'ബുൾഡോസർ രാജ്'; ഹരിയാനയിലെ നൂഹിൽ ഇടിച്ചുനിരത്തിയത് 1,208 കെട്ടിടങ്ങൾ
ജില്ലയിലെ 11 പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി 72.1 ഏക്കർ സ്ഥലത്തെ കെട്ടിടങ്ങളാണ് തകർത്തത്.
നൂഹ്: ഹരിയാനയിലെ നൂഹ് ജില്ലയിൽ അനധികൃത കയ്യേറ്റം ആരോപിച്ച് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ തകർത്തത് 1,208 കെട്ടിടങ്ങളെന്ന് റിപ്പോർട്ട്. ജില്ലയിലെ 11 പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി 72.1 ഏക്കർ സ്ഥലത്തെ കെട്ടിടങ്ങളാണ് തകർത്തതെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
നൂഹ്, നൽഹാർ, പുൻഹാന, ടൗരു, നംഗൽ മുബാറക്പൂർ, ഷാപൂർ, ആഗോൺ, അദ്ബാർ ചൗക്ക്, നൽഹാർ റോഡ്, തിരംഗ ചൗക്ക്, നാഗിന തുടങ്ങിയ നഗരങ്ങളിലും ഗ്രാമങ്ങളിലുമാണ് വസ്തുവകകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടത്. സ്വത്തുക്കൾ എല്ലാം ന്യൂനപക്ഷ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ, അംഗീകൃത ബിൽഡിംഗ് പ്ലാൻ ഇല്ലാത്ത വസ്തുവകകൾ, ജൂലൈ 31 ന് വി.എച്ച്.പി ഘോഷയാത്രയ്ക്ക് നേരെ കല്ലും പെട്രോൾ ബോംബും എറിയാൻ കലാപകാരികൾ ഉപയോഗിച്ച കെട്ടിടങ്ങൾ തുടങ്ങിയവയാണ് പൊളിച്ചുമാറ്റിയതെന്ന് നൂഹ് ജില്ലാ കമ്മീഷണർ ധീരേന്ദ്ര ഖഡ്‍കത പറയുന്നു. നിയമോപദേശം തേടിയാണ് പൊളിക്കൽ നടപടികൾ ആരംഭിച്ചതെന്നും ജൂൺ 30 ന് ഇതുസംബന്ധിച്ച നോട്ടീസ് നൽകിയിട്ടുണ്ടെന്നും അധികൃതർ ആവർത്തിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇത്തരത്തിൽ മുൻകൂട്ടി അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നാണ് ഉടമസ്ഥർ പറയുന്നത്.
അതേസമയം, ഹരിയാനയിൽ മുസ്‌ലിം വ്യാപാരികൾക്ക് പഞ്ചായത്തുകൾ വിലക്കേർപ്പെടുത്തി. രേവാരി, മഹേന്ദർഗഡ്, ജാജ്ജർ ജില്ലകളിലെ 50 പഞ്ചായത്തുകളാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഗ്രാമത്തിൽ താമസിക്കുന്ന മുസ്‌ലിംകൾ തിരിച്ചറിയൽ രേഖ പൊലീസിന് നൽകണമെന്നും സർപഞ്ചുമാർ ഒപ്പുവെച്ച സർക്കുലറിൽ പറയുന്നു.
Adjust Story Font
16