''വസ്തുത അറിയാതെ ആരോപണങ്ങൾ ഉന്നയിക്കരുത്''; പാർലമെന്റിലെ പ്രതിഷേധ വിലക്കില്‍ സ്പീക്കർ
പാർലമെന്റ് വളപ്പിൽ പ്രതിഷേധങ്ങൾ വിലക്കി ലോക്‌സഭാ സെക്രട്ടറി ജനറൽ നേരത്തെ നിർദേശം പുറത്തിറക്കിയിരുന്നു
ന്യൂഡൽഹി: പാർലമെന്റ് പരിസരത്ത് പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി ലോക്‌സഭാ സ്പീക്കർ ഓം ബിർല. വർഷങ്ങളായി ഇത്തരം സർക്കുലറുകൾ പുറത്തിറക്കുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷ കക്ഷികൾ വസ്തുതകൾ അറിയാതെ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും പ്രതിഷേധങ്ങൾക്ക് പാർലമെന്റ് പരിസരം ഉപയോഗിക്കരുതെന്നും എം.പിമാരോട് ഓം ബിർല ആവശ്യപ്പെട്ടു.
പാർലമെന്റ് വളപ്പിൽ പ്രതിഷേധങ്ങൾ വിലക്കി ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്തരവിറക്കിയതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. പാർലമെന്റിലും പരിസരത്തും പ്രതിഷേധമോ സത്യഗ്രഹമോ ധർണയോ പാടില്ലെന്നാണ് സർക്കുലറിൽ പറയുന്നത്. മതചടങ്ങുകൾ നടത്തുന്നതും വിലക്കിയിട്ടുണ്ട്. തിങ്കളാഴ്ച വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നടപടി.
കഴിഞ്ഞ ദിവസം 65 വാക്കുകൾക്ക് പാർലമെന്റിൽ വിലക്കേർപ്പെടുത്തിയിരുന്നു. അഴിമതിക്കാരൻ, ഏകാധിപതി, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, ഉൾപ്പെടെ 65 വാക്കുകൾ വിലക്കിയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് നിർദേശം പുറത്തിറക്കിയത്. അൺപാർലമെന്ററി വാക്കുകളെന്നു കാണിച്ചാണ് നടപടി. ഇതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പാർലമെന്റിൽ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയും ഉത്തരവിറങ്ങിയിരിക്കുന്നത്.
Summary: ''Refrain from making allegations without ascertaining facts'', Om Birla to opposition parties on ban on protest in Parliament precincts
Adjust Story Font
16