‘മാണ്ഡ്യയിൽ വീണ്ടും മത്സരിക്കാനില്ല’; ബി.ജെ.പിയിൽ ചേരുമെന്ന് സുമലത
2019ൽ സ്വതന്ത്രയായി മത്സരിച്ച സുമലതയെ ബി.ജെ.പി പിന്തുണക്കുകയായിരുന്നു
ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യ ലോക്സഭാ സീറ്റിനെച്ചൊല്ലി എൻ.ഡി.എയിലുള്ള തർക്കങ്ങൾക്ക് വിരാമം. സിറ്റിങ് എം.പി സുമലത അംബരീഷ് ഇത്തവണ മത്സരിക്കില്ലെന്ന് അറിയിച്ചു. കൂടാതെ ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു. മാണ്ഡ്യയിൽ ഇത്തവണ ജെ.ഡി.എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയാണ് എൻ.ഡി.എ സ്ഥാനാർഥി.
2019ൽ സ്വതന്ത്രയായി മത്സരിച്ച സുമലതയെ ബി.ജെ.പി പിന്തുണക്കുകയായിരുന്നു. അന്ന് കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ ആണ് അവർ പരാജയപ്പെടുത്തിയത്. ഇത്തവണയും സുമലത ഇവിടെനിന്ന് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തു. എന്നാൽ, സീറ്റ് ജെ.ഡി.എസിന് നൽകുകയായിരുന്നു. മാർച്ച് 31ന് കുമാരസ്വാമി പിന്തുണ ആവശ്യപ്പെട്ട് സുമലതയെ കണ്ടിരുന്നു. ബി.ജെ.പി സുമലതക്ക് മറ്റു സീറ്റുകൾ നൽകാമെന്ന് അറിയിച്ചെങ്കിലും അവർ നിഷേധിച്ചു.
മുൻ കോൺഗ്രസ് നേതാവും കേന്ദ്ര മന്ത്രിയും നടനുമായ അംബരീഷിന്റെ ഭാര്യയാണ് സുമലത. കഴിഞ്ഞതവണ കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് സ്വതന്ത്രയായി മത്സരിച്ചതും ബി.ജെ.പി പിന്തുണയോടെ വിജയിച്ചതും.
വൊക്കലിഗ സമുദായത്തിന് ഏറെ സ്വാധീനമുള്ള മേഖലയാണ് മാണ്ഡ്യ. ഇവർക്കിടയിൽ ഏറെ പ്രചാരമുള്ള പാർട്ടി കൂടിയാണ് ജെ.ഡി.എസ്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വലിയ രീതിയിൽ വോട്ട് നേടാൻ സാധിച്ചിരുന്നില്ല.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറും വൊക്കലിഗ സമുദായാംഗമാണ്. അതിനാൽ തന്നെ വോട്ടുബാങ്കിന്റെ വലിയൊരു ശതമാനം ഇപ്പോൾ കോൺഗ്രസിനൊപ്പമാണ്. ഇത് തിരിച്ചുകൊണ്ടുവരിക കൂടിയാണ് എച്ച്.ഡി. കുമാരസ്വാമിയുടെ സ്ഥാനാർഥിത്തത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്. സ്റ്റാർ ചന്ദ്രു എന്നറിയപ്പെടുന്ന വെങ്കടരമണ ഗൗഡയാണ് മാണ്ഡ്യയിലെ കോൺഗ്രസ് സ്ഥാനാർഥി.
Adjust Story Font
16