Quantcast

അന്താരാഷ്ട്ര പ്രശ്‌നങ്ങളിൽ നരേന്ദ്രമോദിയുടെ അഭിപ്രായം തേടാതെ ചർച്ചകളൊന്നും പൂർണമാകില്ല: അമിത് ഷാ

എട്ട് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി മോദി ആഗോളതലത്തിൽ രാജ്യത്തെ ഉയർച്ചയിലേക്കു കൊണ്ടുപോകുന്നതിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവെന്നും അമിത് ഷാ

MediaOne Logo

Web Desk

  • Updated:

    2022-05-30 12:41:53.0

Published:

30 May 2022 12:27 PM GMT

അന്താരാഷ്ട്ര പ്രശ്‌നങ്ങളിൽ നരേന്ദ്രമോദിയുടെ അഭിപ്രായം തേടാതെ ചർച്ചകളൊന്നും പൂർണമാകില്ല: അമിത് ഷാ
X

അഹമ്മദാബാദ്: റഷ്യ-യുക്രൈൻ യുദ്ധം, കോവിഡ് തുടങ്ങിയ വിഷയങ്ങളിൽ നരേന്ദ്ര മോദിയുടെ അഭിപ്രായം തേടാതെ അന്താരാഷ്ട്ര തലത്തിൽ ഒരു ചർച്ചയും പൂർണമാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിവേഗം മുന്നേറുകയാണെന്നും ഷാ വ്യക്തമാക്കി. അഹമ്മദാബാദിലെ നാരൻപുര പ്രദേശത്ത് 632 കോടി രൂപയുടെ പുതിയ അന്താരാഷ്ട്ര നിലവാരമുള്ള കായിക സമുച്ചയത്തിന് തറക്കല്ലിട്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അഹമ്മദാബാദിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്സ് കോംപ്ലക്സുകൾ സ്ഥാപിക്കുന്നതോടെ കായിക താരങ്ങൾക്ക് പരിശീലനത്തിനുള്ള സൗകര്യങ്ങൾ നഗരത്തിൽ വർധിച്ചുവെന്നും ഷാ പറഞ്ഞു. ലോകത്ത് ഇന്ത്യയുടെ സ്ഥാനം ഉയർത്താൻ പ്രധാനമന്ത്രി പ്രവർത്തിച്ചിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ എട്ട് വർഷം പൂർത്തിയാക്കി. ഈ എട്ട് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി മോദി രാജ്യത്തെ ആഗോളതലത്തിൽ ഉയർച്ചയിലേക്കു കൊണ്ടുപോകുന്നതിൽ കാര്യക്ഷമമായി പ്രവർത്തിച്ചു,' അമിത് ഷാ കൂട്ടിച്ചേർത്തു. കോവിഡ് വാക്‌സിനുകൾ ഉണ്ടാക്കുന്നതിനെ കുറിച്ചോ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചോ പരിസ്ഥിതി വിഷയങ്ങളെ കുറിച്ചോ നരേന്ദ്ര മോദിയുടെ അഭിപ്രായം തേടിയില്ലെങ്കിൽ അത്തരം ചർച്ചകളെല്ലാം അപൂർണമാണെന്നും അമിത് ഷാ പറഞ്ഞു.

സർദാർ പട്ടേൽ സ്പോർട്സ് കോംപ്ലക്സിന്റെ നിർമ്മാണത്തോടെ അഹമ്മദാബാദ് ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന നഗരമായി മാറുമെന്നും ഇത് അഭിമാനകരമായ നേട്ടമാണെന്നും ഷാ വിശദമാക്കി. അഹമ്മദാബാദിലെ നാരൺപുരയിലെ കായിക സമുച്ചയം രാജ്യത്തിന് കൂടുതൽ മെഡലുകൾ കൊണ്ടുവരാൻ വിദ്യാർത്ഥികളെ സജ്ജമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർത്ഥികൾക്ക് കളിക്കാനും അവരുടെ കായിക കഴിവുകൾ കണ്ടെത്താനും ദേശീയ അന്തർദേശീയ തലങ്ങളിൽ സംസ്ഥാനത്തിന് പേരു നൽകാനും ഇതു വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാവിയിൽ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ സ്പോർട്സ് കോംപ്ലക്സിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ ഏറെ ഗുണനിലവാരമുള്ളതാണെന്ന് ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര കായിക, വാർത്താ പ്രക്ഷേപണ, യുവജനകാര്യ മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. എല്ലാ എംഎൽഎമാരും എംപിമാരും ഗെയിമിംഗ് പരിപാടികൾ സംഘടിപ്പിക്കാനും അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും തുടങ്ങിയാൽ ഇന്ത്യൻ കളിക്കാർ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story