Quantcast

അഹിന്ദു മന്ത്രിയുടെ ക്ഷേത്രപ്രവേശനം; നിതീഷ് കുമാർ മാപ്പ് പറയണമെന്ന് ബിജെപി

''അഹിന്ദുക്കൾക്ക് പ്രവേശനമില്ല'' എന്നെഴുതിയ ബോർഡുകൾ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    23 Aug 2022 12:16 PM GMT

അഹിന്ദു മന്ത്രിയുടെ ക്ഷേത്രപ്രവേശനം; നിതീഷ് കുമാർ മാപ്പ് പറയണമെന്ന് ബിജെപി
X

ബിഹാർ: ഗയയിലെ വിഷ്ണുപദ് ക്ഷേത്രത്തിൽ അഹിന്ദുവായ മന്ത്രിയെ പ്രവേശിപ്പിച്ചതിന് മുഖ്യമന്ത്രി നിതീഷ് കുമാർ മാപ്പ് പറയണമെന്ന് ബിജെപി.

ഐടി മന്ത്രി മുഹമ്മദ് ഇസ്രായിൽ മൻസൂരിയാണ് വിവാദത്തിലായത്. 100 വർഷമായി ഹിന്ദുക്കൾക്ക് മാത്രം പ്രവേശനം അനുവദിച്ചുവരുന്ന ക്ഷേത്രത്തിലാണ് ഇദ്ദേഹം പ്രവേശിച്ചത്.

''അഹിന്ദുക്കൾക്ക് പ്രവേശനമില്ല'' എന്നെഴുതിയ ബോർഡുകൾ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇത് വകവയ്ക്കാതെ മറ്റ് നേതാക്കളോടൊപ്പം മൻസൂരിയെയും ക്ഷേത്രത്തിൽ പ്രവേശിപ്പിച്ച് മുഖ്യമന്ത്രി സന്നിധാനത്തിൽ പ്രാർഥന നടത്തിയതാണ് ക്ഷേത്ര കമ്മിറ്റിയെയും ബിജെപിയെയും ചൊടിപ്പിച്ചത്.

'ഗർഭഗൃഹ'ത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന് അറിയാം. ഹിന്ദുക്കളെ പരിഹസിക്കാൻ ബോധപൂർവമാണ് അദ്ദേഹം അത് ചെയ്തത്. അത് ഗൂഢാലോചനയുടെ ഭാഗമാണ്. അദ്ദേഹം ഹിന്ദുക്കളോട് മാപ്പ് പറയണം"- ബിഹാർ ബിജെപി അധ്യക്ഷൻ എസ് ജയ്‌സ്വാൾ ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിന് നിതീഷ് കുമാർ മാപ്പ് പറയണമെന്ന് ബിജെപി വക്താവ് നിഖിൽ ആനന്ദും ആവശ്യപ്പെട്ടു.

"ഞങ്ങൾ അയാളെ (മൻസൂരി) തിരിച്ചറിഞ്ഞില്ല. ഇക്കാര്യത്തെ കുറിച്ച് അറിയാവുന്നവർ അയാളെ തടയണമായിരുന്നു. എന്നാൽ അത് ചെയ്തില്ല. ഇത് ബോധപൂർവം ചെയ്തതാണ്. മുമ്പ് നിരവധി വിഐപി അതിഥികളും മന്ത്രിമാരും വന്നിട്ടുണ്ട്. എന്നാൽ മുസ്‌ലിംകളെയോ ക്രിസ്ത്യാനികളോ വിഷ്ണുപദ് ക്ഷേത്രത്തിൽ പ്രവേശിച്ചിട്ടില്ല. തെറ്റ് ചെയ്തവർ മാപ്പ് പറയണം"- ക്ഷേത്ര കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ശംഭു ലാൽ ബിത്തൽ പറഞ്ഞു.

സന്ദർശക സംഘത്തിൽ ഒരു അഹിന്ദുവും ഉണ്ടാകുമെന്ന് അധികൃതർക്ക് മുൻകൂട്ടി അറിയിപ്പ് നൽകേണ്ടതായിരുന്നുവെന്ന് വിഷ്ണുപദ് ക്ഷേത്ര ഭരണ സമിതി അംഗം മഹേഷ് ലാൽ ഗുപ്ത പറഞ്ഞു.

എന്നാൽ നുണകൾക്ക് വേണ്ടി നിലകൊള്ളുന്ന ബിജെപിയെ ആരും ശ്രദ്ധിക്കുന്നില്ല എന്നാണ് സംഭവത്തെകുറിച്ച് ഉപമുഖ്യമന്ത്രി തേജ്വസി യാദവ് പ്രതികരിച്ചത്. ഹിന്ദുക്കളും മുസ്‌ലിംകളും പരസ്പരം ആരാധനാലയങ്ങളിൽ പോകരുതെന്നത് ബിജെപിയുടെ മാത്രം മനസാണെന്നും ഞങ്ങൾ ക്ഷേത്രങ്ങളും പള്ളികളും ഒരേ മനോഭാവത്തോടെയാണ് സന്ദർശിക്കുന്നതെന്നും മുതിർന്ന ജെഡിയു നേതാവ് അശോക് ചൗധരി പറഞ്ഞു.

TAGS :

Next Story