എ.എ.പി-ബി.ജെ.പി തര്‍ക്കം: ഡൽഹി മേയർ തെരഞ്ഞെടുപ്പ് മൂന്നാം തവണയും മാറ്റിവച്ചു
10 ദിവസത്തിനുള്ളില്‍ മേയര്‍ തെരഞ്ഞെടുപ്പ് കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്ന് എ.എ.പി
ഡല്‍ഹി: ഡൽഹിയിൽ പുതിയ മേയറെ തെരഞ്ഞെടുക്കുന്നത് മൂന്നാം തവണയും മാറ്റിവച്ചു. ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെയും ബി.ജെ.പിയുടെയും അംഗങ്ങൾ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇന്നും മേയറെ തെരഞ്ഞെടുക്കാന്‍ കഴിയാതെ പോയത്.
ബി.ജെ.പിയുടെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ എ.എ.പി അധികാരത്തിലെത്തിയത്. 250 വാര്‍ഡുകളില്‍ 134 ഇടത്ത് എ.എ.പി വിജയിച്ചു. ബി.ജെ.പി 104 സീറ്റുകളിലാണ് വിജയിച്ചത്. ഡിസംബർ 4ന് നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ശേഷം മൂന്നാം തവണയും നടപടിക്രമങ്ങൾ തടസ്സപ്പെട്ടതിനാല്‍ പുതിയ മേയറെ ഇതുവരെ തെരഞ്ഞെടുക്കാനായില്ല. ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ സക്സേന നാമനിര്‍ദേശം ചെയ്ത 10 പേരെ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് മേയര്‍ തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തിയത്.
ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആക്റ്റ് പ്രകാരം നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവില്ല. ഇക്കാര്യമാണ് എ.എ.പി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ പ്രിസൈഡിങ് ഓഫീസറാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്ക് വോട്ട് ചെയ്യാമെന്ന് തീരുമാനിച്ചതെന്നും എ.എ.പി തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുകയാണെന്നും കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ആരോപിച്ചു.
10 ദിവസത്തിനുള്ളില്‍ മേയര്‍ തെരഞ്ഞെടുപ്പ് കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്ന് എ.എ.പി നേതാക്കള്‍ അറിയിച്ചു. മേയര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബി.ജെ.പിയുടെ നീക്കമെന്ന് എ.എ.പി ആരോപിച്ചു. തെരഞ്ഞെടുപ്പ് സുതാര്യമായി നടക്കണം, ഡല്‍ഹിക്ക് മേയറം വേണമെന്ന് എ.എ.പി നേതാവ് അതിഷി പറഞ്ഞു.
Summary- The exercise to elect a new mayor of Delhi failed for the third time in a row after members of the ruling Aam Aadmi Party and the BJP caused a ruckus in the municipal House on Monday
Adjust Story Font
16