Quantcast

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ പ്രമേയം പാസാക്കി ഉമർ അബ്ദുല്ല മന്ത്രിസഭ

സംസ്ഥാന പദവി പുനഃസ്ഥാപിച്ചില്ലെങ്കിൽ പാർട്ടി മന്ത്രിസഭയിൽ ചേരില്ലെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞിരുന്നു.

MediaOne Logo

Web Desk

  • Updated:

    2024-10-18 09:19:44.0

Published:

18 Oct 2024 9:18 AM GMT

Omar Abdullah Cabinet Passes Resolution For Restoration Of Statehood In J&K
X

ശ്രീനഗർ: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനുള്ള പ്രമേയം പാസാക്കി മുഖ്യമന്ത്രി ഉമർ അബ്ദുല്ല മന്ത്രിസഭ. വ്യാഴാഴ്ച നടന്ന ആദ്യ യോഗത്തിൽ ജമ്മു കശ്മീർ മന്ത്രിസഭ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

'വിഷയത്തിൽ കരട് പ്രമയം തയാറാക്കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ഡൽഹിയിലേക്ക് പോവുകയും പ്രമേയം പ്രധാനമന്ത്രിക്ക് കൈമാറുകയും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും'- വൃത്തങ്ങൾ വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരി, മന്ത്രിമാരായ സക്കീന മസൂദ് ഇറ്റൂ, ജാവേദ് അഹമ്മദ് റാണ, ജാവൈദ് അഹമ്മദ് ദാർ, സതീഷ് ശർമ പങ്കെടുത്തു.

സംസ്ഥാന പദവി പുനഃസ്ഥാപിച്ചില്ലെങ്കിൽ പാർട്ടി ജമ്മു കശ്മീർ മന്ത്രിസഭയിൽ ചേരില്ലെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ജമ്മു കശ്മീരിന് സംസ്ഥാന പദവി കേന്ദ്രം ഉടൻ പുനഃസ്ഥാപിക്കുമെന്ന് എൻസി അധ്യക്ഷൻ ഫറൂഖ് അബ്ദുല്ല ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

'സംസ്ഥാന പദവിയെ കുറിച്ച് ഞങ്ങൾ മുമ്പും ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. രണ്ട് മാസത്തിനുള്ളിൽ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനുള്ള അപേക്ഷയിൽ വാദം കേൾക്കാമെന്ന് സുപ്രിംകോടതി സമ്മതിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ എത്രയും വേ​ഗം അത് പുനഃസ്ഥാപിക്കുമെന്ന് എനിക്കുറപ്പുണ്ട്'- ഫറൂഖ് അബ്ദുല്ല പറഞ്ഞു.

ആർട്ടിക്കിൾ 370ൻ്റെ വിഷയം നാഷണൽ കോൺഫറൻസ് ഉന്നയിക്കുമോ, നിയമസഭയിൽ അതിനെതിരെ പ്രമേയം പാസാക്കുമോ എന്ന ചോദ്യത്തിന്, തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കാൻ കോടതിയിൽ പോവേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

2019 ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സർക്കാർ, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. അതിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ആദ്യ സർക്കാരാണ് ഉമർ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ 90ൽ 42 സീറ്റുകൾ നേടി നാഷണൽ കോൺഫറൻസ് ഏറ്റവും വലിയ കക്ഷിയായപ്പോൾ സഖ്യകക്ഷികളായ കോൺഗ്രസും സിപിഎമ്മും യഥാക്രമം ആറും ഒന്നും സീറ്റ് വീതം നേടി. ബിജെപിക്ക് ആറ് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പിഡിപി മൂന്ന് സീറ്റുകൾ നേടിയപ്പോൾ ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് ഒരു സീറ്റും നേടി.

TAGS :

Next Story