ട്രെയിനില്‍ ഉച്ചത്തിൽ പാട്ടും സംസാരവും വേണ്ട; റെയില്‍വേയുടെ പുതിയ ഉത്തരവ്
കൂട്ടമായി യാത്ര ചെയ്യുന്നവരെ രാത്രി വൈകിയും സംസാരിച്ചിരിക്കാൻ അനുവദിക്കില്ലെന്നും രാത്രി പത്തിന് ശേഷം ലൈറ്റണക്കണം എന്നും റെയിൽവേ നിർദേശമുണ്ട്
ട്രെയിനിലെ മറ്റു യാത്രികർക്ക് അരോചകമാവുന്ന രീതിയിൽ ഉച്ചത്തിലുള്ള പാട്ടും സംസാരവും നിരോധിച്ച് റെയിൽവേയുടെ ഉത്തരവ്. ആരെയെങ്കിലും കുറിച്ച് ഇങ്ങനെ പരാതി ഉയർന്നാൽ കർശനമായ നടപടിയുണ്ടാവുമെന്ന് റെയിൽവേ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ റെയിൽവേ മന്ത്രാലയത്തിന് ലഭിച്ച പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.
യാത്രക്കാർക്ക് ഇത്തരത്തിലുള്ള അസൗകര്യങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ടിക്കറ്റ് ചെക്കർമാർ, ആർ.പി.എഫ് ഉദ്യോഗസ്ഥർ, കോച്ച് അറ്റന്റർമാർ എന്നിവർക്കായിരിക്കും. യാത്രക്കാർ അസൗകര്യങ്ങൾ നേരിട്ടാൽ ഉത്തരവാദികൾ ജീവനക്കാരായിരിക്കും. കൂട്ടമായി യാത്ര ചെയ്യുന്നവരെ രാത്രി വൈകിയും സംസാരിച്ചിരിക്കാൻ അനുവദിക്കില്ലെന്നും രാത്രി പത്തിന് ശേഷം ലൈറ്റണക്കണം എന്നും റെയിൽവേയുടെ നിർദേശമുണ്ട്.
സ്ലീപ്പർ ക്ലാസിനും മറ്റ് ഉയർന്ന ക്ലാസുകൾക്കുമാണ് നിയമം ബാധകമാവുക. ജനറൽ ക്ലാസിന് ഇത് ബാധകമല്ല. ഇയര്‍ ഫോണില്ലാതെ പാട്ട് കേള്‍ക്കരുതെന്നും ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കരുതെന്നും റെയില്‍വേ നടത്തിയ ബോധവത്കരണ സ്പെഷല്‍ ഡ്രൈവില്‍ യാത്രികര്‍ക്ക് നിര്‍ദേശം നല്‍കി.
Adjust Story Font
16