Quantcast

ജനസംഖ്യാനിയന്ത്രണത്തിന് നിയമം അല്ല വേണ്ടത്, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കൂ: നിതീഷ് കുമാര്‍

ജനസംഖ്യാ നിയന്ത്രണം നിയമത്തിലൂടെ നടപ്പാക്കുന്നതില്‍ അപകടങ്ങളുണ്ട്- യുപി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് ബിഹാര്‍ മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Published:

    13 July 2021 5:01 AM GMT

ജനസംഖ്യാനിയന്ത്രണത്തിന് നിയമം അല്ല വേണ്ടത്, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കൂ: നിതീഷ് കുമാര്‍
X

ജനസംഖ്യാ നിയന്ത്രണത്തിനുള്ള ഏറ്റവും നല്ല മാര്‍ഗം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിയമങ്ങളിലൂടെ ജനസംഖ്യ നിയന്ത്രിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നാണ് നിതീഷ് കുമാര്‍ വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരാനിരിക്കെയാണ്, ബിജെപിയോടൊപ്പം ബിഹാര്‍ ഭരിക്കുന്ന നിതീഷിന്‍റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിതീഷ് കുമാര്‍- "മറ്റ് സംസ്ഥാനങ്ങൾ എന്തുചെയ്യുന്നു എന്നതിനെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. പെൺകുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തിയാല്‍ കാര്യങ്ങൾ നിയന്ത്രണത്തിലാകും എന്നാണ് എന്‍റെ ബോധ്യം. വിദ്യാഭ്യാസം വഴി സ്ത്രീകൾ തങ്ങളുടെ ശരീരത്തെ കുറിച്ചും മാനസികാവസ്ഥയെ കുറിച്ചുമെല്ലാം ബോധവാന്മാരാകും"

ചില വിദ്യാസമ്പന്നര്‍ കുടുംബാസൂത്രണം നടപ്പാക്കുന്നതിൽ ജാഗ്രത കാണിക്കുന്നില്ലെന്ന കാര്യം തനിക്ക് അറിയാം. എന്നാൽ ജനസംഖ്യാ നിയന്ത്രണം നിയമത്തിലൂടെ നടപ്പാക്കുന്നതില്‍ അതിന്‍റേതായ അപകടങ്ങളുണ്ട്. ചൈനയിലേക്ക് നോക്കൂ. ആദ്യം ഒറ്റക്കുട്ടി നിയമം നടപ്പിലാക്കി. തുടർന്ന് രണ്ട് കുട്ടികളെ അനുവദിച്ചു. ഇപ്പോൾ അക്കാര്യത്തിലും അവര്‍ പുനർവിചിന്തനം നടത്തുകയാണെന്ന് നിതീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

ബിഹാറിൽ ഒരു ദശാബ്ദത്തിനിടയിൽ ജനസംഖ്യാനിരക്ക് കുറയുന്നുണ്ട്. പെൺകുട്ടികളെ സ്കൂളുകളിലെത്തിക്കാനും ഉന്നത വിദ്യാഭ്യാസം നല്‍കാനും സാധിച്ചതുകൊണ്ടാണ് ഇത് സാധ്യമായത്. സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൌജന്യ സൈക്കിളും യൂണിഫോമും നല്‍കിയതുപോലുള്ള സംരംഭങ്ങൾക്ക് വളരെയധികം അംഗീകാരം ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണത്തിന് കരട് ബില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ദമ്പതികൾക്ക്​ രണ്ടു കുട്ടികൾ മതി എന്നതാണ്​ പുതിയ ബില്ലിൽ അനുശാസിക്കുന്നത്. രണ്ടിലധികം കുട്ടികളുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നതിനും സർക്കാർ സബ്‌സിഡി ലഭിക്കുന്നതിനും വിലക്ക്​ ഏർപ്പെടുത്തും. മാതാപിതാക്കളും കുട്ടികളുമടക്കം നാല് പേരെ മാത്രമേ റേഷൻ കാർഡിൽ ഉൾപ്പെടുത്തൂ.

TAGS :

Next Story