ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം മുസ്‌ലിംകൾക്ക് സംവരണം അനുവദിക്കില്ല; പ്രധാനമന്ത്രി
താൻ മൂന്നാം തവണ അധികാരത്തിലെത്തുമ്പോൾ ഭരണഘടനയുടെ 75ാം വാർഷികം വിപുലമായി ആഘോഷിക്കുമെന്നും മോദി അവകാശപ്പെട്ടു.
ഹൈദരാബാദ്: താൻ ജീവിച്ചിരിക്കുന്ന കാലത്തോളം എസ്.സി- എസ്.ടി വിഭാഗങ്ങളുടെ ചെലവിൽ മുസ്‌ലിംകൾക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ മേദക് ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. താൻ മൂന്നാം തവണ അധികാരത്തിലെത്തുമ്പോൾ ഭരണഘടനയുടെ 75ാം വാർഷികം വിപുലമായി ആഘോഷിക്കുമെന്നും മോദി അവകാശപ്പെട്ടു.
'കോൺഗ്രസ് അവരുടെ വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അവഹേളിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ അവർ അറിയണം- ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം ദലിതുകൾക്കും എസ്.സി- എസ്.ടികൾക്കും ഒബിസികൾക്കും വേണ്ടിയുള്ള സംവരണം മതത്തിൻ്റെ പേരിൽ മുസ്‌ലിംകൾക്ക് നൽകാൻ അനുവദിക്കില്ല'- മോദി പറഞ്ഞു.
'കോൺഗ്രസ് അധികാരത്തിലെത്തിയാൽ അനന്തരാവകാശ നികുതി കൊണ്ടുവരും. പാരമ്പര്യമായി ലഭിച്ച സ്വത്തിൽ 55 ശതമാനത്തിലധികം നികുതി ഈടാക്കാൻ അവർ പദ്ധതിയിടുകയാണ്. വ്യാജ വാഗ്ദാനങ്ങൾ, വോട്ട് ബാങ്ക് രാഷ്ട്രീയം, മാഫിയകളെയും ക്രിമിനലുകളെയും പിന്തുണയ്ക്കൽ, കുടുംബ രാഷ്ട്രീയം, അഴിമതി എന്നിവയാണ് കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോഴെല്ലാം അവരുടെ രാഷ്ട്രീയ ചിഹ്നങ്ങൾ'.
തെലങ്കാനയെ ആദ്യം കൊള്ളയടിച്ചത് ബി.ആർ.എസാണെന്നും ഇപ്പോൾ കോൺഗ്രസാണ് അത് ചെയ്യുന്നതെന്നും മോദി ആരോപിച്ചു. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള സർക്കാരുകൾ മുസ്‌ലിംകൾക്ക് മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നുണ്ടെന്നും നിരാലംബരായ ജാതിക്കാർക്കുള്ള സംവരണം കുറയ്ക്കുന്നുവെന്നും പ്രധാനമന്ത്രി നേരത്തെ ആരോപിച്ചിരുന്നു.
മുസ്‌ലിം സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനുള്ള കർണാടക സർക്കാരിൻ്റെ തീരുമാനത്തെയും മോദി വിമർശിച്ചു. കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മുഴുകുകയാണെന്നും മറ്റ് വിശ്വാസങ്ങളെ പാർട്ടി ശ്രദ്ധിക്കുന്നില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു.
കൂടുതൽ മുസ്‌ലിം സംവരണം ഏർപ്പെടുത്താനുള്ള ഇൻഡ്യാ സഖ്യത്തിന്റെ നിലപാട് തുറന്നുകാട്ടണമെന്ന ആഹ്വാനവുമായി മൂന്നാം ഘട്ട വോട്ടെടുപ്പിലെ എൻഡിഎ സ്ഥാനാർഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന കത്തയച്ചിരുന്നു. സംവരണം അട്ടിമറിക്കുന്നതടക്കം ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും മോദി കത്തിൽ ആവശ്യപ്പെട്ടു.
Adjust Story Font
16