Quantcast

'ആ പണം എന്‍റേതല്ല': അര്‍പ്പിതയുടെ വീട്ടില്‍ നിന്ന് പിടികൂടിയ കോടികളെ കുറിച്ച് പാര്‍ഥ ചാറ്റര്‍ജി

ആരെങ്കിലും ഗൂഢാലോചന നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് 'സമയമാകുമ്പോൾ' എല്ലാം അറിയുമെന്നായിരുന്നു മറുപടി

MediaOne Logo

Web Desk

  • Updated:

    2022-07-31 09:32:56.0

Published:

31 July 2022 9:28 AM GMT

ആ പണം എന്‍റേതല്ല: അര്‍പ്പിതയുടെ വീട്ടില്‍ നിന്ന് പിടികൂടിയ കോടികളെ കുറിച്ച് പാര്‍ഥ ചാറ്റര്‍ജി
X

കൊല്‍ക്കത്ത: സഹായി അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പണവും സ്വര്‍ണവും തന്‍റേതല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജി. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ അര്‍പ്പിത മുഖർജിയുടെ രണ്ട് വീടുകളിൽ നിന്ന് ഏകദേശം 50 കോടി രൂപയാണ് പിടിച്ചെടുത്തത്. അധ്യാപക നിയമന അഴിമതിക്കേസില്‍ ഇരുവരും അറസ്റ്റിലാണ്.

ഇന്ന് പാര്‍ഥ ചാറ്റര്‍ജിയുടെ ആരോഗ്യ പരിശോധനയ്‌ക്കായി കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ആരെങ്കിലും ഗൂഢാലോചന നടത്തുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'സമയമാകുമ്പോൾ' എല്ലാം അറിയുമെന്നായിരുന്നു മറുപടി. അര്‍പ്പിതയുടെ വീട്ടില്‍ കണ്ടെത്തിയ പണം തന്‍റേതല്ലെന്നും പാര്‍ഥ ചാറ്റര്‍ജി അവകാശപ്പെട്ടു.

പണത്തിനു പുറമെ സ്വർണവും അധ്യാപക നിയമന തട്ടിപ്പ് സംബന്ധിച്ച രേഖകളും കണ്ടെടുത്തെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപക നിയമനം, സ്ഥലംമാറ്റം, കോളജുകളുടെ അംഗീകാരം എന്നിവയ്ക്കായി പാര്‍ഥ ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ കോഴ വാങ്ങിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്കും ക്രമക്കേടിൽ പങ്കുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണവുമായി ആദ്യ ഘട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ഥ ചാറ്റര്‍ജിക്ക് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ കോടിക്കണക്കിന് രൂപ റെയ്ഡില്‍ കണ്ടെത്തിയതോടെ പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു.

Summary- Days after heaps of cash and kilos of gold were seized from his aide Arpita Mukherjee's homes in Kolkata, sacked Bengal minister Partha Chatterjee today claimed the money did not belong to him

TAGS :

Next Story