Quantcast

പാര്‍ട്ടി സസ്പെന്‍ഷനു പിന്നാലെ മാപ്പുപറഞ്ഞ് നുപൂർ ശർമ

തന്റെ വാക്കുകൾ ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ നിരുപാധികമായി പിൻവലിക്കുന്നുവെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും അവർ ട്വീറ്റ് ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2022-06-05 15:51:41.0

Published:

5 Jun 2022 12:57 PM GMT

പാര്‍ട്ടി സസ്പെന്‍ഷനു പിന്നാലെ മാപ്പുപറഞ്ഞ് നുപൂർ ശർമ
X

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബിജെപി നേതാവ് നുപൂർ ശർമ മാപ്പ് പറഞ്ഞു. തന്റെ വാക്കുകൾ ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ നിരുപാധികമായി പിൻവലിക്കുന്നുവെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും അവർ ട്വീറ്റ് ചെയ്തു.

അപകീർത്തി പരാമർശത്തിന്റെ പേരിൽ നുപൂർ ശർമയെ ബിജെപി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പാർട്ടിയുടെ ഡൽഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലിനെതിരെയും നടപടിയെടുത്തിരുന്നു. നുപൂർ ശർമയുടെ പ്രസ്താവനയിൽ ബിജെപി നേരത്തെ വിശദീകരണ കുറിപ്പിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ.

എല്ലാ മതങ്ങളെയും പാർട്ടി ബഹുമാനിക്കുന്നുണ്ടെന്നും ഏതു മതനേതാക്കൾക്കെതിരായ അവഹേളനങ്ങളെയും ശക്തമായി തള്ളിപ്പറയുന്നുവെന്നുമായിരുന്നു ബി.ജെ.പി വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കിയത്. നുപൂർ ശർമയുടെ വിവാദ പ്രസ്താവന അറബ് ലോകത്തടക്കം കോളിളക്കം സൃഷ്ടിച്ചതോടെയായിരുന്നു ബി.ജെ.പിയുടെ പ്രതികരണവും നടപടിയും.

ദിവസങ്ങൾക്കുമുൻപാണ് ദേശീയ മാധ്യമമായ 'ടൈംസ് നൗ'വിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയിൽ നുപൂർ ശർമ വിവാദ പ്രസ്താവന നടത്തിയത്. ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. സംഭവത്തിൽ നുപൂറിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. പരാമർശം മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർധയുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ച് റസാ അക്കാദമി മുംബൈ ഘടകം ജോയിന്റ് സെക്രട്ടറി ഇർഫാൻ ശൈഖ് പൈദോനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലായിരുന്നു നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295-എ(ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള നടപടി), 153-എ(വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നുപുർ ശർമയ്ക്കെതിരെ കേസെടുത്തത്.

സമൂഹമാധ്യമങ്ങളിൽ മുസ്ലിം സമുദായത്തിനെതിരേ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് നവീൻ കുമാർ ജിൻഡാലിനെതിരെ നടപടിയെടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്. ട്വിറ്ററിലായിരുന്നു ജിൻഡാലിന്റെ വിവാദ പരാമർശങ്ങൾ.

TAGS :

Next Story