Quantcast

'മോദി ഭയക്കുന്ന ഒരേയൊരു പാര്‍ട്ടിയാണ് എ.എ.പി, ജയിലില്‍ പോകാന്‍ എനിക്ക് ഭയമില്ല': അണികളോട് സിസോദിയ

എ.എ.പി പ്രവര്‍ത്തകരുടെ അകമ്പടിയിലാണ് സിസോദിയ സി.ബി.ഐ ഓഫീസിലെത്തിയത്

MediaOne Logo

Web Desk

  • Published:

    26 Feb 2023 6:35 AM GMT

AAP is the only party PM Modi is scared of  says manish sisodia
X

മനീഷ് സിസോദിയ

ഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചോദ്യംചെയ്യലിന് സി.ബി.ഐ ഓഫീസില്‍ ഹാജരായി. എ.എ.പി പ്രവര്‍ത്തകരുടെ അകമ്പടിയിലാണ് സിസോദിയ സി.ബി.ഐ ഓഫീസിലെത്തിയത്. ജയിലില്‍ പോകാന്‍ ഭയമില്ലെന്ന് സിസോദിയ അണികളോട് പറഞ്ഞു-

"ഞാൻ 7-8 മാസം ജയിലിലായിരിക്കും. എന്നെയോര്‍ത്ത് വ്യസനിക്കേണ്ട. അഭിമാനിക്കൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമുള്ള ഒരേയൊരു പാര്‍ട്ടിയാണ് എ.എ.പി. അതിനാലാണ് എന്നെ കള്ളക്കേസിൽ കുടുക്കുന്നത്. നിങ്ങൾ പോരാടണം. ആദ്യം മുതൽ എനിക്കൊപ്പം നിൽക്കുന്ന ഭാര്യ സുഖമില്ലാതെ വീട്ടിൽ തനിച്ചാണ്. അവരെ സംരക്ഷിക്കണം. ഡൽഹിയിലെ കുട്ടികളോട് എനിക്ക് പറയാനുള്ളത് നന്നായി പഠിക്കണമെന്നും മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കണമെന്നുമാണ്"- സിസോദിയ അണികളോട് പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ പ്രതികരണമിങ്ങനെ- "മനീഷ്, ദൈവം നിങ്ങളോടൊപ്പമുണ്ട്. ലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങളോടൊപ്പമുണ്ട്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി നിങ്ങൾ ജയിലിൽ പോകുമ്പോൾ അതൊരു ശാപമല്ല, മഹത്വമാണ്. നിങ്ങൾ ജയിലിൽ നിന്ന് ഉടൻ മടങ്ങിവരാൻ ദൈവത്തോട് പ്രാർഥിക്കുന്നു. കുട്ടികളും മാതാപിതാക്കളും ഡൽഹിയിലുള്ള ഞങ്ങളെല്ലാവരും നിങ്ങൾക്കായി കാത്തിരിക്കും".

മനീഷ് സിസോദിയയെ ചോദ്യംചെയ്യുന്നതിന്‍റെ പശ്ചാത്തലത്തിൽ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. സഞ്ജയ് സിങ് എം.എല്‍.എയാണ് ആരോപണം ഉന്നയിച്ചത്. സി.ബി.ഐ ഓഫീസിലെത്തും മുന്‍പ് സിസോദിയ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിച്ചു. രാജ്യത്തിന് വേണ്ടി തൂക്കിലേറ്റപ്പെട്ട ഭഗത് സിങ്ങിന്റെ അനുയായിയാണ് താനെന്നും ജയിലില്‍ കിടക്കാന്‍ ഭയമില്ലെന്നും സിസോദിയ പറഞ്ഞു. ഫെബ്രുവരി 19നാണ് സി.ബി.ഐ സിസോദിയയെ ഒടുവില്‍ ചോദ്യംചെയ്തത്. ധനമന്ത്രി കൂടിയായ സിസോദിയ ബജറ്റ് തയ്യാറാക്കാന്‍ ഒരാഴ്ചത്തെ സമയം സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സി.ബി.ഐ അംഗീകരിക്കുകയായിരുന്നു.

പുതിയ മദ്യനയത്തിനെതിരെ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ സക്സേനയാണ് കഴിഞ്ഞ വര്‍ഷം സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ തീരുമാനത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് എ.എ.പി ആരോപിച്ചു. ഇടനിലക്കാരെയും വ്യാപാരികളെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ഡൽഹി മദ്യനയം തങ്ങൾക്കനുകൂലമാക്കാൻ വ്യവസായികളുടെയും രാഷ്ട്രീയക്കാരുടെയും 'ദക്ഷിണേന്ത്യന്‍ ലോബി' ശ്രമിച്ചെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ഭാരത രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിതയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടന്‍റ് ബുച്ചിബാബു ഗോരന്തലയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

TAGS :

Next Story