Quantcast

ഏക സിവിൽകോഡിനെ എതിർക്കില്ല; അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കണം: ജെ.ഡി (യു)

ബിഹാറിന് പ്രത്യേക പദവി, ജാതിസെൻസസ് തുടങ്ങിയ ആവശ്യങ്ങളും ജെ.ഡി (യു) ഉന്നയിക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    6 Jun 2024 1:14 PM GMT

Not opposed to UCC, Agnipath scheme must be reviewed: JD(U)
X

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കണമെന്നും ജാതി സെൻസസ് നടത്തണമെന്നും ആവശ്യപ്പെട്ടെന്ന് എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി (യു) നേതാവ് കെ.സി ത്യാഗി. അഗ്നിപഥ് പദ്ധതിക്കെതിരെ വലിയ ജനരോഷം നിലനിൽക്കുന്നുണ്ട്. ജനങ്ങൾക്ക് എതിർപ്പുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏക സിവിൽകോഡിനെ എതിർക്കില്ലെന്നും എല്ലാവരുമായും ചർച്ച നടത്തിയ ശേഷം മാത്രമേ അത് നടപ്പാക്കാവൂ എന്നും കെ.സി ത്യാഗി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാർ നേരത്തെ തന്നെ നിയമ കമ്മീഷന് കത്തെഴുതിയിരുന്നു. തങ്ങൾ ഏക സിവിൽകോഡിന് എതിരല്ല. പക്ഷേ മുഖ്യമന്ത്രിമാർ, രാഷ്ട്രീയപ്പാർട്ടികൾ, സമൂഹത്തിന്റെ വിവിധ വിഭാഗത്തിൽപ്പെട്ടവർ തുടങ്ങി എല്ലാവരുമായും ചർച്ച നടത്തിയ ശേഷം മാത്രമേ അത് നടപ്പാക്കാവൂ എന്ന് അദ്ദേഹം പറഞ്ഞു.

ജാതിസെൻസസിനെ ഒരു പാർട്ടിയും നിഷേധിച്ചിട്ടില്ല എന്നായിരുന്നു അതിനെക്കുറിച്ചുള്ള ചോദ്യത്തിന് ത്യാഗിയുടെ പ്രതികരണം. ബിഹാർ അതിൽ നേരത്തെ വഴികാട്ടിയിട്ടുണ്ട്. പ്രധാനമന്ത്രി പോലും ജാതിസെൻസസിനെ എതിർത്തിട്ടില്ലെന്നും ത്യാഗി പറഞ്ഞു.

നിരുപാധിക പിന്തുണയാണ് എൻ.ഡി.എക്ക് നൽകുന്നത്. ബിഹാറിന് പ്രത്യേക പദവി എന്നുള്ളത് തങ്ങളുടെ മനസിലും ഹൃദയത്തിലുമുണ്ട്. വിഭജനത്തിന് ശേഷം ബിഹാർ നേരിട്ട സാഹചര്യം മറികടക്കാൻ പ്രത്യേക പദവി നൽകലല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും ത്യാഗി പറഞ്ഞു.

കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നതിന് ബി.ജെ.പിക്ക് ജെ.ഡി (യു) പിന്തുണ നിർണായകമാണ്. 240 സീറ്റുള്ള ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തിന് 32 സീറ്റുകൾ കൂടി വേണം. എൻ.ഡി.എക്ക് 293 സീറ്റുണ്ട്. ഇതിൽ 16 സീറ്റുള്ള ടി.ഡി.പിയും 12 സീറ്റുള്ള ജെ.ഡി (യു)വും നിർണായകമാണ്. ജാതിസെൻസസ് അടക്കമുള്ള ആവശ്യങ്ങളോട് മോദിയും അമിത് ഷായും എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇനി അറിയാനുള്ളത്.

TAGS :

Next Story