മഹാരാഷ്ട്രയിൽ തിയറ്റർ തുറക്കേണ്ടതില്ല, എന്റർടെയിൻമെന്റിന് ബി.ജെ.പിയുണ്ട്: ശിവസേന
ഓക്ടോബറോടെ സംസ്ഥാനത്ത് സിനിമാ - നാടകശാലകൾ തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.
മഹാരാഷ്ട്ര പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് ശിവസേന വക്താവ് സഞ്ജയ് റാവത്ത്. സംസ്ഥാനത്ത് സിനിമാ തിയറ്ററുകൾ തുറക്കേണ്ടതില്ലെന്നും ജനങ്ങൾക്ക് എന്റർടെയിൻമെന്റിനായി ബി.ജെ.പിയുണ്ടെന്നും സഞ്ജയ് റാവത്ത് പരിഹസിച്ചു. ശിവസേന മുഖപത്രമായ 'സാമ്‌ന'യിലാണ് റാവത്ത് പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
കോവിഡ് മഹാമാരി ആരംഭിച്ചതു മുതൽ രാജ്യത്ത് രാഷ്ട്രീയ വിനോദ പരിപാടികൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. കോമഡിയും ത്രില്ലറും മിസ്റ്ററിയും പ്രതിപക്ഷ പാർട്ടി നടത്തിവരുന്നുണ്ട്. ഈയവസ്ഥയിൽ തിയറ്ററുകൾ പ്രത്യേകമായി തുറക്കേണ്ടതില്ലെന്നാണ് റാവത്ത് കുറിച്ചത്.
കോവിഡ് വിലക്കുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായി ഓക്ടോബറോടെ സിനിമാ - നാടകശാലകൾ തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.
കരുത്തുറ്റ പ്രതിപക്ഷമുള്ള പാരമ്പര്യമുണ്ടായിരുന്നു മഹാരാഷ്ട്രയിൽ. പ്രതിപക്ഷം കാരണം മുഖ്യമന്ത്രിമാർക്ക് രാജിവെച്ചൊഴിയേണ്ടി വന്ന ചരിത്രവുമുണ്ട്. ജോർജ് ഫെർണാണ്ടസും ഹിരൺ മുഖർജിയും സർക്കാരിനെതിരെ കടുത്ത പ്രക്ഷോഭം നയിക്കുകയും സർക്കാരിന്റെ അഴിമതി തുറന്നു കാണിക്കുകയും ചെയ്തിരുന്നു. ശിവാജിറാവു നിലങ്കേക്കർ, എ.ആർ ആന്ദുലേയ്, വിലാസ്‌റാവു ദേശമുഖ് എന്നീ മുഖ്യമന്ത്രിമാർ പ്രതിപക്ഷംമൂലം രാജിവെക്കേണ്ടി വന്നവരാണ്. എന്നാൽ ഇന്നത്തെ പ്രതിപക്ഷം കോമഡി ഷോ ആയെന്നും സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി.
ബി.ജെ.പി വക്താവ് കിരീഡ് സോമൈയയെ പോലുള്ളവർ ഓരോ സംസ്ഥാനത്ത് ചെന്നും അവിടുത്തെ മന്ത്രിമാർക്കെതിരെ പുതിയ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. മന്ത്രിമാരെ അവരുടെ മണ്ഡലങ്ങളില്‍ പോയാണ് അദ്ദേഹം വ്യാജാരോപണങ്ങള്‍ ഉന്നയിക്കുന്നത്. സംസ്ഥാനങ്ങൾ അദ്ദേഹത്തിന്റെ യാത്ര മുടക്കരുത്. അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം സോപ്പു കുമിളകളെ പോലെയാണെന്നും റാവത്ത് കുറ്റപ്പെടുത്തി.
ദേശീയ ഏജൻസികളെ ബി.ജെ.പി പരിഹാസകഥാപാത്രങ്ങളാക്കിയതായും സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേന, കോൺഗ്രസ്, എൻ.സി.പി പാർട്ടികൾ ചേര്‍ന്നുള്ള സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തിരിക്കുന്നത് ബി.ജെ.പിയാണ്.
Adjust Story Font
16