Quantcast

'കൈയും കാലുമില്ലെങ്കിലും വണ്ടിയോടിച്ച് കുടുംബം പോറ്റുന്നു'; വിഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര; ജോലിക്കും ശുപാർശ

മഹീന്ദ്രയുടെ ലോജിസ്റ്റിക്‌സ് വിഭാഗത്തെ ടാഗ് ചെയ്ത് യുവാവിന് കമ്പനിയുടെ ഹോംഡെലിവറി വിഭാഗത്തിൽ ജോലി നൽകാൻ ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട് ആനന്ദ് മഹീന്ദ്ര

MediaOne Logo

Web Desk

  • Published:

    27 Dec 2021 11:52 AM GMT

കൈയും കാലുമില്ലെങ്കിലും വണ്ടിയോടിച്ച് കുടുംബം പോറ്റുന്നു; വിഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര; ജോലിക്കും ശുപാർശ
X

സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ എന്നും വാർത്തയിൽ നിറയുന്നയാളാണ് വ്യവസായി ആനന്ദ് മഹീന്ദ്ര. ജീവകാരുണ്യ പ്രവർത്തനങ്ങൾ മുതൽ രാജ്യത്തിന്റെ അഭിമാനമുയർത്തുന്ന പ്രതിഭകളെ ആദരിക്കൽവരെ എല്ലാം ട്വിറ്ററിലാണ്. ഇന്നിപ്പോൾ ഏറെ പ്രചോദനാത്മകമായ മറ്റൊരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

ഇരുകാലിനും കൈകൾക്കും അവശതയുള്ളൊരു യുവാവ് വാഹനമോടിച്ച് കുടുംബം പോറ്റുന്ന വിഡിയോ ആണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. ഇന്ന് ട്വിറ്റർ ടൈംലൈനിൽനിന്ന് ലഭിച്ചതാണെന്ന് പറഞ്ഞാണ് വിഡിയോ പങ്കുവച്ചത്. ''എത്ര പഴക്കമുള്ളതാണെന്നോ എവിടെനിന്നുള്ളതാണെന്നോ ഒന്നും അറിയില്ല. പക്ഷെ, ഈ നല്ല മനുഷ്യനെക്കണ്ട് അന്തംവിട്ടിരിക്കുകയാണ് ഞാൻ. സ്വന്തം വൈകല്യങ്ങളെ നേരിടുക മാത്രമല്ല, സ്വന്തമായുള്ളതിനെല്ലാം നന്ദിയുള്ളയാൾ കൂടിയാണ് അദ്ദേഹം.'' ട്വീറ്റിൽ അദ്ദേഹം കുറിച്ചു. മഹീന്ദ്രയുടെ ലോജിസ്റ്റിക്‌സ് വിഭാഗത്തെ ടാഗ് ചെയ്ത് യുവാവിന് കമ്പനിയുടെ ഹോംഡെലിവറി വിഭാഗത്തിൽ ബിസിനസ് അസോഷ്യേറ്റായി ജോലി നൽകാൻ ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ബൈക്കിന്റെ എൻജിൻ ഉപയോഗിച്ച് സ്വന്തമായി വികസിപ്പിച്ച വാഹനത്തിൽ അധ്വാനിച്ച് കുടുംബം പോറ്റുകയാണ് യുവാവ്. അഞ്ചുവർഷത്തോളമായി തന്റെ ഉപജീവനമാർഗമാണിതെന്ന് വിഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്. ഇരുകൈകളും മുട്ടിനു താഴോട്ട് പൂർണമായുമില്ല. കാലുകളും സമാനമാണ്. എന്നാൽ, അവശതകൾ പറഞ്ഞ് വീട്ടിലിരിക്കാൻ അദ്ദേഹമില്ല. അവശതകളൊരു ശേഷിയാക്കിമാറ്റുകയായിരുന്നു അദ്ദേഹം.

രണ്ടു മക്കളും പ്രായമായ പിതാവും ഭാര്യയുമടങ്ങുന്നതാണ് കുടുംബമെന്ന് വിഡിയോയിൽ യുവാവ് പറയുന്നുണ്ട്. ഇവരെയെല്ലാം പോറ്റുന്നത് അദ്ദേഹമൊറ്റയ്ക്കാണ്. എല്ലാം ദൈവത്തിന്റെ കാരുണ്യമെന്നും വിശ്വസിക്കുന്നു. മറ്റുള്ളവരെപ്പോലെത്തന്നെ അനായാസം വണ്ടിയോടിച്ച് പറക്കുന്നു വിഡിയോയ്‌ക്കൊടുവിൽ യുവാവ്.

TAGS :

Next Story