സര്‍ക്കാര്‍ ജീവനക്കാര്‍ അനുമതിയില്ലാതെ പുനര്‍വിവാഹം ചെയ്യരുത്; ഉത്തരവുമായി ബിഹാര്‍
രണ്ടാം വിവാഹം കഴിക്കണമെങ്കിൽ സർക്കാരിൽ നിന്ന് മുൻകൂർ അനുമതി വേണമെന്ന് സർക്കാർ ഉത്തരവിറക്കി
പാറ്റ്ന: സർക്കാർ ജീവനക്കാർ അനുമതിയില്ലാതെ പുനർവിവാഹം ചെയ്യരുതെന്ന ഉത്തരവുമായി ബിഹാർ സര്‍ക്കാര്‍. രണ്ടാം വിവാഹം കഴിക്കണമെങ്കിൽ സർക്കാരിൽ നിന്ന് മുൻകൂർ അനുമതി വേണമെന്ന് സർക്കാർ ഉത്തരവിറക്കി.
വിജ്ഞാപനപ്രകാരം രണ്ടാമത് വിവാഹം കഴിക്കുന്ന ഏതൊരു ജീവനക്കാരനും ആദ്യം അയാളുടെ അല്ലെങ്കിൽ അവളുടെ പങ്കാളിയിൽ നിന്ന് നിയമപരമായ വേർപിരിയൽ തേടുകയും ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുകയും വേണം. സർവീസിൽ ഇരിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഭരണകൂടത്തെ അറിയിക്കാതെ വിവാഹം കഴിച്ചാൽ അത് വളരെ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. പുതിയ നിയമ പ്രകാരം, സർവീസിലിരിക്കെ അദ്ദേഹം മരിച്ചാല്‍ ഭാര്യക്കും മക്കൾക്കും യാതൊരുവിധ ആനുകൂല്യങ്ങൾക്കോ ഭർത്താവിന്‍റെ ജോലിക്കോ അവകാശമുണ്ടായിരിക്കില്ല.
ആദ്യ ഭാര്യ/ഭർത്താവിൽ നിന്നും നിയമപരമായി വിവാഹമോചനം നടത്തിയ രേഖകൾ ഹാജരാക്കിയ ശേഷം മാത്രമേ രണ്ടാം വിവാഹത്തിന് അനുമതി ലഭിക്കുകയുള്ളൂ. ആദ്യ കക്ഷിയിൽ നിന്നും എന്തെങ്കിലും എതിർപ്പുണ്ടായാൽ രണ്ടാം ഭാര്യ/ഭർത്താവിന് പങ്കാളിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും ബീഹാർ വ്യക്തമാക്കി.
എല്ലാ ഡിവിഷണൽ കമ്മീഷണർമാർ, ജില്ലാ മജിസ്‌ട്രേറ്റുമാർ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്‌മാർ, പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി), ഡിജിപി ഹോം ഗാർഡ്, ഡിജിപി ജയിൽ, ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർ എന്നിവരെയും അവരുടെ അധികാരപരിധിയിൽ ഇത് നടപ്പാക്കാൻ പൊതുഭരണകൂടം അറിയിച്ചിട്ടുണ്ട്.
Adjust Story Font
16