Quantcast

ആദായ നികുതിയിൽ മാറ്റമില്ല; 55 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും

‘40,000 സാധാരണ റെയിൽവേ ബോഗികൾ വന്ദേഭാരതാക്കി മാറ്റും’

MediaOne Logo

Web Desk

  • Updated:

    2024-02-01 07:07:19.0

Published:

1 Feb 2024 7:06 AM GMT

nirmala sitharaman
X

ന്യൂഡൽഹി: 10 വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പുതിയ പദ്ധതികൾ കാര്യമായി അവതരിപ്പിക്കാതെയും രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ആദായനികുതി പരിധിയിൽ മാറ്റമൊന്നും കൊണ്ടുവന്നിട്ടില്ല. ഇറക്കുമതി തീരുവയും നിലവിലേത് തുടരും.

രാജ്യത്ത് കൂടുതൽ മെഡിക്കൽ കോളേജുകൾ നിർമിക്കാൻ നിലവിലെ ആശുപത്രികളെ ഉപയോഗിക്കും. ഇതിനായി സമിതിയെ നിയോഗിക്കും. ക്ഷീര കർഷകരുടെ ക്ഷേമത്തിന് പദ്ധതി ആവിഷ്കരിക്കും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അഞ്ച് ഇൻ്റഗ്രേറ്റഡ് അക്വാ പാർക്കുകൾ നിർമിക്കും. 55 ലക്ഷം തൊഴിൽ അവസരങ്ങൾ ഒരുക്കും. വിളകൾക്ക് ദീർഘകാല പലിശ രഹിത വായ്പ നൽകാൻ സംവിധാനമുണ്ടാകും. മൂന്ന് മേജർ റെയിൽവേ ഇക്കണോമിക് ഇടനാഴികൾ നടപ്പാക്കും. 40,000 സാധാരണ റെയിൽവേ ബോഗികൾ വന്ദേഭാരത് ബോഗികളാക്കി മാറ്റും.

കഴിഞ്ഞ പത്ത് വർഷം കൊണ്ട് വിമാനത്താവളങ്ങൾ 149 ആയി. 249 പുതിയ വിമാനത്താവളങ്ങൾ കൂടി നിർമിക്കും. 1000 പുതിയ വിമാനങ്ങൾക്ക് ഇന്ത്യൻ കമ്പനികൾ ഓർഡർ നൽകി. വലിയ നഗരങ്ങളിൽ മെട്രോ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കും.

പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകൾ ഉപയോഗപ്പെടുത്തും. ടൂറിസം കേന്ദ്രങ്ങളുടെ റാങ്ക് നിർണയിക്കാൻ സംവിധാനം കൊണ്ടുവരും. ലക്ഷദ്വീപ് ഉൾപ്പടെയുള്ള ദ്വീപുകളിലേക്ക് ഗതാഗത സംവിധാനങ്ങൾ വർധിപ്പിക്കും. ഇത് ടൂറിസത്തിന് ഗുണം ചെയ്യും.

അതിവേഗ ജനസംഖ്യ വർധന കൊണ്ടുള്ള പ്രശ്നങ്ങൾ പഠിക്കാൻ ഹൈപവർ കമ്മിറ്റി രൂപീകരിക്കും. വികസന ഭാരതത്തിലേക്കുള്ള റോഡ് മാപ്പ് പൂർണ ബജറ്റിൽ അവതരിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

നികുതി വരുമാനം 23.24 ലക്ഷം കോടിയായും ചെലവ് 44.90 ലക്ഷം കോടിയായും ഉയർന്നു. റവന്യൂ വരുമാനം 30.03 ലക്ഷം കോടിയായി വർധിപ്പിക്കും. ജിഡിപിയുടെ 5.8 ശതമാനമാണ് ധനക്കമ്മി. 2024-25ൽ ധനക്കമ്മി ജി.ഡി.പിയുടെ 5.1 ശതമാനമായി കുറയും.

50 വർഷത്തെ നികുതി രഹിത മൂലധന വായ്പ ഈ വർഷവും തുടരും. പ്രത്യക്ഷ നികുതി പിരിവിൽ കഴിഞ്ഞ 10 വർഷത്തിൽ വർധനവ് ഉണ്ടായി. നികുതി ദായകരുടെ പണം രാജ്യത്തിൻ്റെ വികസനത്തിന് ഉപയോഗിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

58 മിനുട്ട് കൊണ്ട് ബജറ്റ് അവതരണം അവസാനിപ്പിച്ചു. ജൂലൈയിൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുമെന്നും അവർ പ്രഖ്യാപിച്ചു.



TAGS :

Next Story