Quantcast

കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് യു.പി സർക്കാർ

ബിജെപി മന്ത്രിമാർ തന്നെ ഓക്‌സിജൻ ക്ഷാമത്തെക്കുറിച്ച് ആരോപണമുന്നയിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞെങ്കിലും അങ്ങനെയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

MediaOne Logo

Web Desk

  • Published:

    16 Dec 2021 1:01 PM GMT

കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് യു.പി സർക്കാർ
X

കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം മൂലം സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് യു.പി സർക്കാർ. കോവിഡ് ബാധിച്ചു മരിച്ച 22,915 പേരിൽ ആരുടെയും മരണ സർട്ടിഫിക്കറ്റിൽ ഓക്‌സിജൻ ലഭിക്കാതെയാണ് മരിച്ചതെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ലെജ്‌സ്ലേറ്റീവ് കൗൺസിലിൽ കോൺഗ്രസ് അംഗം ദീപക് സിങ്ങിന്റെ ചോദ്യത്തിന് മറുപടിയായാണ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് ഇക്കാര്യം അറിയിച്ചത്. അതേസമയം സ്വന്തം മന്ത്രിമാർ തന്നെ ഈ വിഷയം ഉന്നയിച്ചതിന്റെ വിവരങ്ങൾ സർക്കാരിന്റെ പക്കലുണ്ടോയെന്ന് ദീപക് സിങ് ചോദിച്ചു.

ഓക്‌സിജൻ ക്ഷാമം മൂലം ആളുകൾ മരിച്ചതായി ചൂണ്ടിക്കാണിച്ച് നിരവധി മന്ത്രിമാർ സർക്കാരിന് കത്തയച്ചിട്ടുണ്ട്. ഇതിന് പുറമെ പല എംപിമാരും ഇത്തരം പരാതി ഉയർത്തിയിട്ടുണ്ട്. ഓക്‌സിജൻ ക്ഷാമം മൂലം നിരവധി മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. സംസ്ഥാനത്താകെയുണ്ടായ ഇത്തരം മരണങ്ങളെക്കുറിച്ച് ഒരു വിവരവും സർക്കാറിനില്ലേ? ഓക്‌സിജൻ ക്ഷാമം മൂലം ജനങ്ങൾ ബുദ്ധിമുട്ടിയതും ശവശരീരങ്ങൾ ഗംഗയിൽ ഒഴുകിനടന്നതും സർക്കാർ അറിഞ്ഞില്ലേ?-ദീപക് സിങ് ചോദിച്ചു.

എന്നാൽ കോവിഡ് ബാധിച്ചു മരിച്ച ഒരു രോഗിയുടെ പോലും മരണ സർട്ടിഫിക്കറ്റിൽ ഓക്‌സിജൻ ക്ഷാമം മൂലമാണ് മരിച്ചതെന്ന് രേഖപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ഇതിന് മന്ത്രിയുടെ മറുപടി. കോവിഡ് കാലത്തുണ്ടായ പലമരണങ്ങളും മറ്റു കാരണങ്ങൾകൊണ്ടാണ്. ഓക്‌സിജൻ ക്ഷാമം ഉണ്ടായപ്പോഴെല്ലാം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഓക്‌സിജൻ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓക്‌സിജൻ ക്ഷാമത്തെക്കുറിച്ച് സമാജ്‌വാദി പാർട്ടി അംഗം ഉദയ്‌വീർ സിങ്ങും സർക്കാരിനെതിരെ വിമർശനമുന്നയിച്ചിരുന്നു. ഓക്‌സിജൻ ക്ഷാമത്തെക്കുറിച്ച് ഡോക്ടറുടെ വീഡിയോ വൈറലായതിനെ തുടർന്ന് ആഗ്ര പരസ് ഹോസ്പിറ്റലിനെതിരെ സർക്കാർ നടപടിയെടുത്തതായി അദ്ദേഹം ആരോപിച്ചു. ആശുപത്രിയിലെ പകുതി രോഗികൾക്ക് മാത്രം ഓക്‌സിജൻ നൽകുകയും ബാക്കിയുള്ളവരെ മരിക്കാൻ വിടുകയുമായിരുന്നു, ഇത് ജില്ലാ മജിസ്‌ട്രേറ്റിന്റെ നിർദേശപ്രകാരമാണ് ചെയ്തതെന്നും ഡോക്ടർ വീഡിയോയിൽ പറഞ്ഞിരുന്നു.

എന്നാൽ ജില്ലാ മജിസ്‌ട്രേറ്റും പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷിച്ചെന്നും മോക്ഡ്രില്ലിന്റെ ഭാഗമായാണ് ഓക്‌സിജൻ വിതരണം നിർത്തിവെച്ചത് എന്നുമായിരുന്നു മന്ത്രിയുടെ മറുപടി.


TAGS :

Next Story