Quantcast

'ശബാനയെ വിവാഹം കഴിച്ചത് മാതാവിന്റെ താൽപര്യപ്രകാരം': വിവാദങ്ങളോട് പ്രതികരിച്ച് സമീർ വാങ്കഡെ

'എന്റെ അച്ഛൻ ഹിന്ദുവാണ്, അമ്മ മുസ്‌ലിമും. ഇസ്‌ലാമിക ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന് അമ്മ എന്നോട് ആവശ്യപ്പെട്ടു. എന്റെ അമ്മയുടെ ആഗ്രഹം ഞാൻ നിറവേറ്റി, അതൊരു കുറ്റമല്ല- സമീർ വാങ്കഡെ

MediaOne Logo

Web Desk

  • Updated:

    27 Oct 2021 11:41 AM

Published:

27 Oct 2021 11:39 AM

ശബാനയെ വിവാഹം കഴിച്ചത് മാതാവിന്റെ താൽപര്യപ്രകാരം: വിവാദങ്ങളോട് പ്രതികരിച്ച് സമീർ വാങ്കഡെ
X

തന്റെ മാതാവ് മുസ്‌ലിമായതിലാണ് ആദ്യ ഭാര്യ ശബാന ഖുറേഷിയെ ഇസ്‌ലാമിക ആചാരപ്രകാരം വിവാഹം കഴിച്ചതെന്നും അത് മാതാവിന്റെ ആഗ്രഹപ്രകാരമാണെന്നും ലഹരിക്കേസ് അന്വേഷിക്കുന്ന എൻ.സി.ബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ. 'എന്റെ അച്ഛൻ ഹിന്ദുവാണ്, അമ്മ മുസ്‌ലിമും. ഇസ്‌ലാമിക ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന് അമ്മ എന്നോട് ആവശ്യപ്പെട്ടു. എന്റെ അമ്മയുടെ ആഗ്രഹം ഞാൻ നിറവേറ്റി, അതൊരു കുറ്റമല്ല'- സമീർ വാങ്കഡെ പറഞ്ഞു.

നിക്കാഹ് നടന്ന അതേമാസം തന്നെ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഞങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്തെന്നും ഞാൻ ചെയ്തത് കുറ്റമല്ലെന്നും സമീർ വാങ്കഡെ കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര മന്ത്രി നവാബ് മാലികിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതം തിരുത്തിയാണ് സമീർ ജോലി നേടിയതെന്നായിരുന്നു മന്ത്രിയുടെ ആരോപണം. ആദ്യ ഭാര്യ ഡോ. ശബാന ഖുറേഷിയുമായുള്ള നികാഹ് നാമയുടെ പകർപ്പും നവാബ് മാലിക് പുറത്തുവിട്ടിരുന്നു. 2006 ഡിസംബർ ഏഴിന് രാത്രി എട്ടു മണിക്ക് അന്ധേരി വെസ്റ്റിലെ ലോകന്ദ്‌വാല കോംപ്ലക്‌സിൽ വച്ചായിരുന്നു വിവാഹം. ഇരുവരുടെ ചിത്രങ്ങളും മന്ത്രി പങ്കുവെച്ചിരുന്നു.

നികാഹിന് മഹറായി നൽകിയത് 33,000 രൂപയാണ് എന്നും സഹോദരി യാസ്മീൻ ദാവൂദ് വാങ്കഡെയുടെ ഭർത്താവ് അസീസ് ഖാൻ ആയിരുന്നു രണ്ടാം സാക്ഷിയെന്നും നവാബ് മാലിക് പറയുന്നു. സമീർ വാങ്കഡെയുടെ മതം പറയുകയല്ല തന്റെ ലക്ഷ്യമെന്നും അദ്ദേഹം ജോലി നേടിയത് തട്ടിപ്പിലൂടെയാണ് എന്ന് തെളിയിക്കുകയാണ് എന്നും മന്ത്രി ട്വീറ്റു ചെയ്തു. തട്ടിപ്പിലൂടെ ജോലി നേടിയെടുത്ത് ഇന്ത്യൻ റവന്യൂ സർവീസിൽ ഒരു പട്ടികജാതിക്കാരന്‍റെ ഭാവി സമീർ തകർത്തതായും അദ്ദേഹം ആരോപിച്ചിരുന്നു. നികാഹ് നാമ തെറ്റാണെന്ന് തെളിയിച്ചാൽ മന്ത്രിസ്ഥാനം രാജിവയ്ക്കാം. രാഷ്ട്രീയവും ഉപേക്ഷിക്കാമെന്നും നവാബ് മാലിക് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സമീർ വാങ്കഡയെ വിജിലന്‍സ് ചോദ്യം ചെയ്യാനിരിക്കുകയാണ്. സമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താത്ത ഒരു എൻസിബി ഉദ്യോഗസ്ഥൻ എഴുതിയ കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു.

TAGS :

Next Story