അജ്മീർ ദർഗയിലെ വിദ്വേഷ പ്രസംഗം; ബി.ജെ.പി എം.എൽ.എയ്ക്ക് പൊലീസ് നോട്ടീസ്
ഭാവിയിൽ ഒരു കുറ്റകൃത്യവും ചെയ്യരുതെന്നും നിലവിലെ കേസിലെ തെളിവുകളൊന്നും നശിപ്പിക്കരുതെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്.
ഹൈദരാബാദ്: അജ്മീർ ദർഗയിൽ കഴിഞ്ഞവർഷം നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ബി.ജെ.പി ഗോഷാമഹൽ എം.എൽ.എ രാജാ സിങ്ങിന് നോട്ടീസ് അയച്ച് പൊലീസ്. ഹൈദരാബാദിലെ മംഗൽഹട്ട് പൊലീസാണ് വിദ്വേഷ പ്രസംഗ കേസിൽ നോട്ടീസ് അയച്ചത്.
വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് കാഞ്ചൻബാഗ് സ്റ്റേഷനിൽ സെയ്ദ് മുഹമ്മദ് അലി എന്നയാൾ നൽകിയ പരാതിയിൽ എം.എൽ.എയ്ക്കെതിരെ ഐ.പി.സി 295എ (ഏതെങ്കിലും മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിക്കുന്ന ബോധപൂർവമായ പ്രവൃത്തി) വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
എന്നാൽ കേസ് പിന്നീട് മംഗൽഹട്ട് പൊലീസിന് കൈമാറുകയായിരുന്നു. ഭാവിയിൽ ഒരു കുറ്റകൃത്യവും ചെയ്യരുതെന്നും നിലവിലെ കേസിലെ തെളിവുകളൊന്നും നശിപ്പിക്കരുതെന്നും നോട്ടീസിൽ മംഗൽഹട്ട് പൊലീസ് രാജാ സിങ്ങിനോട് നിർദേശിച്ചിട്ടുണ്ട്.
കേസിനെ കുറിച്ചറിയാവുന്ന ആരെയും ആരെയും ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ഒന്നിനും നിർബന്ധിക്കുകയോ ചെയ്യരുതെന്നും നോട്ടീസിൽ നിർദേശിക്കുന്നു.
കൂടാതെ, സിങ് അന്വേഷണവുമായി സഹകരിക്കുകയും ആവശ്യപ്പെടുമ്പോഴെല്ലാം കോടതിയിൽ ഹാജരാവുകയും വേണം. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കുകയും വേണമെന്നും നോട്ടീസിൽ പറയുന്നു.
നോട്ടീസിലെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി ചട്ടത്തിന്റെ (സി.ആർ.പി.സി) സെക്ഷൻ 41 എ (3), (4) എന്നിവ പ്രകാരം എം.എൽഎയെ അറസ്റ്റ് ചെയ്തേക്കും.
Adjust Story Font
16