Quantcast

സമീർ വാങ്കഡെയുടെ ആദ്യ വിവാഹത്തിന്‍റെ നികാഹ് നാമ പുറത്തുവിട്ട് നവാബ് മാലിക്

മഹറായി നൽകിയത് 33,000 രൂപയാണ് എന്നും സഹോദരി യാസ്മീൻ ദാവൂദ് വാങ്കഡെയുടെ ഭർത്താവ് അസീസ് ഖാൻ ആയിരുന്നു രണ്ടാം സാക്ഷിയെന്നും നവാബ് മാലിക് വെളിപ്പെടുത്തി.

MediaOne Logo

Web Desk

  • Published:

    27 Oct 2021 7:25 AM GMT

സമീർ വാങ്കഡെയുടെ ആദ്യ വിവാഹത്തിന്‍റെ നികാഹ് നാമ പുറത്തുവിട്ട് നവാബ് മാലിക്
X

മുംബൈ: ആര്യൻ ഖാനുമായി ബന്ധപ്പെട്ട ലഹരിക്കേസ് അന്വേഷിക്കുന്ന എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെക്കെതിരെ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് വീണ്ടും. മതം തിരുത്തിയാണ് സമീർ ജോലി നേടിയതെന്ന് മന്ത്രി ആവർത്തിച്ചു. ആദ്യ ഭാര്യ ഡോ. ശബാന ഖുറേഷിയുമായുള്ള നികാഹ് നാമയുടെ പകർപ്പും നവാബ് മാലിക് പുറത്തുവിട്ടു. 2006 ഡിസംബർ ഏഴിന് രാത്രി എട്ടു മണിക്ക് അന്ധേരി വെസ്റ്റിലെ ലോകന്ദ്‌വാല കോംപ്ലക്‌സിൽ വച്ചായിരുന്നു വിവാഹം. ഇരുവരുടെ ചിത്രങ്ങളും മന്ത്രി പങ്കുവച്ചിട്ടുണ്ട്.

നികാഹിന് മഹറായി നൽകിയത് 33,000 രൂപയാണ് എന്നും സഹോദരി യാസ്മീൻ ദാവൂദ് വാങ്കഡെയുടെ ഭർത്താവ് അസീസ് ഖാൻ ആയിരുന്നു രണ്ടാം സാക്ഷിയെന്നും നവാബ് മാലിക് പറയുന്നു. സമീർ വാങ്കഡെയുടെ മതം പറയുകയല്ല തന്റെ ലക്ഷ്യമെന്നും അദ്ദേഹം ജോലി നേടിയത് തട്ടിപ്പിലൂടെയാണ് എന്ന് തെളിയിക്കുകയാണ് എന്നും മന്ത്രി ട്വീറ്റു ചെയ്തു. തട്ടിപ്പിലൂടെ ജോലി നേടിയെടുത്ത് ഇന്ത്യൻ റവന്യൂ സർവീസിൽ ഒരു പട്ടികജാതിക്കാരന്‍റെ ഭാവി സമീർ തകർത്തതായും അദ്ദേഹം ആരോപിച്ചു.

നികാഹ് നാമ തെറ്റാണെന്ന് തെളിയിച്ചാൽ മന്ത്രിസ്ഥാനം രാജിവയ്ക്കാം. രാഷ്ട്രീയവും ഉപേക്ഷിക്കാം. സമീർ വാങ്കഡെ രാജിവയ്ക്കണമെന്ന താൻ ആവശ്യപ്പെടുന്നത്. നിയമപ്രകാരം അദ്ദേഹം ആ ജോലിക്ക് അർഹനല്ല എന്നാണ് പറയുന്നത്- നവാബ് മാലിക് ചൂണ്ടിക്കാട്ടി.

സമീർ വാങ്കഡെ പലർക്കുമെതിരെ വ്യാജ കേസുകൾ ചുമത്തുന്നതായി കഴിഞ്ഞ ദിവസം നവാബ് മാലിക് ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് പേരുവെളിപ്പെടുത്താത്ത എൻസിബി ഉദ്യോഗസ്ഥനിൽ നിന്ന് തനിക്ക് കത്തുലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. കത്ത് അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു.

അതിനിടെ, ശബ്‌ന ഖുറേഷിയെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം ചെയ്തത് എന്നാണ് സമീർ വാങ്കഡെ പറയുന്നത്. തന്റെ പിതാവ് ധന്യദേവ് കച്‌റൂജി വാങ്കഡെ ഹിന്ദുവാണ്. എക്‌സൈസ് വകുപ്പിൽ സീനിയർ ഓഫീസർ റാങ്കിലിരുന്നാണ് അദ്ദേഹം വിരമിച്ചത്. മാതാവ് സഹീദ മുസ്‌ലിമാണ്. അവർ മരിച്ചുപോയി. വ്യത്യസ്ത മതവിഭാഗങ്ങളുള്ള കുടുംബത്തിലാണ് ജനിച്ചത് എന്നതിൽ അഭിമാനമുണ്ട്. 2006ൽ ഡോ. ശബ്‌ന ഖുറേഷിയെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തു. 2016ൽ വിവാഹമോചിതരായി. അടുത്ത വർഷമാണ് ശിമാട്ടി ക്രാന്തി ദിനനാഥ് രെഡ്കരെയുമായുള്ള വിവാഹം- പ്രസ്താവനയിൽ സമീർ വാങ്കഡെ വ്യക്തമാക്കി.

TAGS :

Next Story