1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങൾക്കിടമില്ലതായി, ഗ്യാൻവാപി സർവേ നിരാശജനകം: മുസ്‌ലിം പേഴ്‌സണൽ ലോബോർഡ്
രാജ്യത്തെ 30,000 മസ്ജിദുകൾ ക്ഷേത്രം തകർത്തു നിർമിച്ചതാണെന്നാണ് ബി.ജെ.പി-സംഘ്പരിവാർ വൃത്തങ്ങൾ അവകാശപ്പെടുന്നതെന്നും അതിനാൽ ഇത്തരം വിവാദങ്ങൾക്ക് അന്ത്യമുണ്ടാകില്ലെന്നും ഇവ നാട്ടിൽ അരാജകത്വം സൃഷ്ടിക്കുമെന്നും ഖാസിം റസൂൽ
ബാബരി മസ്ജിദ് തകർപ്പെട്ടതോടെ നിർമിച്ച 1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങൾക്കിടമില്ലതായെന്നും നിയമം ബിജെപിയടക്കമുള്ള കക്ഷികൾ ഐക്യകണേ്ഠന പാർലമെൻറിൽ പാസ്സാക്കിയതാണെന്നും ആൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോബോർഡ് എക്‌സിക്യൂട്ടീവ് അംഗം ഖാസിം റസൂൽ ഇല്യാസ്. ഇന്ത്യൻ എക്‌സ്പ്രസ്.കോമിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഖാസിം റസൂൽ ഇക്കാര്യം ഓർമിപ്പിച്ചത്. ഈ നിയമം ലംഘിച്ച് ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ കീഴക്കോടതി അനുമതി നൽകിയത് നിരാശജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാരണാസി ഗ്യാൻവാപി മസ്ജിദ് സംബന്ധിച്ച് വിവാദമുണ്ടായതോടെ രാജ്യത്തെ പ്രധാന മുസ്‌ലിം ഏകോപന സമിതിയായ പേഴ്‌സണൽ ലോ ബോർഡ് ചൊവ്വാഴ്ച യോഗം ചേർന്നിരുന്നു. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബോർഡ് യോഗം. അതേസമയം, ഗ്യാൻവാപി മസ്ജിദ് ഇൻതിസാമിയ കമ്മിറ്റിക്ക് സാമ്പത്തികവും നിയമപരവുമായ സഹായങ്ങൾ നൽകുമെന്നും യോഗം അറിയിച്ചിരിക്കുകയാണ്.
ഗ്യാൻവാപി മസ്ജിദ് വിവാദത്തിന് പിറകിൽ രാഷ്ട്രീയ ലക്ഷ്യം?
കർണാടക മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിലുള്ള മസ്ജിദെ അഅ്‌ല ഒരു ഹനുമാൻ ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഒരു ഹിന്ദു സംഘടന ദിവസങ്ങൾക്ക് മുമ്പ് രംഗത്ത് വന്നിരുന്നുവെന്നും അവർ അവിടെ ആരാധന നിർവഹിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഖാസി റസൂൽ പറഞ്ഞു. മധ്യപ്രദേശിലെ നീം മസ്ജിദ്, മഥുരയിലെ ഈദ്ഗാഹ്, ന്യൂഡൽഹി ജമാ മസ്ജിദ് എന്നിവിടങ്ങളിലൊക്കെ ഇത്തരം വിവാദമുണ്ടെന്നും ചിലർ സർവേ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്യാൻവാപി വിവാദത്തിന് പിറകിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 30,000 മസ്ജിദുകൾ ക്ഷേത്രം തകർത്തു നിർമിച്ചതാണെന്നാണ് ബി.ജെ.പി-സംഘ്പരിവാർ വൃത്തങ്ങൾ അവകാശപ്പെടുന്നതെന്നും ഖാസിം റസൂൽ പറഞ്ഞു. അതിനാൽ ഇത്തരം വിവാദങ്ങൾക്ക് അന്ത്യമുണ്ടാകില്ലെന്നും ഇവ നാട്ടിൽ അരാജകത്വം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിവാദങ്ങൾ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെയും ആർഎസ്എസ്സിന്റെ ദീർഘകാല ഹിന്ദു രാഷ്ട്ര അജണ്ടയുടെയും സംയോജിത രൂപമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വില വർധനവ്, തൊഴിലില്ലായ്മ, കോവിഡ് കാല ആരോഗ്യ പ്രശ്‌നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കുകയാണ് ബിജെപി ലക്ഷ്യമെന്നും പറഞ്ഞു. ഹിന്ദു രാഷ്ട്ര സംസ്ഥാപനത്തിനായി ന്യൂനപക്ഷങ്ങളുടെ അടയാളങ്ങൾ മായ്ച്ചുകളയുകയാണ് ആർഎസ്എസ് രീതിയെന്നും പേഴ്‌സണൽ ലോബോർഡ് അംഗം പറഞ്ഞു. മതേതര കക്ഷികൾ വിവാദത്തിൽ മിണ്ടാതിരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും എന്നിട്ടും തെരഞ്ഞെടുപ്പുകളിൽ അവർ മുസ്‌ലിം വോട്ട് പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി അധികാരത്തിലേറിയതോടെ അവർക്ക് മാത്രം മുസ്‌ലിം വോട്ട് ലഭിക്കുമെന്ന് കരുതുകയാണെന്നും എന്നാൽ ഈ രീതി തുടരില്ലെന്ന് വ്യക്തമാക്കുകയാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
ഈ സാഹചര്യത്തിൽ മുസ്ലിം സമുദായത്തിന് എന്താണ് ആശ്രയം?
ഇത്തരം വിഷയങ്ങൾ മുസ്‌ലിം സമുദായത്തിന്റേത് മാത്രമല്ലെന്നും ഇന്ത്യൻ ഭരണഘടനയുടേതും രാജ്യത്തിന്റെ ഭാവിയുടേതുമാണെന്നും ഖാസിം റസൂൽ ഓർമിപ്പിച്ചു. ഇന്നവർ മുസ്‌ലിംകൾക്കെതിരെ വന്നെങ്കിൽ നാള ക്രിസ്ത്യാനിക്കും സിഖുകാരനും ജൈനനും എതിരെ വരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷം ബിജെപിക്ക് വോട്ടു ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്‌ലാമേതര സംഘടനകളുമായി സംവദിക്കാൻ കഴിഞ്ഞ യോഗത്തിൽ ലോബോർഡ് തീരുമാനിച്ചതായും ഇത്തരം വിഷയങ്ങൾ അവസാനിപ്പിക്കാനായി ഒത്തൊരുമിച്ചുള്ള ജനകീയ പ്രക്ഷോഭമാണ് തങ്ങളുടെ ലക്ഷ്യമെന്നും പേഴ്‌സണൽ ലോബോർഡ് അംഗം വ്യക്തമാക്കി. ഒരോ വിവാദങ്ങളെ കുറിച്ചും ഗവേഷണം നടത്തി അവബോധം നൽകാനായി കമ്മിറ്റി രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി നിങ്ങൾ കരുതുന്നുണ്ടോ?
തീർച്ചയായും. കർണാടകയിലെ ഹിജാബ് വിലക്ക്, രാമനവമി-ഹനുമാൻ ജയന്തി സംഘർഷങ്ങൾ, ഗ്യാൻവാപി എന്നിവയിലെല്ലാം അവകാശങ്ങൾ ലംഘിക്കപ്പെടുന്നു. പലയിടത്തും നിയമവാഴ്ച്ചയില്ലാത്തതായി നമുക്ക് അനുഭവപ്പെടുന്നു. ഇത് രാജ്യം ഫാസിസത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണമാണ്. എന്നാൽ രാജ്യത്തെ ബഹുഭൂരിപക്ഷം പേരും ഇത് അംഗീകരിക്കുന്നതായി നമ്മൾ കരുതുന്നില്ല. എന്നാൽ ഈ ഭൂരിപക്ഷം പേരും മിണ്ടാതിരിക്കുന്നതാണ് യഥാർഥ പ്രശ്‌നം.
No Space for controversy after 1991 Places of Worship Act: Muslim Personal Law Board
Adjust Story Font
16