'പൂക്കളോ പൊന്നാടയോ വേണ്ട, സ്നേഹവും ആദരവും സമ്മാനമായി പ്രകടിപ്പിക്കണമെങ്കിൽ പുസ്തകങ്ങൾ തരൂ' ; സിദ്ധരാമയ്യ
തന്റെ വാഹനം കടന്നുപോകാൻ മറ്റു വാഹനങ്ങൾ തടഞ്ഞിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു
ബംഗളൂരു: കർണാടകയിലെ വലിയ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അധികാരത്തിലെത്തിയ സിദ്ധരാമയ്യ സർക്കാർ പുതിയ പ്രഖ്യാപനങ്ങള്‍കൊണ്ടും തീരുമാനങ്ങള്‍കൊണ്ടും ശ്രദ്ധയാകർഷിക്കുകയാണ്. ഇപ്പോഴിതാ ബഹുമാന സൂചകമായി പരിപാടികളിൽ നൽകുന്ന പൂക്കളോ പൊന്നാടയോ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആളുകൾക്ക് അവരുടെ സ്നേഹവും ആദരവും സമ്മാനമായി പ്രകടിപ്പിക്കണമെങ്കിൽ പുസ്തകങ്ങൾ നൽകാമെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിട്ടുണ്ട്.
സിദ്ധരാമയ്യയുടെ പുതിയ തീരുമാനത്തിന് അഭിനന്ദമറിയിച്ച് നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. പുരോഗമനപരമായ ഒരു തീരുമാനമാണെന്നും ഇത്തരം നേതാക്കള്‍ ഇനിയും ഉണ്ടാകണമെന്നുമൊക്കെയാണ് ട്വിറ്ററിലൂടെ ജനങ്ങള്‍ പ്രതികരിക്കുന്നത്.
തന്റെ വാഹനം കടന്നുപോകാൻ മറ്റു വാഹനങ്ങൾ തടഞ്ഞിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. സീറോ ട്രാഫിക് പ്രോട്ടോക്കോൾ ഒഴിവാക്കാൻ ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു. വാഹനങ്ങൾ തടഞ്ഞിടുന്നത് മൂലം ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് ഈ നിർദേശം നൽകുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.
ശനിയാഴ്ചയാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ പ്രധാനപ്പെട്ട അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ തത്വത്തിൽ തീരുമാനമെടുത്തിരുന്നു. കുടുംബനാഥരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, ബി.പി.എൽ കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ അരി, തൊഴിൽരഹിതരായ യുവാക്കൾക്ക് സാമ്പത്തിക സഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് നടപ്പാക്കാൻ തീരുമാനിച്ചത്.
എട്ട് മന്ത്രിമാരാണ് ശനിയാഴ്ച സിദ്ധരാമയ്യക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭാ വിപുലീകരണ ചർച്ചകൾ പാർട്ടിയിൽ പുരോഗമിക്കുകയാണ്. 23 മന്ത്രിമാർ പുതുതായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഈ ആഴ്ച അവസാനത്തോടെ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകും.
Adjust Story Font
16