Quantcast

പ്രവാചകനിന്ദ നടത്തിയ നുപൂര്‍ ശര്‍മ രാജ്യത്തോട് മാപ്പുപറയണം: സുപ്രിംകോടതി

നുപൂറിന്റെ പരാമർശം രാജ്യത്ത് കലാപം സൃഷ്ടിച്ചെന്ന് സുപ്രിംകോടതി

MediaOne Logo

Web Desk

  • Updated:

    2022-07-01 15:53:18.0

Published:

1 July 2022 5:56 AM GMT

പ്രവാചകനിന്ദ നടത്തിയ നുപൂര്‍ ശര്‍മ രാജ്യത്തോട് മാപ്പുപറയണം: സുപ്രിംകോടതി
X

ഡല്‍ഹി: പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നുപൂര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രിംകോടതി. നുപൂറിന്റെ പരാമർശം രാജ്യത്ത് കലാപം സൃഷ്ടിച്ചെന്ന് സുപ്രിംകോടതി വിലയിരുത്തി. ഉദയ്പൂർ കൊലപാതകം നടന്നത് പോലും നുപൂറിന്‍റെ പ്രസ്താവന കാരണമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്തും ജെ.ബി പര്‍ദിവാലയും വിമര്‍ശിച്ചു.

"നുപൂറിന്‍റെ പ്രകോപനപരമായ ചർച്ച ഞങ്ങൾ കണ്ടു. നുപൂര്‍ പറഞ്ഞ രീതിയും പിന്നീട് താനൊരു അഭിഭാഷകയാണെന്ന് പറഞ്ഞതും ലജ്ജാകരമാണ്. രാജ്യത്തോട് നുപൂര്‍ മാപ്പ് പറയണം"- ജസ്റ്റിസ് സൂര്യകാന്ത് നുപൂറിനെ രൂക്ഷമായി വിമര്‍ശിച്ചു.

തനിക്കെതിരെയുള്ള എല്ലാ എഫ്‌ഐആറും ഡൽഹിയിലേക്ക് മാറ്റണമെന്ന നുപൂർ ശർമയുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. നുപൂര്‍ ഭീഷണി നേരിടുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

"നുപൂര്‍ ഭീഷണി നേരിടുകയാണോ അതോ സുരക്ഷാ ഭീഷണിയായി നുപൂര്‍ മാറിയോ? രാജ്യത്തുടനീളം നുപൂര്‍ വികാരങ്ങൾ ആളിക്കത്തിച്ചു. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾക്ക് ഈ സ്ത്രീ ഉത്തരവാദിയാണ്"- ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

പാർട്ടി വക്താവ് എന്നത് എന്തും വിളിച്ച് പറയാനുള്ള ലൈസൻസ് അല്ലെന്ന് കോടതി നിരീക്ഷിച്ചു. ചാനൽ ചർച്ച ദുരുപയോഗിക്കപ്പെട്ടെങ്കിൽ പൊലീസിൽ എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് കോടതി ചോദിച്ചു. പരാമർശം പിൻവലിക്കുന്നത് പോലും ഉപാധി വെച്ചുകൊണ്ടാണ്. മതവികാരം വ്രണപ്പെടുത്തി എങ്കിൽ പരാമര്‍ശം പിൻവലിക്കുന്നു എന്നാണ് നുപൂർ ശർമ പറഞ്ഞത്. രാജ്യത്തെ മജിസ്ട്രേറ്റുമാർ തന്നേക്കാള്‍ ചെറുതാണ് എന്ന ധാർഷ്ട്യമാണ് നുപൂർ ശർമയ്ക്കെന്നും കോടതി വിലയിരുത്തി.

നുപൂര്‍ ശര്‍മ ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പ്രവാചകനിന്ദയ്ക്കെതിരെ അന്തര്‍ ദേശീയതലത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ഗ്യാന്‍വാപി പള്ളി വിഷയത്തിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. നുപൂര്‍ ശര്‍മയെയും മറ്റൊരു വക്താവ് നവീൻ കുമാർ ജിൻഡാലിനെയും ബി.ജെ.പി പിന്നീട് സസ്പെൻഡ് ചെയ്തു. സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും മുംബൈ പൊലീസും ഹൈദരാബാദ് പൊലീസും നുപൂർ ശർമയ്‌ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

TAGS :

Next Story