ഇൻഡ്യക്ക് പിന്തുണയില്ല; എൻഡിഎയുടെ കാര്യത്തിൽ തീരുമാനം പിന്നീട്: ശിരോമണി അകാലി ദൾ
പഞ്ചാബിലെ ഒരു സീറ്റിലാണ് അകാലി ദൾ വിജയിച്ചത്
അമൃത്‌സർ: കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യ മുന്നണിയെ പിന്തുണയ്ക്കുന്നില്ലെന്നുറപ്പിച്ച് പഞ്ചാബിലെ ശിരോമണി അകാലി ദൾ (SAD ) നിലപാട് വ്യക്തമാക്കി. കോൺഗ്രസ് സാന്നിധ്യമുള്ള ഏതു ഗ്രൂപ്പിലും ചേരുന്ന പ്രശ്‌നമില്ലെന്നും നേതൃത്വം വ്യക്തമാക്കി. പഞ്ചാബിലെ 13 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ശിരോമണി അകാലി ദളിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്.
''കോൺഗ്രസിന്റെ പങ്കാളിത്തവും സാന്നിധ്യവുമുള്ള ഒരു സഖ്യത്തിന്റെയും ഭാഗമാകാൻ ഞങ്ങൾക്ക് ഒരിക്കലും കഴിയില്ല. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, 1984ലെ സിഖ് വിരുദ്ധ കലാപം എന്നിവയെക്കുറിച്ചുള്ള ഞങ്ങളുടെ തത്വാധിഷ്ഠിതമായ നിലപാടാണിത്,'' അകാലിദളിന്റെ മുതിർന്ന നേതാവ് നരേഷ് ഗുജ്റാൾ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയെ പിന്തുണയ്ക്കുന്ന കാര്യം യോഗം ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1996 മുതൽ ശിരോമണി അകാലി ദൾ എൻഡിഎയുടെ ഭാഗമായിരുന്നു. ഇരു പാർട്ടികളും ഒന്നിച്ച് 15 വർഷത്തിലേറെക്കാലം പ്രകാശ് സിങ് ബാദലിന്റെ നേതൃത്വത്തിൽ പഞ്ചാബ് ഭരിച്ചതാണ്. 2019 ൽ ബിജെപിയോടൊപ്പം ചേർന്ന് മത്സരിച്ച എസ്എഡി ഇത്തവണ തനിച്ച് മത്സരിക്കുകയായിരുന്നു. കർഷക പ്രക്ഷോഭത്തിൽ എൻഡിഎ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് ബിജെപിയുമായുള്ള കൂട്ടുക്കെട്ട് 2020 ൽ അവസാനിപ്പിച്ചത്.
പഞ്ചാബിൽ ഇത്തവണ കോൺഗ്രസ് 7 സീറ്റും ആംആദ്മി പാർട്ടി 3 സീറ്റും നേടി. രണ്ട് സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഒരു സീറ്റ് പോലും നേടാൻ കഴിയാതെ പോയത് വൻ തിരിച്ചടിയായി. ഒരു പാർട്ടിക്കും തനിച്ച് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് ശിരോമണി അകാലി ദൾ ഉൾപ്പെടെയുള്ള ചെറിയ കക്ഷികളുടെ പിന്തുണ പ്രധാന പാർട്ടികൾക്ക് നിർണായകമാതുന്നത്.
Adjust Story Font
16