Quantcast

ഉഭയസമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി ആറുമാസം കാത്തിരിക്കേണ്ട, കര്‍ണാടകയിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ്

1886ൽ ചിക്കാഗോയിലെ എ.എം മാർക്കറ്റിൽ രക്തം ചിന്തിയ തൊഴിലാളികളുടെ ധീരസ്മരണയ്ക്ക് മുന്നിലാണ് ഓരോ തൊഴിലാളി ദിനവും ആചരിക്കപ്പെടുന്നത്

MediaOne Logo

Web Desk

  • Updated:

    2023-05-01 17:28:26.0

Published:

1 May 2023 5:24 PM GMT

ഉഭയസമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി ആറുമാസം കാത്തിരിക്കേണ്ട, കര്‍ണാടകയിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ്
X

ലോക തൊഴിലാളി ദിനം

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം. മുതലാളിവത്കരണത്തിന്റെ ചൂഷണങ്ങൾക്കിടയിലും ഏതൊരു രാജ്യത്തിന്റെയും സാമൂഹ്യ ശക്തിയായി തൊഴിലാളികൾ നിലകൊള്ളുന്നു എന്നത് ഈ ലോക തൊഴിലാളി ദിനത്തിൽ കരുത്തുപകരുന്ന പ്രതീക്ഷകൂടിയാണ്.

തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തിൽ ചരിത്രഭൂമികയിൽ മാറ്റത്തിന്റെ അലയൊലികൾ തീർത്ത ദിവസം. മെയ് ഒന്ന് തൊഴിലാളിയുടെ ത്യാഗവും സഹനവും ക്ലേശവും നമ്മെ ഓർമപ്പെടുത്തുകയാണ്. 1886ൽ ചിക്കാഗോയിലെ എ.എം മാർക്കറ്റിൽ രക്തം ചിന്തിയ തൊഴിലാളികളുടെ ധീരസ്മരണയ്ക്ക് മുന്നിലാണ് ഓരോ തൊഴിലാളി ദിനവും ആചരിക്കപ്പെടുന്നത്. എട്ട് മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം എട്ടുമണിക്കൂർ വിനോദം എന്ന മുദ്രാവാക്യം ലോകം മുഴുവൻ മുഴങ്ങി. 1889ൽ പാരീസിൽ ചേർന്ന രാജ്യാന്തര സോഷ്യലിസ്റ്റ് കോൺഗ്രസാണ് ആദ്യമായി മെയ് ദിനം ആചരിച്ചത്. ഇന്ത്യയിൽ ആദ്യമായി മെയ് ദിനം ആചരിച്ചത് 1923ൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാനാണ്..

കാലമിത്ര മുന്നോട്ട് കുതിച്ചെങ്കിലും ഇന്നും തൊഴിലാളിക്ക് പൂർണനീതി കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെയാണ് ഉത്തരം. ചൈനയും റഷ്യയും തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്യുന്ന രീതിയിലേക്ക് എത്തിയിരിക്കുകയാണ്. അമേരിക്കയിൽ ആമസോൺ, സ്റ്റാർബക്‌സ് തുടങ്ങിയ കോർപറേറ്റ് കമ്പനിയിലെ തൊഴിലാളികൾ തങ്ങൾക്ക് തൊഴിൽ നിയമങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്ന അവസ്ഥയിലേക്കടക്കം എത്തി. നിർമിതബുദ്ധി ഉപയോഗിച്ചുള്ള തൊഴിലിടങ്ങൾ കൂടി എത്തുന്നു എന്ന പ്രതിസന്ധിയും തൊഴിലാളിക്ക് അതിജീവിക്കേണ്ട അവസ്ഥ. കോവിഡ് തീർത്ത പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടവരും നിരവധി. മെയ് ദിനം ആഘോഷങ്ങളുടെ മാത്രം ദിവസമല്ല, വരാൻ പോകുന്ന ശക്തമായ സമരങ്ങളിലേക്കുള്ള മുന്നൊരുക്കത്തിന് ഊർജം പകരുന്ന ദിനാചരണം കൂടിയാണ്.

പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനത്തിനായി ഇനി കാത്തിരിക്കേണ്ട

വിവാഹ ബന്ധത്തിൽ വീണ്ടെടുക്കാനാവാത്ത വിധം തകർച്ച നേരിട്ടെന്ന് ബോധ്യമായാൽ ഇനി സുപ്രിംകോടതിക്ക് വിവാഹമോചനം നൽകാം. 142ആം ആർട്ടിക്കിൾ പ്രകാരമാണ് വിവാഹ മോചനം അനുവദിക്കുക. സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്.

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യം ഇല്ല. എന്നാൽ ഇത് നിബന്ധനകൾക്ക് വിധേയമാണെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എഎസ് ഓക്ക, വിക്രം നാഥ്, ജെകെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

സംരക്ഷണം, ജീവനാംശം,കുട്ടികളുടെ അവകാശങ്ങൾ എന്നിവ തുല്യമായി വീതിക്കണം. പരസ്പര സമ്മതോടെയുള്ള വിവാഹ മോചനത്തിന് ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 b പ്രകാരമുള്ള ആറുമാസത്തെ നിർബന്ധിത കാലയളവ് ഒഴിവാക്കണമോ എന്നാണ് ഭരണഘടനാ ബെഞ്ച് പ്രധാനമായി പരിശോധിച്ചത്.

പുരസ്കാരനേട്ടത്തിൽ സീതാരാമം

ഡൽഹിയിൽ നടന്ന പതിമൂന്നാമത് ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പുരസ്‌കാരം നേടി ദുൽക്ക‍ർ സൽമാൻ നായകനായ "സീതാരാമം". റാമിന്‍റെയും സീതയുടെയും പ്രണയം വരച്ചുകാട്ടുന്ന ചിത്രം തിയറ്ററിലും വലിയ വിജയമായിരുന്നു. ചിത്രത്തിലെ ദുൽക്കറിന്‍റെ കഥാപാത്രവും പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിൽ എത്തിയ സീതാരാമം നൂറു കോടി ക്ലബിൽ ഇടംപിടിച്ചു കഴിഞ്ഞു. ആദ്യ പതിനഞ്ചു ദിവസത്തിനുള്ളിൽ തന്നെ 65 കോടി രൂപ ചിത്രം സ്വന്തമാക്കിയിരുന്നു. ദുൽഖർ സൽമാന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും സീതാരാമമാണ്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. സീതാമഹാലക്ഷ്മിയായി മൃണാളെത്തുന്നു. അഫ്രീനായി രശ്മിക മന്ദാനയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചൂടിന് ആശ്വാസമായി ഡൽഹിയിൽ മഴ എത്തി

തിങ്കളാഴ്ച ഡൽഹി-എൻസിആറിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തതോടെ നഗരത്തിലെ താപനില കുറഞ്ഞു. നഗരത്തിലെ കനത്ത ചൂടിന് ആശ്വാസം നൽകുന്നതായിരുന്നു ഇന്ന് പെയ്ത മഴ. കരവാൽ നഗർ, ദിൽഷാദ് ഗാർഡൻ, സീമാപുരി, ഷഹാദ്ര, ഐടിഒ, പാലം, സഫ്ദർജംഗ്, ലോഡി റോഡ്, ഐജിഐ എയർപോർട്ട് തുടങ്ങി ഡൽഹിയുടെ പല സ്ഥലങ്ങളിലും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ കനത്ത മഴയും ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. സമാനമായ കാലാവസ്ഥ അടുത്ത ഏതാനും ദിവസങ്ങളിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച ഡൽഹിയിലെ ചില ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു.

ഏക സിവില്‍ കോഡ് നടപ്പാക്കും; പ്രകടന പത്രിക പുറത്തിറക്കി കര്‍ണാടക ബിജെപി

ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനവുമായി ബിജെപി കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കി. സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നും ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുമെന്നുമാണ് വാഗ്ദാനം. ബിജെപി പ്രജാ പ്രണാലിക് എന്ന പേരിലുള്ള പ്രകടന പത്രിക ദേശീയ പ്രസിഡന്റ് ജെപി നദ്ദയാണ് ബെംഗളൂരുവില്‍ പ്രകാശനം ചെയ്തത്. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ, മുതിര്‍ന്ന നേതാവ് ബി എസ് യെദിയൂരപ്പ തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും അതിവേഗം നാടുകടത്തുന്നത് ഉറപ്പാക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുമെന്നായിരുന്നു പ്രഖ്യാപനം. വികസിത കര്‍ണാടകത്തിനായുള്ള ദര്‍ശന രേഖയാണ് പ്രകടനപത്രികയെന്ന് വിശേഷിപ്പിച്ച ജെ പി നദ്ദ, ഭക്തര്‍ക്ക് ക്ഷേത്രഭരണത്തിന്റെ സമ്പൂര്‍ണ സ്വയംഭരണം നല്‍കുന്നതിന് ഒരു സമിതിയുണ്ടാക്കുമെന്നും വ്യക്തമാക്കി. സുസ്ഥിരമായ ക്ഷേത്ര സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിന് ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുള്ള പ്രാദേശിക ബിസിനസുകളെ നിയന്ത്രിക്കുമെന്നും പ്രകടന പത്രികയിലുണ്ട്.

ഗുജറാത്തിന്‍റെ ദിവസം

രാജ്യത്തെ ഒമ്പതാമത്തെ വലിയ സംസ്ഥാനമായ ഗുജറാത്തിന്‍റെ സ്ഥാപക ദിനമാണ് മെയ് 1. സർവ്വതോന്മുഖമായ പുരോഗതിയും അതോടൊപ്പം തനതായ സംസ്‌കാരവും കൊണ്ട് ഗുജറാത്ത് ഒരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

1960 മെയ് 1 ന് ഗുജറാത്ത് ഒരു പ്രത്യേക സംസ്ഥാനമായി നിലവിൽ വരികയും ഗുജറാത്തികൾ അതിലേക്ക് കുടിയേറുകയും ചെയ്തു. മഹാത്മാഗാന്ധിയെയും സർദാർ പട്ടേലിനെയും പോലുള്ള മഹത്തായ നേതാക്കളുടെ ജന്മസ്ഥലമായ ഗുജറാത്തിന് ഇന്ത്യയുടെ പുരോഗതിക്ക് പ്രത്യേക സംഭാവനയുണ്ട്.

'സ്ത്രീകളുടെ ശരീരം വിലപ്പെട്ടതാണ്, അത് മൂടിവെക്കുന്നതാണ് നല്ലത്'; സൽമാൻ ഖാൻ

ബോളിവുഡ് നടൻ സൽമാൻ ഖാൻ തന്റെ സിനിമാ സെറ്റുകളിൽ കഴുത്ത് ഇറക്കമുള്ള വസ്ത്രം ധരിക്കരുതെന്ന് സ്ത്രീകളോട് നിർദേശിച്ചിരുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. നടി പലിക് തിവാരിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇത് ഏറെ ചർച്ചകൾക്കും വഴിവെച്ചിരുന്നു. ഒടുവിൽ ഈ വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സൽമാൻ ഖാൻ. ആപ് കി അദാലത്ത് എന്ന ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷർട്ടൂരി സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന നടൻ ഇത്തരത്തിലൊരു വസ്ത്ര നിയമം കൊണ്ടുവരുന്നത് ഇരട്ടത്താപ്പ് അല്ലേ എന്നായിരുന്നു ചോദ്യം. അത് ഒരിക്കലും ഇരട്ടത്താപ്പല്ലെന്നും സ്ത്രീകളുടെ ശരീരം വളരെ വിലപ്പെട്ടതാണെന്നും അതുകൊണ്ട് അതിനാൽ മൂടിവെക്കുന്നതാണ് നല്ലതെന്നും സൽമാൻ പറഞ്ഞു.

'മാന്യമായ സിനിമ ചെയ്യുമ്പോൾ എല്ലാവരും അത് കുടുംബത്തോടൊപ്പം കാണും. പ്രശ്നം സ്ത്രീകളുടേതല്ല, പു രുഷന്മാരുടേതാണ്. പുരുഷന്മാർ സ്ത്രീകളെ നോക്കുന്ന രീതിയുടേതാണ്. പുരുഷന്മാർ തെറ്റായ രീതിയിൽ നമ്മുടെ സഹോദരിയേയും ഭാര്യയേയും അമ്മയേയും തുറിച്ചുനോക്കുന്ന രീതി എനിക്ക് ഇഷ്ടമല്ല'. അദ്ദേഹം പറഞ്ഞു.

പാലക് തിവാരിയുടെ പ്രസ്താവന പലരും തെറ്റിദ്ധരിച്ചുവെന്നും സെറ്റിൽ വനിതാ അംഗങ്ങൾ മാന്യമായി വസ്ത്രം ധരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഖാൻ വ്യക്തമാക്കി. ' എനിക്ക് സ്ത്രീകളോടും അവരുടെ ശരീരത്തോടും വലിയ ബഹുമാനമുണ്ട്. അവരോട് ആരും അനാദരവോടെ പെരുമാറാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല'. അദ്ദേഹം പറഞ്ഞു.

മോദിക്കുനേരെ മൊബൈല്‍ ഫോൺ ഏറ്; കർണാടക റോഡ് ഷോയിൽ സുരക്ഷാവീഴ്ച

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ മൊബൈൽ ഫോൺ എറിഞ്ഞ് യുവതി. കർണാടകയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയ്ക്കിടെയാണ് സംഭവം. മൊബൈൽ എറിഞ്ഞയാളെ പൊലീസ് തിരിച്ചറിഞ്ഞു.

ഇന്നലെ വൈകീട്ട് മൈസൂരുവിലെ കെ.ആർ സർക്കിളിൽ നടന്ന റോഡ്‌ഷോയ്ക്കിടെയാണ് സുരക്ഷാവീഴ്ച റിപ്പോർട്ട് ചെയ്തത്. തുറന്ന വാഹനത്തിലായിരുന്നു റോഡ്‌ഷോ. ഇതിനിടെയാണ് ആൾക്കൂട്ടത്തിലുണ്ടായിരുന്ന യുവതി മോദിക്കുനേരെ മൊബൈൽ ഫോൺ എറിഞ്ഞത്. തലനാരിഴയ്ക്കാണ് മോദി രക്ഷപ്പെട്ടത്. മുൻ കർണാടക മുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പയും മറ്റ് ബി.ജെ.പി നേതാക്കളും വാഹനത്തിലുണ്ടായിരുന്നു.

ബി.ജെ.പി പ്രവർത്തകയാണ് മൊബൈൽ അറിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ, ഇവർ മോദിയെ അപായപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ട ആവേശത്തിൽ കൈയിൽനിന്ന് മൊബൈൽ തെറിച്ചുവീഴുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം ഫോൺ യുവതിക്കു തിരിച്ചുകൊടുത്തു.

TAGS :

Next Story