നാഗാലാൻഡിൽ പ്രതിപക്ഷസ്വരം ഉയരില്ല! എൻ.ഡി.പി.പി-ബി.ജെ.പി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് മുഴുവന്‍ പാര്‍ട്ടികളും
മൂന്നാമത്തെ വലിയ കക്ഷിയായ എൻ.സി.പിയും ഇന്നലെ സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചു
കൊഹിമ: നാഗാലാൻഡിൽ തുടർച്ചയായി രണ്ടാം തവണയും പ്രതിപക്ഷമില്ല. നെഫ്യു റിയോ(എൻ. റിയോ) നയിക്കുന്ന എ സർക്കാരിന് എല്ലാ പാർട്ടികളും എൻ.ഡി.പി.പി-ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, എല്ലാ പാർട്ടികളെയും സർക്കാരിൽ പങ്കാളികളാക്കുമോ എന്ന കാര്യം വ്യക്തമല്ല.
കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു ത്രിപുര, മേഘാലയ സംസ്ഥാനങ്ങൾക്കൊപ്പം നാഗാലാൻഡിലും നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. മാർച്ച് രണ്ടിനു ഫലം പ്രഖ്യാപിച്ചപ്പോൾ 37 സീറ്റ് നേടിയാണ് എൻ.ഡി.പി.പി-ബി.ജെ.പി സഖ്യം ഭരണം പിടിച്ചത്. ആകെ 60 അംഗ സഭയിൽ എൻ.ഡി.പി.പിക്ക് 25 സീറ്റ് ലഭിച്ചപ്പോൾ ബി.ജെ.പി 12 ഇടത്തും ജയിച്ചു. നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻ.സി.പി)യായിരുന്നു മൂന്നാമത്തെ വലിയ കക്ഷി. ഏഴ് എം.എൽ.എമാരുള്ള എൻ.സി.പിയും ഇന്നലെ സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
മൂന്ന് അംഗങ്ങളുള്ള എൻ.പി.പി, രണ്ട് അംഗങ്ങൾ വീതമുള്ള ലോക് ജനശക്തി പാർട്ടി(രാംവിലാസ് പാസ്വാൻ), രാംദാസ് അത്താവാലെയുടെ റിപബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ എന്നിവയെല്ലാം നേരത്തെ തന്നെ സർക്കാരിനൊപ്പമാണുള്ളത്. ബാക്കിയുണ്ടായിരുന്ന ജെ.ഡി(യു) എം.എൽ.എയും സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
2021ലും എൻ.ഡി.പി.പി-ബി.ജെ.പി സർക്കാരിന് എല്ലാ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷമില്ലാത്ത സാഹചര്യം സംസ്ഥാനത്തുണ്ടായിരുന്നു. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ഏക പാർട്ടിയായ എൻ.പി.എഫ് ആണ് എൻ. റിയോ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്. എൻ.പി.എഫിന്റെ 24 എം.എൽഎമാർക്കൊപ്പം ബാക്കിയുണ്ടായിരുന്ന ഒരു സ്വതന്ത്രനും സർക്കാരിനെ പിന്തുണച്ചു. ഇതോടെ എല്ലാ കക്ഷികളെയും ഉൾപ്പെടുത്തി മുന്നണിയുടെ പേര് യുനൈറ്റഡ് ഡെമോക്രാറ്റിക് അലയൻസ്(യു.ഡി.എ) എന്നാക്കുകയും ചെയ്തിരുന്നു.
Summary: No opposition in Nagaland House for second time as all parties support Neiphiu Rio led NDPP-BJP alliance government
Adjust Story Font
16