'പരിഭ്രമിക്കാനൊന്നുമില്ല, വന്നത് സ്ഥിരം ചെക്കപ്പിന്; ആശുപത്രി വാർത്ത ഗൂഗിൾ ട്രെൻഡിങിലെത്തിയതിന് പിന്നാലെ രത്തൻ ടാറ്റ
രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെ 20,000ലധികം ഉപയോക്താക്കളാണ് അദ്ദേഹത്തെ ഗൂഗിളിൽ തെരഞ്ഞത്
മുംബൈ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ തനിക്ക് കുഴപ്പമൊന്നുമില്ലെന്ന വിശദീകരണവുമായി ഇന്ത്യന്‍ വ്യവസായ ഭീമന്‍ രത്തന്‍ ടാറ്റ.
തനിക്ക് പ്രത്യേകിച്ച് അസുഖമൊന്നും ഇല്ലെന്നും സ്ഥിരം ചെക്ക്അപ്പിനായി എത്തിയതാണ് എന്നുമാണ് രത്തന്‍ ടാറ്റ വ്യക്തമാക്കുന്നത്. രത്തന്‍ ടാറ്റയെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
'എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക വേണ്ട. പ്രായാധിക്യത്തിന്റെ അവശതകളും രോഗങ്ങളുമുണ്ട്. അതുമായി ബന്ധപ്പെട്ട സ്ഥിരം ചെക്ക് അപ്പുകള്‍ക്കായാണ് ആശുപത്രിയില്‍ എത്തിയത്. ദയവായി തെറ്റായ വാര്‍ത്തകള്‍ പരത്തി എന്നെക്കുറിച്ച് ആശങ്കപ്പെടുന്നവകെ പരിഭ്രാന്തരാക്കരുത്'- രത്തന്‍ ടാറ്റ പറഞ്ഞു.
മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് രത്തന്‍ ടാറ്റ ഇപ്പോഴുള്ളത്. ആരോഗ്യനിലയെ കുറിച്ചുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ഗൂഗിളിൽ ട്രെന്റിങ്ങിൽ രത്തൻ ടാറ്റ മുന്നിലെത്തി. ആശുപത്രി വാര്‍ത്തക്ക് പിന്നാലെയുള്ള ഗൂഗിളിന്റെ കഴിഞ്ഞ നാലു മണിക്കൂറിലെ ഔഗ്യോഗിക കണക്കുകൾ പ്രകാരം, രത്തൻ ടാറ്റയാണ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത്. 20,000ലധികം ഉപയോക്താക്കളാണ് രത്തൻ ടാറ്റയെ ഗൂഗിളിൽ തെരഞ്ഞത്.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ രക്തസമ്മർദം കുറഞ്ഞതു മൂലം രത്തൻ ടാറ്റയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഗുരുതരാവസ്ഥയിൽ ഇന്‍റൻസീവ് കെയർ യൂണിറ്റിൽ തുടരുകയാണെന്നുമാണ് വാർത്തകൾ പ്രചരിച്ചിരുന്നത്.
21 വർഷം ടാറ്റ ഗ്രൂപ്പിനെ നയിച്ച അദ്ദേഹം നിലവിൽ മുംബൈയിലാണ് താമസിക്കുന്നത്. 1991 മാര്‍ച്ചിലാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായി സ്ഥാനമേറ്റത്. 2012ല്‍ വിരമിച്ചു. പ്രായാധിക്യം കൊണ്ടുള്ള അവശതകള്‍ വകവെക്കാതെ ഇപ്പോഴും ഊര്‍ജസ്വലനായി ടാറ്റാ ഗ്രൂപ്പിന്റെ പരിപാടികളിലും മറ്റ് പരിപാടികളിലും പങ്കെടുക്കുന്ന രത്തന്‍ ടാറ്റയ്ക്ക് യുവാക്കള്‍ക്കിടയിലും സാമൂഹ്യമാധ്യമങ്ങളിലും വലിയ ആരാധകവൃന്ദമാണുള്ളത്.
2008ൽ ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. 2000ൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ ബഹുമതിയായ പദ്മഭൂഷണും അദ്ദേഹത്തിന് ലഭിച്ചിരുന്നു. എക്സില്‍( പഴയ ട്വിറ്റര്‍) 13 മില്യണും ഇൻസ്റ്റാഗ്രാമിൽ 10 മില്യണ്‍ ഫോളോവേഴ്സും അദ്ദേഹത്തിനുണ്ട്. 360 വൺ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2023 പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള സംരംഭകന്‍ കൂടിയാണ് അദ്ദേഹം.
സമൂഹമാധ്യമങ്ങളിലെ ഇടപെടലാണ് അദ്ദേഹത്തെ പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനാക്കുന്നത്. ലോകമെങ്ങും ആരാധകരുള്ള പ്രമുഖ ഇന്ത്യൻ വ്യവസായി കൂടിയാണ് അദ്ദേഹം. സമ്പത്ത് സൃഷ്ടിക്കുന്നതിനൊപ്പം സാധാരണക്കാരുടെ ക്ഷേമത്തിനും, ചാരിറ്റിക്കും പ്രാധാന്യം നൽകുന്നതും അദ്ദേഹത്തെ വേറിട്ടതാക്കുന്നു.
Adjust Story Font
16