന്‍റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ 'പഴയ കാവല്‍ക്കാര്‍' എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇതോടെ ഡിഎംകെയും താരത്തിനെതിരെ രംഗത്തെത്തിയതോടെ ചൂടേറിയ വാഗ്വാദത്തിന് വഴിവയ്ക്കുകയും ചെയ്തു.
ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു രജനിയുടെ പരാമര്‍ശം. "ഒരു സ്കൂൾ അധ്യാപകനെ (സ്റ്റാലിൻ) സംബന്ധിച്ചിടത്തോളം, പുതിയ വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുന്നത് ഒരു പ്രശ്നമല്ല. എന്നാൽ പഴയ വിദ്യാർത്ഥികളെ (മുതിർന്ന നേതാക്കൾ) കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.ഇവിടെ (ഡിഎംകെയിൽ), ധാരാളം പഴയ വിദ്യാർത്ഥികളുണ്ട്. ഇവർ സാധാരണ വിദ്യാർത്ഥികളല്ല.അവരെല്ലാം റാങ്ക് ഹോൾഡർമാരാണ്. അവരെ എങ്ങനെ കൈകാര്യം ചെയ്യും? പ്രത്യേകിച്ച് ദുരൈ മുരുകനെപ്പോലുള്ളവർ. സ്റ്റാലിൻ സാർ, സല്യൂട്ട്''എന്നായിരുന്നു രജനി പറഞ്ഞത്.
എന്നാല്‍ രജനിയുടെ പരാമര്‍ശം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ദുരൈ മുരുകന് അത്ര പിടിച്ചില്ല. താരത്തിനെതിരെ മുരുകന്‍ ആഞ്ഞടിച്ചു. സിനിമാ മേഖലയെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു ദുരൈ മുരുകന്‍റെ പരിഹാസം. ''പല്ല് കൊഴിഞ്ഞിട്ടും ചിലര്‍ താടി വളര്‍ത്തിക്കൊണ്ട് ഇപ്പോഴും ചില അഭിനേതാക്കള്‍ പഴയ വേഷങ്ങളില്‍ മുറുകെപ്പിടിക്കുന്നു. ഇതുകാരണം യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ല'' മന്ത്രി പറഞ്ഞു. രജനിയുടെ പേര് പരാമര്‍ശിക്കാതെ പരോക്ഷമായിട്ടായിരുന്നു പ്രതികരണം. എന്നാല്‍ ദുരൈ മുരുകന്‍റെ പരാമര്‍ശം വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. രജനിയെയാണ് മന്ത്രി ലക്ഷ്യമിട്ടതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി.
അതേസമയം മുൻ മുഖ്യമന്ത്രി എം. കരുണാനിധിയെക്കുറിച്ചുള്ള പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിനിടെ, തൻ്റെ പിതാവിൻ്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്ന സ്റ്റാലിനെ രജനികാന്ത് പ്രശംസിച്ചു."എൻ്റെ പ്രിയ സുഹൃത്ത് സ്റ്റാലിൻ, അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം, അവർ (ഡിഎംകെ) നേരിട്ട എല്ലാ തെരഞ്ഞെടുപ്പുകളിലും തുടർച്ചയായ വിജയങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ. അത് അദ്ദേഹത്തിൻ്റെ നേതൃത്വത്തെയും കഠിനാധ്വാനത്തെയും രാഷ്ട്രീയ അറിവിനെയും പ്രതിഫലിപ്പിക്കുന്നു. ഏതെങ്കിലും ഒരു പാർട്ടി നേതാവോ പാർട്ടിയുടെ കുലപതിയോ മരിച്ചാൽ അനുയായികള്‍ ആ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടുന്നത് നമ്മൾ കണ്ടതാണ്.പലരും പരാജയപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ എല്ലാവരും കണ്ടിരിക്കണം. എന്നാൽ ഇവിടെ സ്റ്റാലിൻ എല്ലാം വളരെ എളുപ്പത്തിൽ മുന്നോട്ട് കൊണ്ടുപോകുകയാണ്'' രജനീകാന്ത് പറഞ്ഞു.
Adjust Story Font
16