Quantcast

രാത്രി വൈകിയും ബഹനനഗർ സ്റ്റേഷനിൽ തെളിവെടുപ്പ്; അന്വേഷണം ഊർജിതമാക്കി സി.ബി.ഐ

അപകടം സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങൾ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി.

MediaOne Logo

Web Desk

  • Published:

    7 Jun 2023 1:23 AM GMT

odisha train tragedy cbi investigation
X

ഭുവനേശ്വര്‍: ഒഡീഷ ട്രെയിൻ അപകടത്തിൽ അന്വേഷണം ഊർജിതമാക്കി സി.ബി.ഐ. ഇന്നലെ രാത്രി ഏറെ വൈകിയും സി.ബി.ഐ സംഘം അപകടം നടന്ന ബഹനനഗർ ബസാർ റെയിൽവെ സ്റ്റേഷനിൽ തെളിവെടുപ്പ് നടത്താൻ എത്തി. അപകടം സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങൾ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി.

റെയിൽവെയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിവിധ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആരോപിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്പതിലേറെ പേരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപണം. എന്നാൽ ആയിരത്തി ഇരുന്നൂറിലേറെ പേരെ ഒഡീഷയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു എങ്കിലും നിലവിൽ ഇരുന്നൂറിൽ താഴെ പേ‍‍‍ര്‍ മാത്രമേ സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളൂ എന്നാണ് സംസ്ഥാന സർക്കാരും റെയിൽവേയും വാദിക്കുന്നത്. അപകടത്തിൽ പരുക്കേറ്റവരെ കുടുംബങ്ങൾ സ്വന്തം നാട്ടിലേക്ക് കൊണ്ട് പോയ കണക്കുകൾ ഒഡീഷ സർക്കാർ ഇതിൽ പരിഗണിച്ചിട്ടില്ല.

സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന ആളുകളിൽ ഒരാള്‍ മാത്രമാണ് ഗുരുതര വിഭാഗത്തിൽ ഉള്ളത് എന്നാണ് ഒഡീഷ സർക്കാർ പറയുന്നത്. അപകടത്തിന് പിന്നാലെ 101 പേരെ കൂടി കണ്ടെത്താനുണ്ട് എന്നാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ ആരോപിക്കുന്നത്. തിരിച്ചറിയാൻ കഴിയാത്ത എൺപതിലേറെ മൃതദേഹങ്ങൾ ഭുവനേശ്വറിലെ എയിംസിൽ സൂക്ഷിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനാ ഫലം വന്നാൽ മാത്രമേ കുടുംബങ്ങൾക്ക് മറുപടി നൽകാൻ സംസ്ഥാന സർക്കാരിനും റെയിൽവേയ്ക്കും കഴിയൂ. മൃതദേഹങ്ങൾ മാറി നൽകി എന്ന ആരോപണവും സർക്കാർ പ്രതിരോധിക്കുന്നത് ഡി.എൻ.എ പരിശോധനാഫലം ഉയർത്തിയാണ്. അതേസമയം അട്ടിമറി ഉൾപ്പെടെയുള്ള സാധ്യതകളാണ് ഇന്നലെ രാത്രി ബഹന നഗർ ബസാർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സി.ബി.ഐ സംഘം പരിശോധിച്ചത്.

TAGS :

Next Story