Quantcast

നുപൂർ ശർമയെ വീണ്ടും ചോദ്യംചെയ്യും; ഡൽഹി പൊലീസിന്റെ നോട്ടീസ്

രാജ്യത്തെ കലാപങ്ങൾക്ക് ഉത്തരവാദിയായ നുപൂർ ശർമ രാജ്യത്തോട് മാപ്പുപറയണമെന്ന് ഇന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-07-01 17:31:11.0

Published:

1 July 2022 4:15 PM GMT

നുപൂർ ശർമയെ വീണ്ടും ചോദ്യംചെയ്യും; ഡൽഹി പൊലീസിന്റെ നോട്ടീസ്
X

ന്യൂഡൽഹി: പ്രവാചകനിന്ദാ കേസിൽ ബി.ജെ.പി നേതാവ് നുപൂർ ശർമയെ വീണ്ടും ചോദ്യംചെയ്യും. ഡൽഹിയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ പൊലീസ് നുപൂറിന് നോട്ടീസ് നൽകി. പ്രവാചകനിന്ദാ പരാമർശത്തിൽ സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിനു പിന്നാലെയാണ് ഡൽഹി പൊലീസ് തുടർനടപടിയിലേക്ക് നീങ്ങുന്നത്.

കേസിൽ ഇതിനുമുൻപും നുപൂറിന് നോട്ടീസ് നൽകിയിരുന്നതായി ഡൽഹി പൊലീസ് അറിയിച്ചു. വിദ്വേഷം പ്രചരിപ്പിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്ത കേസിലായിരുന്നു നോട്ടീസ്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 18ന് അവർ ഡൽഹി പൊലീസിനു മുൻപാകെ ചോദ്യംചെയ്യലിന് ഹാജരായി. ഇതിൽ നുപൂറിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ(ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപറേഷൻസ്) കെ.പി.എസ് മൽഹോത്ര അറിയിച്ചു.

'വക്താവ് എന്നത് എന്തും വിളിച്ചുപറയാനുള്ള ലൈസൻസല്ല'

ഇന്നു രാവിലെയാണ് നുപൂറിനെതിരെ സുപ്രീംകോടതി രൂക്ഷമായ വിമർശനം നടത്തിയത്. രാജ്യത്തെ കലാപങ്ങൾക്ക് ഉത്തരവാദിയായ നുപൂർ ശർമ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടു. പാർട്ടി വക്താവ് എന്നത് എന്തും വിളിച്ചുപറയാനുള്ള ലൈസൻസ് അല്ലെന്ന് ജസ്റ്റിസ് സൂര്യകാന്തും ജെ.ബി പർദിവാലയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ചാനൽ ചർച്ച ദുരുപയോഗപ്പെടുത്തപ്പെട്ടെങ്കിൽ പൊലീസിൽ എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് കോടതി ചോദിച്ചു. പരാമർശം പിൻവലിക്കുന്നതുപോലും ഉപാധി വച്ചുകൊണ്ടാണ്. മതവികാരം വ്രണപ്പെടുത്തിയെങ്കിൽ പരാമർശം പിൻവലിക്കുന്നുവെന്നാണ് നുപൂർ ശർമ പറഞ്ഞത്. രാജ്യത്തെ മജിസ്‌ട്രേറ്റുമാർ തന്നെക്കാൾ ചെറുതാണ് എന്ന ധാർഷ്ട്യമാണ് നുപൂർ ശർമയ്‌ക്കെന്നും കോടതി വിലയിരുത്തി.

നുപൂർ ഭീഷണി നേരിടുന്നുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞപ്പോൾ കോടതിയുടെ പ്രതികരണമിങ്ങനെ- 'നുപൂർ ഭീഷണി നേരിടുകയാണോ അതോ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി നുപൂർ മാറിയോ? രാജ്യത്തുടനീളം നുപൂർ വികാരം ആളിക്കത്തിച്ചു. രാജ്യത്ത് ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾക്ക് ഈ സ്ത്രീ മാത്രമാണ് ഉത്തരവാദി'- ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

'നുപൂറിൻറെ പ്രകോപന ചർച്ച ഞങ്ങൾ കണ്ടു. നുപൂർ പറഞ്ഞ രീതിയും പിന്നീട് താനൊരു അഭിഭാഷകയാണെന്ന് പറഞ്ഞതും ലജ്ജാകരമാണ്. രാജ്യത്തോട് നുപൂർ മാപ്പ് പറയണം'- ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. തനിക്കെതിരായ മുഴുവൻ കേസുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നുപൂർ സമർപ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശം. ഹരജി നുപൂർ ശർമ പിൻവലിച്ചു.

നുപൂർ ശർമ ദേശീയ മാധ്യമമായ ടൈംസ് നൗവിൽ നടന്ന ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പ്രവാചകനിന്ദാ പരാമർശത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ പ്രതിഷേധമുയർന്നിരുന്നു. ഗ്യാൻവാപി പള്ളി വിഷയത്തിലെ ചർച്ചയ്ക്കിടെയായിരുന്നു സംഭവം. നുപൂർ ശർമയെയും മറ്റൊരു വക്താവ് നവീൻ കുമാർ ജിൻഡാലിനെയും ബി.ജെ.പി പിന്നീട് സസ്‌പെൻഡ് ചെയ്തു. സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും മുംബൈ പൊലീസും ഹൈദരാബാദ് പൊലീസും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാൽ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Summary: BJP leader Nupur Sharma will be questioned again in blasphemy case

TAGS :

Next Story