നൂഹ് സംഘർഷം: എല്ലാ ആക്രമണങ്ങളും ആസൂത്രിതമെന്നതിലുപരി സെലക്ടീവ് ആയിരുന്നു: പി മുജീബ് റഹ്മാൻ
ഭാവനയിൽ പോലും കാണാനാവാത്ത ക്രൂരതകളാണ് ഭരണകൂടവും സഘ്പരിവാറും നൂഹിലെ ജനങ്ങളോട് ചെയ്തതെന്ന് പി മുജീബ് റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു
ചണ്ഡിഗഢ്: ഹരിയാനയിലെ എല്ലാ ആക്രമണങ്ങളും ആസൂത്രിതമെന്നതിലുപരി സെലക്ടീവ് ആയിരുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്മാൻ. ഭാവനയിൽ പോലും കാണാനാവാത്ത ക്രൂരതകളാണ് ഭരണകൂടവും സഘ്പരിവാറും നൂഹിലെ ജനങ്ങളോട് ചെയ്തത്. സ്വതന്ത്ര ഇന്ത്യയിൽ എങ്ങിനെയാണ് ഒരു സ്റ്റേറ്റിന് സ്വന്തം പൗരൻമാരോട് ഇങ്ങനെ ചെയ്യാനായത് എന്നെനിക്ക് മനസ്സിലായില്ലെന്ന് പി മുജീബ് റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു.
പി മുജീബ് റഹ്മാന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പുർണ്ണ രൂപം:- ഹരിയാനയിലെ നൂഹ് സന്ദർശിച്ചു. ഭരണകൂടവും സംഘ്പരിവാറും നേരിട്ട് നടത്തുന്ന വംശീയാക്രമണങ്ങളുടെ നെഞ്ച് പിളർക്കും കാഴ്ചകളാണവിടെ. ഇന്ന് പുലർച്ചെയാണ് ഡൽഹിയിലെത്തിയത്. ഡൽഹിയിലെത്തിയിരിക്കെ സ്വാഭാവികമായും ഗുരുഗ്രാമിലെയും നൂഹിലെയും കലാപബാധിതരെയോർത്തു. എങ്ങിനെയെങ്കിലും ദുരിതബാധിതരുടെ അടുത്തെത്തണമെന്ന് തീരുമാനിച്ചു.
കർഫ്യൂവിൽ ഇളവുണ്ടെന്നറിഞ്ഞു. തടഞ്ഞാൽ തിരിച്ച് പോരണം. പോകാൻ അവസരം ലഭിച്ചാൽ ഭരണകൂട വേട്ടക്കിരയായ പാവം മനുഷ്യരെ ആശ്വസിപ്പിക്കാനെങ്കിലും കഴിയണം. പോകുന്ന വഴി പാർലമെന്റ് നടക്കുന്ന സമയമായതിനാൽ ബഹുമാന്യനായ എം.പി ഇ.ടി. മുഹമ്മദ് ബഷീർ സാഹിബിനെ ഒന്ന് വിളിച്ച് നോക്കി. പാർമെന്റിൽ അപരവൽക്കരിക്കപ്പെടുന്നവരുടെ ശബ്ദമാണല്ലോ ഇ.ടി. ഞങ്ങൾ നൂഹിലേക്കാണ്, അങ്ങ് പോകുന്നുണ്ടോ? എന്ന ചോദ്യത്തിന് ഇതാ ഇറങ്ങി എന്ന മറുപടിയാണ് ലഭിച്ചത്.
ഞങ്ങൾ വഴിൽവെച്ച് ഒരുമിച്ചു. പിന്നീട് ഒന്നിച്ചായിരുന്നു യാത്ര. യാത്ര പുറപ്പെട്ട് നൂഹിലെത്താറായപ്പോൾ നിറഞ്ഞ പോലിസ് വ്യൂഹം, കടകളെല്ലാം അടഞ്ഞ് കിടക്കുന്നു. തെരുവ് വിജനമാണ്. മൂന്ന് സ്ഥലങ്ങളിലായി പോലീസ് പരിശോധന എല്ലാം കഴിഞ്ഞ് നൂഹിലെത്തിയപ്പോൾ ഭാവനയിൽ പോലും കാണാനാവാത്ത ക്രൂരതകളാണ് ഒരു ഭരണകൂടവും സംഘ്പരിവാറും നൂഹിലെ ജനങ്ങളോട് ചെയ്തിരിക്കുന്നതെന്ന് മനസ്സിലായി.
സ്വതന്ത്ര ഇന്ത്യയിൽ എങ്ങിനെയാണ് ഒരു സ്റ്റേറ്റിന് സ്വന്തം പൗരൻമാരോട് ഇങ്ങനെ ചെയ്യാനായത് എന്നെനിക്ക് മനസ്സിലായില്ല. അതാണ് വംശീയ ഭീകരത. എല്ലാ ആക്രമണങ്ങളും ആസൂത്രിതമെന്നതിലുപരി സെലക്ടീവ് ആയിരുന്നു. നാല് നിലയിൽ പ്രവർത്തിക്കുന്ന സഹാറാ ഫാമിലി ഹോട്ടൽ ബുൾഡോസർ വെച്ച് ഇടിച്ച് നിരത്തിയിരിക്കുന്നു. ഹോട്ടലിന് ഇരുവശവുമുള്ള നിരവധി കെട്ടിടങ്ങൾക്ക് ഒരു പോറൽ പോലു മേറ്റിട്ടില്ല.
നൂഹ് മെഡിക്കൽ കോളേജിന് മുമ്പിൽ ഞങ്ങളെത്തുമ്പോൾ മെഡിക്കൽ കോളേജിന് മുമ്പിലെ ലാബ്, സകാനിങ്ങ് സെന്റർ തുടങ്ങി ഏതാണ്ട് 64 ഓളം കെട്ടിടങ്ങളാണ് ബുൾഡോസർ വഴി തകർത്തിരിക്കുന്നത്. പ്രദേശ വാസികളുടെ ഉപജീവന മാർഗമായി അവർ റോഡിന് ഇരുവശവും കെട്ടിപ്പൊക്കിയ എല്ലാ കടകളും തകർത്തിരിക്കുന്നു.
അനധികൃതമെന്ന ന്യായമാണ് സർക്കാർ സ്‌പോൺസേഡ് കലാപത്തിനായി ഇവർ നിരത്തുന്ന ന്യായം. എന്നാൽ നൂഹിന്റെ ഹൃദയഭാഗത്ത് തന്നെ അത്യാവശ്യം വലിയ കെട്ടിടം പാടെ തകർക്കപ്പെട്ടിരിക്കുന്നു; ടൈൽസ് ഷോപ്പാണ്. തകർന്നടിഞ്ഞ കെട്ടിടത്തിനകത്ത് താടി നീട്ടിവളർത്തി പ്രായം ചെന്ന ഒരു മനുഷ്യൻ. അദ്ദേഹത്തിന്റെ പേര് ലിയാഖത്തലി, സ്വന്തം ഭൂമിയിൽ കോർപറേഷൻ അനുമതിയോടെ എല്ലാം നിയമവും പാലിച്ച് അദ്ദേഹം പണിത കെട്ടിടം, അദ്ദേഹത്തിന്റെ ജീവിതായുസ്സിന്റെ സമ്പാദ്യം എല്ലാം പൂർണമായും തകർക്കപ്പെട്ടിരിക്കുന്നു.
ചില തെരുവുകൾ ശൂന്യമാണ്. കാരണമന്വേഷിച്ചപ്പോൾ ജീവഭയം കൊണ്ടോടിപ്പോയതാണ്. ചില തെരുവുകളിൽ അമ്മമാരും കുട്ടികളും മാത്രം. അവരെല്ലാം ബഹുമാന്യനായ എം.പിയെയും ഞങ്ങളെയും കണ്ടപ്പോൾ കരച്ചിലടക്കാനാവാതെ വിങ്ങിപ്പൊട്ടി. ആരും അവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. അവരെ സമാധാനിപ്പിക്കാൻ ഞങ്ങൾക്ക് വാക്കുകളുണ്ടായിരുന്നില്ല. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. ഞങ്ങളുടെ മക്കളെവിടെ ഭർത്താക്കാൻമാരെവിടെ? യുവാക്കളെവിടെ? അതെ, നൂറുകണക്കിന് യുവാക്കളെ കാണാതായി എന്നതാണ് നമുക്കെല്ലാം ഉത്തരം കിട്ടാത്ത പ്രശ്‌നം.
നിരവധി ഗ്രാമങ്ങളിലൊന്നായ മുറാദ് ബാസ് എന്ന ഗ്രാമത്തിൽ ഞങ്ങളെത്തുമ്പോൾ അവിടെ യുവാക്കളില്ല. സ്ത്രീകളും മുതിർന്നവരും അവരനുഭവിച്ച പീഡനങ്ങൾ ഞങ്ങൾക്ക് മുമ്പാകെ വിതുമ്പലോടെ അവതരിപ്പിച്ചു. പുലർച്ചെ നാല് മണിക്ക് വീട്ടിൽ കയറിയ പോലീസ് സ്ത്രീകളെ വരെ ക്രുരമായി മർദിച്ചു.
പ്രിയരെ ഇതാണ് ഹരിയാനയിൽ തിളങ്ങുന്ന ഇന്ത്യ. ഇന്റർനെറ്റ് വിലക്കിയതിനാൽ ഈ തിളക്കം ലോകമറിയുന്നില്ല. ഗുരുഗ്രാമിന്റെയും നൂഹിന്റെയും നിലവിളി പുറത്താരും കേൾക്കുന്നില്ല. വാക്കുകൾക്ക് ഹരിയാനയുടെ വേദന ഒപ്പിയെടുക്കാൻ കഴിയില്ല. മണിപ്പുരിനൊപ്പം ഹരിയാനയുടെയും രോദനം ലോകം കേൾക്കണം, കേൾപ്പിക്കണം. ആരും തിരിഞ്ഞ് നോക്കാത്ത അവിടെയുള്ള പച്ച മനുഷ്യർക്കും നീതി ലഭിക്കണം. നീതി ലഭ്യമാകുംവരെ നൻമേച്ചുക്കളായ മുഴുവൻ മനുഷ്യരും ഈ മർദിത ജനതക്കൊപ്പം നിലയുറപ്പിക്കണം.
സുഹൃത്തുക്കളായ മാധ്യമം ജോയിന്റ് എഡിറ്റർ പി.ഐ.നൗഷാദ്, അയ്യൂബ് തിരൂർ, അഫ്‌നാൻ മുട്ടിൽ, ഇൽയാസ് ഹമദാനി, ഇർഫാൻ ഡൽഹി, നൂഹ് സ്വദേശി അഖിൽ അഹമ്മദ് സാഹിബ് തുടങ്ങിയവരൊന്നിച്ചുള്ള ഇന്നത്തെ യാത്ര മനസ്സിൽ വല്ലാത്ത നീറ്റലായി ഇപ്പോഴും തുടരുന്നു. നൂഹ് നിവാസികളെല്ലാം ചോദിച്ചത് ഒറ്റ കാര്യമായിരുന്നു -''ഇൻസാഫ്'. ഞങ്ങളവരോട് പറഞ്ഞതും നിങ്ങൾക്ക് നീതി ലഭിക്കുമെന്നാണ്. നാഥാ, ഈ ജനതയുടെ നീതിക്കായുള്ള നിലവിളി നീ കേൾക്കേണമേ....
Adjust Story Font
16