Quantcast

നുപൂര്‍ ശര്‍മ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ട്: ഉവൈസി

'നുപൂർ ശർമയെ അറസ്റ്റ് ചെയ്യുകയും നിയമപ്രകാരമുള്ള നടപടിയെടുക്കുകയും വേണം'

MediaOne Logo

Web Desk

  • Published:

    19 Jun 2022 6:20 AM GMT

നുപൂര്‍ ശര്‍മ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ട്: ഉവൈസി
X

ഹൈദരാബാദ്: പ്രവാചകനിന്ദ നടത്തിയതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നുപൂര്‍ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടു. നുപൂര്‍ ശര്‍മ വൈകാതെ വലിയ നേതാവായി ഉയര്‍ത്തിക്കാട്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഉവൈസി പറഞ്ഞു.

"നുപൂർ ശർമയെ അറസ്റ്റ് ചെയ്യുകയും രാജ്യത്തെ നിയമമനുസരിച്ച് നടപടിയെടുക്കുകയും വേണം. ഭരണഘടനാ പ്രകാരമുള്ള നടപടിയാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. അടുത്ത ആറോ ഏഴോ മാസത്തിനുള്ളിൽ നുപൂർ ശർമ വലിയ നേതാവായി ഉയര്‍ത്തപ്പെട്ടേക്കാം. നുപൂർ ശർമയെ ഡൽഹി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാനിടയുണ്ട്"- ഉവൈസി പറഞ്ഞു.

നുപൂര്‍ ശര്‍മയെ ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് ഉവൈസി പറഞ്ഞു- "ബി.ജെ.പി നുപൂർ ശർമയെ സംരക്ഷിക്കുന്നു, ഞങ്ങൾ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടും അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല. എ.ഐ.എം.ഐ.എം നല്‍കിയ പരാതിയില്‍ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസിനെ ഡൽഹിയിലേക്ക് അയയ്ക്കാൻ ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു".

ഉത്തർപ്രദേശിലെ ബുള്‍ഡോസര്‍ രാജിനെയും ഉവൈസി വിമര്‍ശിച്ചു- "പ്രയാഗ് രാജില്‍ അഫ്രീൻ ഫാത്തിമയുടെ വസതി നിങ്ങൾ എന്തിനാണ് തകർത്തത്? അഫ്രീന്‍റെ പിതാവ് പ്രതിഷേധം സംഘടിപ്പിച്ചതാണ് കാരണം. നീതിയാണ് ഭരണഘടനയുടെ അടിസ്ഥാന ഘടകം. കോടതിയാണ് അഫ്രീന്‍റെ പിതാവ് കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്. കോടതി നീതി ചെയ്യും. കോടതി ഒരിക്കലും ഭാര്യയെയും മക്കളെയും ശിക്ഷിക്കില്ല"

മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് നസീം ഖാനും നുപൂര്‍ ശര്‍മയെയും നവീൻ കുമാർ ജിൻഡാലിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗ്യാന്‍വാപി മസ്ജിദ് സംബന്ധിച്ച ടെലിവിഷന്‍ ചര്‍ച്യ്ക്കിടെയാണ് നുപൂര്‍ ശര്‍മ പ്രവാചകനെ അധിക്ഷേപിച്ചത്. തുടര്‍ന്ന് പഞ്ചാബ്, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധമുണ്ടായി.

TAGS :

Next Story