രാജ്യത്തെവിടെയാണെങ്കിലും ഇനി സമ്മതിദാനം രേഖപ്പെടുത്താം; വോട്ടിങ് മെഷീനിൽ പ്രത്യേക സജ്ജീകരണം
രാജ്യത്തിനുള്ളിൽ തന്നെയുള്ള ആഭ്യന്തര കുടിയേറ്റങ്ങൾ കാരണം വോട്ട് രേഖപ്പെടുത്താനാവത്തവരാണ് കൂടുതൽ
രാജ്യത്തിനുള്ളിൽ എവിടെ താമസിച്ചാലും പൗരൻമാർക്ക് അവിടെ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള സാധ്യതകൾ പരിശോധിച്ച് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. വ്യത്യസ്ത മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക ഒരു വോട്ടിങ് മെഷിനിൽ ( റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷിൻ-RVM) സജ്ജീകരിച്ചാണ് പുത്തൻ ചുവടുവയ്പ്പ്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇത്തരം വോട്ടിംഗ് മെഷിന്റെ പ്രവർത്തനവും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞതായാണ് വിവരം. ഉപരി പഠനത്തിനോ, തൊഴിൽപരമായ ആവശ്യങ്ങൾക്കോ, മറ്റ് കാര്യങ്ങൾക്കോ സ്വന്തം സംസ്ഥാനം വിട്ടു പോകേണ്ടി വന്നവർക്ക് വോട്ട് നഷ്ടമാവാതിരിക്കാനാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.
ഇതോടെ രാജ്യത്ത് എവിടെയാണെങ്കിലും പൗരന് സമ്മതിദാനം രേഖപ്പെടുത്താം. അതിഥി തൊഴിലാളികൾക്കും വോട്ട് നഷ്ടമാവില്ല. ഒരു പോളിങ് ബൂത്തിൽ തന്നെ 72 വ്യത്യസ്ത മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് പുതിയ വോട്ടിങ് മെഷിന്റെ ക്രമീകരണം. പദ്ധതി വിശദീകരിക്കാൻ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ഷണിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് എവിടെയാണെങ്കിലും സമ്മതിദാനം രേഖപ്പെടുത്താം. അതിഥി തൊഴിലാളികൾക്കും വോട്ട് നഷ്ടമാവില്ല.
2019ലെ പൊതു തിരഞ്ഞെടുപ്പിൽ 67.4% മാണ് പോളിങ് രേഖപ്പെടുത്തിയത്. 30 കോടിയോളം വോട്ടർമാർ അവരുടെ സമ്മതിദാന അവകാശം വിനയോഗിക്കാത്തതും പല സംസ്ഥാനങ്ങളിലെയും പോളിങ് ശതമാനത്തിലെ കുറവും തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായാണ് നോക്കി കാണുന്നത്. രാജ്യത്തിനുള്ളിൽ തന്നെയുള്ള ആഭ്യന്തര കുടിയേറ്റങ്ങൾ കാരണം വോട്ട് രേഖപ്പെടുത്താനാവത്തവരാണ് കൂടുതൽ. ആഭ്യന്തര കുടിയേറ്റങ്ങളുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും, 85 ശതമാനത്തോളം സംസ്ഥാനത്തിനുള്ളിൽ തന്നെയുള്ള കുടിയേറ്റങ്ങളെന്നാണ് വിവരം. പോളിങ് ശതമാനം ഉയർത്താനും എല്ലാവരെയും ഉൾക്കൊള്ളിച്ച് തിരഞ്ഞെടുപ്പ് നടത്തുകയെന്ന ലക്ഷ്യവുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലുള്ളത്.
പുതിയ പദ്ധതി യാഥാർത്യമാവാൻ ചില വെല്ലുവിളികളും ബാക്കിയുണ്ട്. നിയമപരമായും സാങ്കേതികപരമായും ഭരണ നിർവഹകണ കാര്യങ്ങളിലുമുള്ള ആശങ്കകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പങ്കുവയ്ക്കുന്നത്. വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരുടെ അഭിപ്രായങ്ങൾ തേടി എല്ലാ തരത്തിലുമുള്ള സംശയങ്ങൾ ദൂരികരിച്ച ശേഷമാവും കമ്മീഷൻ പദ്ധതി യാഥാർത്യമാക്കുക.
Adjust Story Font
16