Quantcast

സുപ്രിംകോടതി ഉത്തരവില്‍ വിശദമായ നീറ്റ് യു.ജി ഫലം പുറത്തുവിട്ട് എന്‍.ടി.എ

വിദ്യാര്‍ഥികളുടെ റോള്‍ നമ്പര്‍ മറച്ചാണു ഫലം പുറത്തുവിട്ടത്

MediaOne Logo

Web Desk

  • Published:

    20 July 2024 7:30 AM GMT

Supreme Court to resume hearing petitions related to NEET-UG exam irregularities today
X

ന്യൂഡല്‍ഹി: വിശദമായ നീറ്റ് യു.ജി ഫലം പുറത്തുവിട്ട് എന്‍.ടി.എ. സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണ് വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികളുടെ റോള്‍ നമ്പര്‍ മറച്ചാണ് ഫലം പുറത്തുവിട്ടത്. വിവിധ സംസ്ഥാനങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിലെ മാര്‍ക്കുകള്‍ തരംതിരിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് മുന്‍പ് പട്ടിക വെബ്സൈറ്റിലൂടെ പുറത്തുവിടണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഒരോ കേന്ദ്രത്തിലും പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ മാര്‍ക്ക്, റോള്‍ നമ്പര്‍ മറച്ച് വിശദമായി തന്നെ പ്രസിദ്ധീകരിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. ബിഹാര്‍ പൊലീസിന്റെ റിപ്പോര്‍ട്ട് കൂടി കോടതി തേടിയിട്ടുണ്ട്. ഇക്കാര്യം കൂടി പരിശോധിച്ച ശേഷമാകും തുടര്‍നടപടി.

പട്ടിക പുറത്തുവിടുന്നത് കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും, ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ വ്യാപ്തി കണ്ടെത്താന്‍ പട്ടിക പ്രസിദ്ധീകരിക്കല്‍ അനിവാര്യമാണെന്ന നിലപാടിലായിരുന്നു കോടതി. പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് സംശയിക്കുന്ന വിദ്യാര്‍ഥികള്‍, പൂര്‍ണ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഈ പരാതി കൂടി പരിഹരിക്കാനാണ് വിശദവിവരങ്ങള്‍ ഇന്ന് പുറത്തുവിടുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ പുനഃപരീക്ഷ പ്രഖ്യാപിക്കൂവെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 24ന് പ്രഖ്യാപിച്ചിരിക്കുന്ന കൗണ്‍സിലിങ് സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യത്തോട് കേന്ദ്ര സര്‍ക്കാരിന് എതിര്‍പ്പാണ്. കൗണ്‍സിലിങ് എന്നു തുടങ്ങണമെന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കാമെന്ന നിലപാടിലാണ് കോടതി.

Summary: NTA declares NEET UG 2024 city and center-specific results after Supreme Court order

TAGS :

Next Story